- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റിന് സച്ചിനെപ്പോലെ സിനിമയ്ക്ക് ലാലേട്ടൻ; കൺഫ്യൂഷനായാൽ വിനീതിനെ വിളിക്കും; ഉള്ളിൽ തോട്ട് കിട്ടിയാൽ നിവിനെയും: അജു വർഗീസിന് പറയാനുള്ളത്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ്ബിലാണ് അജു വർഗീസിനെ നമ്മൾ ആദ്യം കാണുന്നത്. പിന്നീട് തട്ടത്തിൻ മറയത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തിലൂടെ അജുവിനെ കണ്ടു. പിന്നീട് പുണ്യാളൻ അഗർബത്തീസും പെരുച്ചാഴിയുമൊക്കെ കടന്ന് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന വെള്ളിമൂങ്ങയിലെത്തുമ്പോഴേക്കും മലയാള സിനിമയ്ക്ക് ഒഴിവാക്കാന
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ്ബിലാണ് അജു വർഗീസിനെ നമ്മൾ ആദ്യം കാണുന്നത്. പിന്നീട് തട്ടത്തിൻ മറയത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തിലൂടെ അജുവിനെ കണ്ടു. പിന്നീട് പുണ്യാളൻ അഗർബത്തീസും പെരുച്ചാഴിയുമൊക്കെ കടന്ന് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന വെള്ളിമൂങ്ങയിലെത്തുമ്പോഴേക്കും മലയാള സിനിമയ്ക്ക് ഒഴിവാക്കാനാകാത്ത താരമായി അജു മാറിക്കഴിഞ്ഞിരിക്കുകയാണ്.
സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഴുനീള കഥാപാത്രങ്ങളായി അഭിനയിക്കാനും അജുവിന് കഴിഞ്ഞു. ഈ സന്തോഷങ്ങളെല്ലാം പങ്കുവയ്ക്കുകയാണ് അജു വർഗീസ്. സിനിമാലോകത്ത് അജുവിന് മുന്നിൽ റൂട്ട് ക്ലിയറായോ? 'വനിത'യ്ക്ക് അജു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്...
കല്യാണ നിശ്ചയം കഴിഞ്ഞ സമയത്താണ് പ്രൊഡ്യൂസർ സാന്ദ്ര തോമസിന്റെ കോൾ കിട്ടിയതെന്ന് അജു പറയുന്നു. 'ലാലേട്ടനോടൊപ്പം ഒരു പ്രോജക്ട് ഉണ്ട്. അമേരിക്കയിലാണ് ഷൂട്ടിങ്. അജൂന് കല്യാണത്തിരക്കായതുകൊണ്ട് ബുദ്ധിമുട്ടാവുമോ? ''ഹേയ് ഒരു ബുദ്ധിമുട്ടുമില്ല, കല്യാണം വേണമെങ്കിൽ മാറ്റി വയ്ക്കാം'' എന്ന് ഞാൻ വിശാലമനസ്‌കനായി. എന്തായാലും കല്യാണം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയത്. ലോസാഞ്ചലസിലേക്ക് വിമാനം കയറുമ്പോഴേ തീരുമാനിച്ചിരുന്നു. തിരിച്ച് പോരും മുമ്പ് ലാലേട്ടന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങണം. സിനിമയിൽ കൂടുതൽ സീനുകളിൽ അണിയുന്ന വെള്ള ഖദർ ഷർട്ടിൽ തന്നെ വേണം കയ്യൊപ്പ് വാങ്ങാൻ.'
ക്രിക്കറ്റിനു സച്ചിൻ ടെൻഡുൽക്കർ എന്ന പോലെയാണ് സിനിമയ്ക്ക് ലാലേട്ടനെന്ന് അജു പറയുന്നു. ഓട്ടോഗ്രാഫ് കിട്ടിയ സംഭവം അജു വിവരിക്കുന്നതു കേൾക്കാം: ഒരു ദിവസം രാത്രി ഒരു തെരുവിലെ മങ്ങിയ വെളിച്ചത്തിൽ ലാലേട്ടന്റെ സീൻ ഷൂട്ട് നടക്കുകയാണ്. ഞാൻ അദ്ദേഹത്തിന്റെ മുഖം കാണാൻ പാകത്തിൽ ഒരു ഭാഗത്ത് എന്നെത്തന്നെ പൊസിഷൻ ചെയ്തു ചുമ്മാ നിന്നു. ദൈവം ക്രിക്കറ്റ് കളിക്കാനായി മാത്രം സച്ചിനെ സൃഷ്ടിച്ചതുപോലെ അഭിനയത്തിനു വേണ്ടി മാത്രം ഉണ്ടാക്കിയ ഉദാത്ത സൃഷ്ടിയല്ലേ അദ്ദേഹം. അടുത്തു നിൽക്കുമ്പോൾ എന്തെങ്കിലുമൊക്കെ എനിക്കും കിട്ടുന്നെങ്കിൽ കിട്ടട്ടെ.
അപ്പോൾ അതാ അദ്ദേഹം അടുത്തേയ്ക്ക് വിളിക്കുന്നു. 'മോനേ എന്താ നിന്റെ ടീഷർട്ടിൽ എഴുതിയിരിക്കുന്നത്?' ഞാൻ നോക്കുമ്പോൾ 'ഐ ലവ് ലാ' എന്നൊരു വാചകമാണ്. അദ്ദേഹം പേനയെടുത്ത് ലായുടെ അടുത്ത് ഒരു 'എൽ' കൂടി ചേർത്ത് 'ലാൽ' എന്നാക്കി 'ഇതിലല്ലേ ഒരു പൂർണ്ണത?' എന്നൊരു ചോദ്യം. 'തട്ടത്തിൽ മറയത്തിലെ' ഡയലോഗ് ആണ് അപ്പോൾ ഓർമ്മ വന്നത്. 'നമ്മുടെ പ്രാർത്ഥന നമ്മൾ മറന്നാലും ദൈവം മറക്കൂല'.
കാശിനുവേണ്ടിയല്ല, പകരം പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള വേദിയായാണ് അജുവിന് സിനിമാലോകം. വിനീത് ശ്രീനിവാസനെക്കുറിച്ചും നിവിൻ പോളിയെക്കുറിച്ചുമൊക്കെ അജുവിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ''കൺഫ്യൂഷൻ അടിച്ച് ഇരിക്കുമ്പോൾ വിനീതിനെയാണ് വിളിക്കുക, ഒരു തീരുമാനം പറയാൻ. ആദ്യ സിനിമയുടെ ഡയറക്ടർ എന്ന ഒറ്റക്കാരണം കൊണ്ട് അവനോട് എവിടെയോ ഒരു പൊടി ബഹുമാനം കിടപ്പുണ്ട്. ഈ ഗുരുസ്ഥാനം എന്നൊക്കെ പറയില്ലേ അതു തന്നെ. പക്ഷേ നിവിനോട് അങ്ങനെയല്ല. ഉള്ളിൽ ഒരു തോട്ട് കിട്ടിയാൽ പെട്ടന്ന് ഷെയർ ചെയ്യുന്നത് നിവിനോടായിരിക്കും. ഒരുപാട് കാശുണ്ടാക്കാനുള്ള അല്ലെങ്കിൽ ഒരുപാട് പഠിക്കാനുള്ള സ്ഥലമായി സിനിമയിലെ നമ്മൾ തൽക്കാലം കാണുന്നില്ല. പകരം പുതിയ ഫോൺ കിട്ടിയാൽ നമ്മൾ അതിന്റെ ഓരോ ഓപ്ഷൻസ് എടുത്ത് എക്‌സ്‌പെരിമെന്റ് ചെയ്യില്ലേ? അതുപോലെ പോകണം എന്നു ഞങ്ങൾ തീരുമാനിച്ചു. സിനിമയിൽ വ്യക്തമായ ഫോക്കസ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം നിവിനും കൂടിയാണ്.''
സിനിമാലോകത്ത് തന്റെ വണ്ടിയും ഓടുന്നതിനെക്കുറിച്ച് അജുവിന് എന്താകും പറയാനുണ്ടാകുക.. അതുകൂടി കേൾക്കാം.. ''വലിയ സിനിമകൾക്ക് ആളുകൾ കയറുന്നത് നായകന്റെ സൂപ്പർ പെർഫോർമൻസ് കാണാൻ തന്നെയാണ്. പക്ഷേ കറിയിൽ ഉപ്പു ചേരുന്നതുപോലെ സഹനടൻ ജനങ്ങളുടെ സന്തോഷം കൂട്ടുന്നുണ്ട്. ഞാനുണ്ടാക്കിയ നൂറു രൂപ വീട്ടിൽ കൊടുത്താൽ അതു തീരുന്നതുവരെയെങ്കിലും ജോലി ചെയ്യരുത് എന്നായിരുന്നു പണ്ട് എന്റെ തിയറി. പക്ഷേ സിനിമ എല്ലാം മാറ്റി. ഈ ജോലി അത്രയധികം ഇഷ്ടപ്പെടുന്നതുകൊണ്ടാകാം എല്ലാം മറന്ന് മുഴുകുന്നത്. ഞാൻ ആരാധിക്കുന്ന താരങ്ങളുടെ വശം ചേർന്ന് എന്റെ വണ്ടിയും ഓടിക്കാനാവുന്നുണ്ട്. ഇപ്പോൾ നല്ല മൈലേജ് ഉണ്ട്. കുറെ ഓടിക്കഴിഞ്ഞ് ബ്രേക്ഡൗൺ ആയാലും വിഷമം ഇല്ല. ഓടിയ ദൂരം നന്നായി ഓടിയല്ലോ''- അജു വർഗീസ് പറയുന്നു.