- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാൻ ലീക്കായതോടെ പൊട്ടിക്കൽ വേണ്ടെന്ന് പലതവണ മുന്നറിയിപ്പ് നൽകി; ഷെഫീഖിനെ ദുബായിലെ സംഘത്തിന് പരിചയപ്പെടുത്തിയതും ഷാഫിയുടെ അതിവിശ്വസ്തൻ; എല്ലാം പൊളിച്ചത് അർജുൻ ആയങ്കിയുടെ ആക്രാന്തം; അജ്മലിന്റെ കുറ്റസമ്മതം വിരൽ ചൂണ്ടുന്നത് പാർട്ടി ഗ്രാമങ്ങളിലെ കള്ളക്കടത്ത് ബന്ധം; രണ്ടും കൽപ്പിച്ച് കസ്റ്റംസും
കണ്ണൂർ: അർജുൻ ആയങ്കിയുടെ ആക്രാന്തവും എടുത്തുചാട്ടവും എല്ലാം തുലച്ചെന്ന് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റിലായ തെക്കെ പാനൂർ സ്വദേശി അജ്മലിന്റെ മൊഴി. അർജുൻ ആയങ്കിയും കൂട്ടാളികളുമായിരുന്ന പ്രണവ്, റെനീഷ് എന്നിവർ ചേർന്നാണ് മുഹമ്മദ് ഷെഫീഖിന്റെ കൈയിലുണ്ടായിരുന്ന 2.33 കിലോഗ്രാം കള്ളക്കടത്ത് സ്വർണം കരിപ്പൂർ വിമാനത്താളവത്തിൽ വന്നിറങ്ങുമ്പോൾ റാഞ്ചാൻ പദ്ധതിയിട്ടത്.
ഈ പ്ലാൻ ലീക്കായതിനെ തുടർന്ന് ഇതു ചെയ്യരുന്നതെന്ന് താൻ പലവട്ടം അർജുനോട് പറഞ്ഞതാണ്. ഈ മുന്നറിയിപ്പൊന്നും കേൾക്കാൻ അയാൾ തയ്യാറായില്ലെന്നും അജ്മൽ നൽകിയ മൊഴിയിൽ പറയുന്നു. ഷഫീഖിനെ ദുബൈയിലെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് വി.കെ അജ്മൽ സമ്മതിച്ചിട്ടുണ്ട്. ഇതിനായി ഒരുവട്ടം ദുബായിൽ പോയിട്ടുണ്ട്. ഷഫീഖിന്റെ കൈയിൽ നിന്നും സ്വർണം നഷ്ടപ്പെട്ടാൽ സ്വർണക്കടത്തു സംഘം തന്നെ സംശയിക്കുമെന്ന് പേടിച്ചിരുന്നതായി അജ്മൽ പറഞ്ഞു.
ഈക്കാര്യം സുഹൃത്തെന്ന നിലയിൽ പലതവണ അർജുനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അയാൾ ചെവികൊള്ളാൻ തയ്യാറായിരുന്നില്ലെന്നും അജ്മൽ പറഞ്ഞു. എന്നാൽ താൻ സ്വർണക്കടത്തു സംഘത്തിൽ നിന്നും കമ്മിഷൻ പറ്റിയിട്ടില്ലെന്നും അജ്മൽ പറഞ്ഞു. ഉമ്മ സക്കീനയുടെ ആധാർ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മൂന്ന് സിംകാർഡെടുത്തത്. ഇതു നൽകിയവർ ദുരുപയോഗം ചെയ്തുവെന്നും അജ്മൽ മൊഴിനൽകിയിട്ടുണ്ട്.
ദുബായിൽനിന്നുള്ള സ്വർണക്കടത്തിൽ 'മുഹമ്മദ്' എന്ന വ്യാജപ്പേരിൽ കാരിയർമാരെ ബന്ധപ്പെട്ടിരുന്നത് അജ്മലാണെന്ന് തെളിഞ്ഞു. ഒന്നാംപ്രതി മുഹമ്മദ് ഷെഫീഖിന്റെ ഫോൺരേഖകൾ പരിശോധിച്ചതിൽനിന്നാണ് അജ്മലാണ് 'മുഹമ്മദ്' എന്ന് വ്യക്തമായത്. ഇക്കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചു. ദുബായിൽനിന്നും 2.33 കിലോ കള്ളക്കടത്ത് സ്വർണവുമായി കോഴിക്കോട്ടെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖിന് സ്വർണം ലഭിച്ചത് ഒരു 'മുഹമ്മദ്' മുഖേനയായിരുന്നു. അർജുൻ ആയങ്കിയായിരുന്നു 'മുഹമ്മദി'നെ ഷെഫീഖിന് പരിചയപ്പെടുത്തിയത്. ഫോണിലൂടെ മാത്രമാണ് ഷെഫീഖിന് 'മുഹമ്മദി'നെ പരിചയം. ഇയാളാണ് ദുബായിലുള്ള സലീമിനെ പരിചയപ്പെടുത്തിയതും സലീം മുഖേന ഷെഫീഖിന് കള്ളക്കടത്തിനുള്ള സ്വർണം നൽകിയതും.
ഒന്നാം പ്രതി ഷെഫീഖിന്റെ ഫോൺ പരിശോധിച്ചതിൽനിന്നും 'മുഹമ്മദ്' എന്നപേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിന്റെ യഥാർഥ സിം ഉടമ പാനൂർ സ്വദേശിയായ വി.കെ. സക്കീനയാണെന്നും വ്യക്തമായി. കസ്റ്റംസ് ചോദ്യംചെയ്തപ്പോൾ മകൻ അജ്മലാണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്നായിരുന്നു മൊഴി. ഇതേത്തുടർന്നാണ് അജ്മലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ താനാണ് 'മുഹമ്മദ്' എന്ന് അജ്മൽ സമ്മതിച്ചു. അർജുൻ ആയങ്കിയുമായി ചേർന്ന് സ്വർണക്കടത്ത് നടത്തിയാൽ ജീവന് ഭീഷണിയുണ്ടായേക്കാമെന്ന് മുഹമ്മദ് ഷെഫീഖിന് മുന്നറിയിപ്പുനൽകിയിരുന്നതായും അജ്മൽ മൊഴിനൽകി. ഇതിനുപുറമേ അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ അജ്മൽ വെളിപ്പെടുത്തിയതായാണ് സൂചന.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെയും ടി.പി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുടെയും അടുത്ത കൂട്ടാളിയായാണ് 24 വയസുകാരനായ അജ്മൽ അറിയപ്പെടുന്നത്. സ്വർണം പൊട്ടിക്കൽ സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ സാമ്പത്തിക കുറ്റാരോപണ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിനിടെ കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് 19ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ റെയ്ഡു നടത്തിയിരുന്നുവെങ്കിലും ഒന്നാം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അർജുൻ ആയങ്കിയുടെ ഭാര്യയ്ക്കും മൂന്നാമത് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ അജ്മലുമായി ബന്ധമുള്ള പാനൂരിലെ ഡി.വൈ. എഫ്. ഐ ബ്ലോക്ക് നേതാവിനെയും സി.പി. എം പ്രവർത്തകരായ ചിലരെയും ഒരു പ്രവാസിയുവാവിനും കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന സൂചനയുണ്ട്.
പാർട്ടി ഗ്രാമങ്ങളിൽ സൈബർ പോരാളികൾക്കായി കസ്റ്റംസ് കയറിയിറങ്ങുന്നത് സി.പി. എമ്മിന് തലവേദനയായിട്ടുണ്ട്. സ്വർണക്കടത്ത്-ക്വട്ടേഷൻ കേസിൽ കസ്റ്റംസ് കുരുക്ക് മുറുക്കുമ്പോൾ ഇതുമായി ബന്ധമുള്ളവരെ പുറത്താക്കി തടിയൂരാൻ ശ്രമിക്കുകയാണ് സി.പി. എം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്