ന്യൂഡൽഹി : മോദി സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്.പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനനുസരിച്ച് തന്നെ വിവിധമേഖലകളിൽ നിന്ന് പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.നാലുവർഷത്തിന് ശേഷം ജോലി ഇല്ലാതാകും എന്നാണ് പദ്ധതിക്കെതിരെ ഉയരുന്ന പ്രധാനവിമർശനം.എന്നാൽ ആനന്ദ് മഹീന്ദ്ര അടക്കുമുള്ള വ്യവസായികൾ പദ്ധതിക്ക് ഐക്യദാർഢ്യവുമായി അഗ്നിവീരർക്ക് ജോലി നൽകുമെന്ന് ഉറപ്പും നൽകിക്കഴിഞ്ഞു.ഇതിന് പുറമേ സർക്കാർ ജോലികളിലും അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.അപ്പോഴും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ നീ്ങ്ങിയിരുന്നില്ല.

ഇപ്പോഴിത പദ്ധതിയെക്കുറിച്ച് വിശദമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഡോവൽ തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞത്.
ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻഗണനയുടെ ഫലമാണ് അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഇന്ത്യയെ എങ്ങനെ ശക്തമാക്കാം എന്നതായിരുന്നു 2014ൽ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി മോദിയുടെ മുൻഗണനകളിലൊന്ന്.

രാജ്യസുരക്ഷ എന്നത് സ്ഥായിയായ ഒന്നല്ല അത് ചലനാത്മകമായ ഒരു പ്രക്രിയയാണ്, അഗ്‌നിപഥിനെ ആ വീക്ഷണത്തിൽ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞുഹ്രസ്വകാല കരാർ പദ്ധതി ഒരു ഒറ്റപ്പെട്ട ആശയമല്ലെന്നും യുദ്ധത്തിന്റെ സ്വഭാവം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഡോവൽ പറഞ്ഞു. 'സമ്പർക്കമില്ലാത്ത യുദ്ധങ്ങളിലേക്കാണ് പോകുന്നത്, നാളേക്ക് വേണ്ടി തയ്യാറെടുക്കണമെങ്കിൽ നമ്മൾ മാറണം,' അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്‌നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്‌നിവീരന്മാർ ഒരിക്കലും മുഴുവൻ സൈന്യത്തെയും രൂപീകരിക്കില്ലെന്നും ഡോവൽ പറഞ്ഞു.

പതിവായി മാറുന്ന അഗ്‌നിവീരന്മാർ ഒടുവിൽ തീവ്രമായ പരിശീലനത്തിന് വിധേയരാകുകയും ഒരു നിശ്ചിത കാലയളവിൽ അനുഭവം നേടുകയും ചെയ്യും. അഗ്‌നിപഥിലൂടെ യുവാക്കൾക്ക് രാജ്യത്തെ കാക്കാനുള്ള ആഗ്രഹവും പ്രചോദനവും പ്രതിബദ്ധതയും ഉണ്ടാവും. അഗ്‌നിപഥ് നടപ്പിലാക്കുന്നതോടെ സൈന്യത്തിലെ റെജിമെന്റുകൾ ഇല്ലാതാകും എന്ന പ്രചരണത്തെയും ഡോവൽ തള്ളിക്കളഞ്ഞു. റെജിമെന്റൽ സംവിധാനം അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോച്ചിങ് സെന്ററുകളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

അതേസമയം അഗ്‌നിപഥ് പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്‌നിപഥ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് സൈനികകാര്യ അഡീഷണൽ സെക്രട്ടറി ലെഫ്. ജനറൽ അനിൽപുരി പറഞ്ഞു.

സാങ്കേതികമായുള്ള അറിവ്, സൈന്യത്തിൽ ചേരാൻ വേണ്ടി ജനങ്ങളെ ആകർഷിക്കുക, വ്യക്തികളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നീ കാര്യങ്ങളാണ് അഗ്‌നിപഥ് പദ്ധതികളിൽ കൂടി ലക്ഷ്യമിടുന്നത്. അഗ്‌നിപഥ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

അഗ്‌നിപഥ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തീവെപ്പുകളിലും അക്രമ സംഭവങ്ങളിലും പങ്കാളികളായിട്ടില്ല എന്ന സത്യവാങ്മൂലം സമർപ്പിക്കണം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നേരത്തെ ഉണ്ടായിരുന്ന സൈനികരെ അഗ്‌നീവീർ സ്‌കീമിലേക്ക് മാറ്റും എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളിലും ഇത്തരം നിയമനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് പദ്ധതി. എന്നാൽ ഏറെ ആലോചിച്ചെടുത്ത തീരുമാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.