കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർ കുറ്റ്യാടി പാറക്കടവ് കേളോത്ത് അജ്മലി(23)ന്റെ മരണത്തിന് പിന്നിൽ പൊലീസുകാരൻ ഉൾപ്പെട്ട സംഘമോ? കൊലപാതക ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. അജ്മലിന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ സമിതി രൂപീകരിച്ചു. അജ്മലിന്റെ മൃതദേഹത്തിലെ മുറിവുകളും കാണാതായ രാത്രിയിൽ കല്യാണ വീടിനടുത്ത് വെച്ചുണ്ടായ സംഘർഷവുമാണ് നാട്ടുകാർ കൊലപാതകമാണെന്ന് തറപ്പിച്ച് വിശ്വസിക്കുന്നത്. ഒരു പൊലീസുകാരൻ ഉൾപ്പെടുന്ന സംഘമാണ് അജ്മലിനെ മർദിച്ചതെന്നും പെലീസ് ഇടപെട്ട് മുങ്ങിമരണം ആക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നുമാണ് ആക്ഷൻ സമിതിയുടെ പ്രധാന ആരോപണം.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന അജ്മലിനെ കാണാതാവുന്നത്. ഇത് സംബന്ധിച്ച് അജ്മലിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കുളത്തിൽ കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പരിശോധനയിൽ ഇത് അജ്മലിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. കാണാതാവുന്നതിനു മുമ്പ് അജ്മൽ ചിലരുമായി സംഘർഷത്തിലേർപ്പെട്ടിരുന്നെന്ന വിവരമാണ് മരണത്തിന് പിന്നിൽ ദുരൂത ഉണ്ടാവാൻ കാരണം. നാട്ടുകാർ കൊലപാതക സാധ്യത ആരോപിക്കാവൻ കാരണവും ഇതു തന്നെയാണ്.

കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറായ അജ്മൽ രാത്രി ബസ് നിർത്തി വരുന്ന വഴിക്ക് പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ബസ് ജീവനക്കാർ വിശ്രമിക്കുന്ന മുറിക്ക് സമീപം വെച്ച് സംഘർഷമുണ്ടായിരുന്നു. അജ്മലിന് മർദനം ഏൽക്കുകയും ചെയ്തു. ശബ്ദം കേട്ട്
ആ പ്രദേശത്ത് കല്യാണം നടക്കുന്ന ഒരു വീട്ടിൽ നിന്ന് ആളുകൾ ഇറങ്ങി വരികയും അവർ അജ്മലിനെ ഒരു ഓട്ടോയിൽ കയറ്റി അയക്കുകയുമായിരുന്നു. എന്നാൽ അജ്മൽ വഴിയിൽ ഇറങ്ങുകയും തന്നെ മർദിച്ചവരെ തിരിച്ചടിക്കും എന്ന് പറയുകയും ചെയ്തതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. പിന്നീട് അജ്മലിന്റെ ഒരു വിവരവും ഇല്ലായിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ആ വഴിയിൽ റോഡരികിൽ ഉള്ള ഒരു കുളത്തിൽ അജ്മലിന്റെ ബോഡി കണ്ടെത്തുകയായിരുന്നു.

ബോഡിയിൽ മുഖത്തും വയറിലും കഴുത്തിലും പരിക്കുകളുള്ളതായി നാട്ടുകാർ പറയുന്നു.എന്നാൽ സംഭവം മുങ്ങി മരണം ആണെന്നും ശരീരത്തിൽ പരിക്കുകൾ ഒന്നും ഇല്ല എന്നുമാണ് പൊലീസ് ഭാഷ്യം. ഈ രീതിയിൽ പൊലീസ് കൊടുത്ത വാർത്തയാണ് അടുത്ത ദിവസം മാധ്യമങ്ങളിലും വന്നത്. പൊലീസ് ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും അതിന്റെ ഭാഗമായാണ് തെറ്റായ വിവരങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് കൈമാറുന്നത് എന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൊലപാതക സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകമാണെന്ന വിശ്വാസത്തിൽത്തന്നെയാണ് നാട്ടുകാർ.

ഞായറാഴ്ച അജ്മലിന്റെ ചെരിപ്പ് കുളത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിങ്കളാഴ്ച മൃതദേഹം പൊങ്ങുകയായിരുന്നു. ഉടൻത്തന്നെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും താഹസിൽദാർ എത്തിയിട്ട് മൃതദേഹം പുറത്തെടുത്താൽ മതിയെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. തുടർന്ന് താഹസിൽദാർ സ്ഥലത്തെത്തിയതിന് ശേഷമാണ് മൃതദേഹം കരയിലേക്കെടുത്തത്.

നേരത്തെ കുറ്റ്യാടിയിലെ സന്നദ്ധസംഘടനയുടെ ആംബുലൻസിലെ ഡ്രൈവറായിരുന്നു അജ്മൽ. അടുത്തിടെയാണ് ബസിലെ ഡ്രൈവറായി ജോലിക്ക് കയറിയത്. അജ്മലിന്റെ മരണം കൊലപാതകമാണെന്ന വിശ്വാസത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ഇത് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മണിക്കൂറുകളോളം നാട്ടുകാരും സുഹൃത്തുക്കളും ദേശീയപാത ഉപരോധിച്ചിരുന്നു.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത് വെള്ളത്തിൽ മുങ്ങിയുള്ള ശ്വാസതടസമാണ് മരണകാരണമെന്നാണ്. മാത്രമല്ല അജ്മലിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളൊന്നും ഇല്ല. തൊലി ഉരിഞ്ഞ പാടുകൾ മാത്രമേ മൃതദേഹത്തിൽ കാണാനൊള്ളൂ. ഇത് കുളത്തിലേക്ക് വീണ സമയത്ത് സംഭവിച്ചതാവാം എന്നും പോസ്റ്റു മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് പൊലീസ് പറയുന്നു. എങ്കിലും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിച്ച് ഇല്ലാതാക്കണമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും സുഹൃത്തുക്കളും. ഇതിനായി വിപുലമായ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. അതേസമയംമരണത്തിലെ ദുരൂഹത ഇല്ലാതാക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു . പേരാമ്പ്ര സിഐ കെപി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.