- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ കസേരക്കയ്യിൽ കാൽ കയറ്റിവച്ചാൽ എന്താണു തെറ്റെന്നു ചോദ്യം; എന്നാൽ നീ തുണി ഉടുക്കാതെ നടന്നോ എന്ന് ജീവനക്കാരന്റെ മറുപടി; സെക്രട്ടറിയേറ്റിൽ ഇന്നലെ സംഭവിച്ചത്
തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ചയ്ക്ക് സെക്രട്ടേറിയറ്റിൽ എത്തിയ വനിത ഡോക്ടറെ ജീവനക്കാരൻ അവഹേളിച്ചെന്നു പരാതിയിൽ അന്വേഷണം നടത്തും.
ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് ക്ഷണിച്ചതനുസരിച്ച് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.അജിത്രയും മറ്റു ഭാരവാഹികളും ഉച്ചയ്ക്കു 12ന് സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെത്തി. സമര പന്തലിൽ നിന്നാണഅ ചർച്ചയ്ക്ക് എത്തിയത്. മുകളിലത്തെ നിലയിലെ ഓഫിസിൽ എത്തിയപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാനായിരുന്നു നിർദ്ദേശം. അജിത്രയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ സുഹൃത്തുക്കൾ ജ്യൂസ് വാങ്ങി നൽകി. ജ്യൂസ് കുടിച്ചു കസേരയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം.
കസേരയുടെ കൈപ്പിടിയിൽ ഇടതു കാൽ ചെറുതായി കയറ്റിവച്ചു ചാരി ഇരിക്കുകയായിരുന്നു അജിത്ര. അപ്പോഴാണ് ഒരു ജീവനക്കാരൻ വന്നത്. ഐഎഎസുകാരും ഉയർന്ന ഉദ്യോഗസ്ഥരും വരുന്ന സ്ഥലമാണെന്നും സ്ത്രീകൾ ഇങ്ങനെ ഇരിക്കാൻ പാടില്ലെന്നും പറഞ്ഞു. സ്ത്രീകൾ കസേരക്കയ്യിൽ കാൽ കയറ്റിവച്ചാൽ എന്താണു തെറ്റെന്നു അജിത്ര ചോദിച്ചു. എന്നാൽ നീ തുണി ഉടുക്കാതെ നടന്നോ എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
സ്ത്രീത്വത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് അജിത്ര അവിടെ നിലത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പ്രതിഷേധം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റി. പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ചും വിഷയം പരിശോധിക്കുന്നുണ്ട്. തൽകാലം പ്രശ്നങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് ഡോക്ടർമാരുടെ സംഘടനാ തീരുമാനം. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളിലേക്ക് ഈ വിഷയം എത്തില്ല.
സംസ്ഥാനത്ത് പിജി ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഡ്യൂട്ടിക്ക് കേറും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ഉറപ്പുകൾക്ക് പിന്നാലെയാണ് സമരം പിൻവലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയിൽ എത്രയും വേഗം തീരുമാനം ഉണ്ടാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജോലിഭാരം, ഡോക്ടർമാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും. അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡന്റ് അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാൻ പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചിരുന്നു. അഞ്ച് ദിവസം എമർജൻസി ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് തവണയാണ് ചർച്ചയ്ക്ക് വിളിച്ചത്.
ജോലി ഭാരം കണക്കിലെടുത്ത് റസിഡന്റ് മാനുവൽ നടപ്പാക്കാനും ബുദ്ധിമുട്ടുകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ