തെന്നിന്ത്യൻ സൂപ്പർതാരം തല അജിത്തിന്റെ 57ാംചിത്രം വിവേഗത്തിനായി കാത്തിരിക്കുകയാണ് ആരാധസമൂഹം. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വൻ വരവേല്പാണ് ലഭിച്ചത്. ആദ്യമായി സിക്സ് പായ്ക്കിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

റിലീസിനൊരുങ്ങുന്ന ചിത്രത്തിന മുന്നോടിയായി സാക്ഷാൽ തിരുപ്പതി ഭഗവാന്റെ അനുഗ്രഹം തേടി ദേവസ്ഥാനത്തെത്തിയിരിക്കുകയാണ് താരം. വെളുപ്പ് ഷർട്ടും മുണ്ടും ഉടുത്ത് സോൾട്ട ആൻ പെപ്പർ സ്‌റ്റൈലിൽ തന്നെയാണ് താരം എത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

തലയെ കണ്ട ആരാധകർ അദ്ദേഹത്തിനോടൊപ്പം ഫോട്ടോയെടുക്കാനും കൈ കൊടുക്കാനും അടുത്തെത്തി. ആരാധകർ ആരെയും നിരാശരാക്കാതെ കൈ കൊടുത്തും ഒപ്പം സെൽഫി ചിത്രങ്ങൾ പകർത്തിയതിനുശേഷമാണ് ക്ഷേത്ര ദർശനം പൂർത്തിയാക്കി അജിത് മടങ്ങിയത്.

അജിത്തിന്റെ 57-ാം ചിത്രമാണ് വിവേഗം. ആദ്യം തല 57 എന്ന പേരിലാണ് ചിത്രം അറിയപ്പെട്ടത്. പിന്നീടാണ് വിവേഗം എന്ന പേരിട്ടത്. ഇതുവരെയുള്ള തന്റെ ചിത്രങ്ങളിൽനിന്നും വ്യത്യസ്ത ഗെറ്റപ്പിലാണ് അജിത് ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.