- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരക്കുറവും നീളക്കുറവും പിന്നെ പോളിമർ ഹാൻഡ് ഗാർഡുകളുള്ള മോസ്റ്റ് മോഡേൺ അസാൾട്ട് റൈഫിൾ; അതിർത്തിയിലെ പർവ്വതനിരകളിലെ മരം കോച്ചുന്ന തണുപ്പിലും പൊടിയിലും ജാമായിപ്പോകുന്ന ഇൻസാസിനെ ഇനി അധിക നാൾ ആശ്രയിക്കേണ്ടി വരില്ല; ഒരു മിനിറ്റിൽ 600 വെടിയുണ്ടകളെ ഉതിർക്കാനാകുന്ന എകെ-203 റൈഫിൾ നിർമ്മാണം ഇനി ഇന്ത്യയിൽ; തദ്ദേശീയമായി നിർമ്മിക്കുന്ന എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പ് ഇന്ത്യൻ സൈന്യത്തിന് നൽകുക അധിക ആത്മവിശ്വാസം
ന്യൂഡൽഹി: ഇനി അത്യാധുനിക എകെ-203 റൈഫിൾ ഇന്ത്യയിൽ നിർമ്മിക്കും. ഇതിനുള്ള റഷ്യയുമായി കരാർ ഇന്ത്യ ഒപ്പിടുന്നത് അതിർത്തിയിലെ സംഘർഷങ്ങൾ കൂടി തിരിച്ചറിഞ്ഞാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റഷ്യ സന്ദർശന വേളയിലാണ് എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പായ എകെ-203 റൈഫിൾ നിർമ്മിക്കുന്നതിനുള്ള നിർണായക കരാറിൽ ഇന്ത്യ ഒപ്പിട്ടത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിക്കുന്ന എകെ-203 റൈഫിൾ യുപിയിലെ അമേഠിയിൽ 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കോർവ ഓർഡനൻസ് ഫാക്ടറിയിൽ നിന്നാകും പുറത്തിറങ്ങുക.
ചൈനയും പാക്കിസ്ഥാനം വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് കരസേനയ്ക്കു കരുത്താകാൻ അത്യാധുനിക തോക്കുകളുടെ നിർമ്മാണം. 7.7 ലക്ഷം എകെ-203 റൈഫിളുകളാണ് ഇന്ത്യൻ സൈന്യത്തിന് ആവശ്യമായിട്ടുള്ളത്. ഇതിൽ ഒരു ലക്ഷം എണ്ണം ഇറക്കുമതി ചെയ്യാനും ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുമാണ് തീരുമാനം. ലോകത്തിൽ നിലവിൽ ഏറ്റവും മാരകമായ ആക്രമണായുധമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് അത്യാധുനിക എകെ-203 റൈഫിൾ.
ഇപ്പോൾ ഇന്ത്യൻ സൈന്യം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റത്തിലെ (ഐഎൻഎസ്എഎസ്) 5.56ഃ45 എംഎം റൈഫിളുകൾക്ക് പകരമായിരിക്കും എകെ-203 റൈഫിൾ. ഒരു മിനിറ്റിനുള്ളിൽ 600 വെടിയുണ്ടകൾ പായിക്കാനുള്ള കഴിവ് കലാഷ്‌നിക്കോവ് കമ്പനി നിർമ്മിക്കുന്ന അത്യാധുനിക റൈഫിളുകൾക്കുണ്ട്. 1100 ഡോളറാണ് ഓരോ റൈഫിളിനും ചെലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കൈമാറ്റത്തിനും നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനും ഉൾപ്പെടെ വരുന്ന ചെലവാണ് ഇതെന്നാണ് റിപ്പോർട്ട്.
അത്യാധുനിക എകെ 203 റൈഫിളുകളുടെ സംയുക്ത നിർമ്മാണത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുന്നതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ഇവയുടെ നിർമ്മാണം. ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത അസാൾട്ട് റൈഫിളാണ് ഇൻസാസ്. എന്നാൽ, യുദ്ധമുഖത്തെ വിപരീത സാഹചര്യങ്ങളിൽ, വിശേഷിച്ചും അതിർത്തിയിലെ പർവ്വതനിരകളിൽ സാധാരണമായ മരം കോച്ചുന്ന തണുപ്പിലും പൊടിയിലും, അത് ജാമായിപ്പോകും. എന്നുമാത്രമല്ല, തണുപ്പേറുന്നതോടെ അതിന്റെ പ്രവർത്തനത്തിലും ഇടയ്ക്കിടെ കൃത്യതക്കുറവുണ്ടാകും. ഈ രണ്ടു പ്രശ്‌നങ്ങളും അതിജീവിക്കാനാണ് പുതിയ ആയുധ നിർമ്മാണം.
2019 മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠിയിലെ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്. മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രതിരോധമേഖലയിലെ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്ന കൂട്ടത്തിൽ, കലാഷ്നിക്കോവ് അസാൾട്ട് റൈഫിളുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റവും സാധ്യമായത്. ഏകദേശം ഏഴു ലക്ഷത്തോളം എ കെ 203 റൈഫിളുകളാണ് അമേഠിയിലെ ഫാക്ടറിയിൽ നിർമ്മിക്കപെടാൻ പോകുന്നത്. നിർമ്മാണവും, ഉത്പന്നത്തിന്റെ പ്രവർത്തനവും തൃപ്തികരമാകുന്ന പക്ഷം, നയതന്ത്രസൗഹൃദമുള്ള രാജ്യങ്ങളിലേക്ക് ഈ തോക്ക് കയറ്റിയയക്കുന്നതിനെപ്പറ്റിയും ആലോചനകൾ നടക്കുന്നുണ്ട്. ഇന്ത്യയുടെ ഓർഡനൻസ് ഫാക്ടറി ബോർഡ്(OFB), റഷ്യൻ സൈന്യത്തിന്റെ Rosoboronexport, കലാഷ്നിക്കോവ് ഗ്രൂപ്പിന്റെ പേറ്റന്റ് കൈവശമുള്ള Rostec എന്നിവർക്കിടയിലാണ് ഇപ്പോൾ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കപ്പെട്ടിട്ടുള്ളത്.
1998 മുതൽ ഇന്ത്യൻ സൈനികർ ഉപയോഗിക്കാൻ വിധിക്കപ്പെട്ടിട്ടുള്ളത് ഇൻസാസ് റൈഫിളുകളാണ്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ അടക്കമുള്ള ആഭ്യന്തരകലാപാനിയന്ത്രണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പാരാമിലിട്ടറി സൈനികരുടെ കയ്യിൽ പലപ്പോഴും നിലവാരം കുറഞ്ഞ അസാൾട്ട് റൈഫിളുകളാണ് ഉണ്ടാവാറുള്ളത്. അതേസമയം അവരെ വധിക്കാൻ തക്കം പാർത്ത് പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളുടെ കയ്യിൽ ഏറ്റവും പുതിയ എകെ 47 യന്ത്രത്തോക്കുകളും. നമ്മുടെ ഇൻസാസ് യന്ത്രത്തോക്കുകൾ ഉപയോഗിച്ചിട്ടുള്ള നേപ്പാളീസ് ആർമിയും തോക്കിന്റെ മോശം പെർഫോമൻസിനെ പഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ പുതിയതായി നിർമ്മിക്കപ്പെടാൻ പോകുന്ന എകെ 203 ഇന്ത്യൻ നിർമ്മിത യന്ത്രത്തോക്കുകളുടെ എല്ലാ പരിമിതികളെയും അതിജീവിക്കുന്ന, അതേ സമയം ഭാരക്കുറവുള്ള, നീളക്കുറവുള്ള, പോളിമർ ഹാൻഡ് ഗാർഡുകളുള്ള ഒരു മോസ്റ്റ് മോഡേൺ അസാൾട്ട് റൈഫിൾ തന്നെയായിരിക്കും.
നാറ്റോ ഗ്രേഡ് 7.62 mmx39mm വെടിയുണ്ടയാണ് ഈ തോക്കിൽ നിറക്കേണ്ടി വരിക. അത് സാധാരണ ഉപയോഗിക്കുന്ന 5.56mm വെടിയുണ്ടയേക്കാൾ ആഘാതമുണ്ടാക്കുന്നതാവും. ഒരു മിനിറ്റിൽ 600 വെടിയുണ്ടവരെ ഉതിർക്കാൻ ഈ യന്ത്രത്തോക്കിനാകും. അതായത് ഒരു സെക്കൻഡിൽ 10 ഉണ്ട. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു മോഡുകളിൽ ഈ യന്ത്രത്തോക്ക് പ്രവർത്തിക്കും. GP-34 ഗ്രനേഡ് ലോഞ്ചറുകളും, ബയണറ്റും ഘടിപ്പിക്കാനുള്ള സൗകര്യവും ഈ റൈഫിളിലുണ്ടാകും.
ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭമാകും ഇവ നിർമ്മിക്കുക. ഇന്ത്യയുടെ ഓർഡനൻസ് ഫാക്ടറിയും കലാഷ്നിക്കോവ് കൺസേണും റോസോബോൺ എക്സ്പോർട്ട്സും ചേർന്നാണ് റൈഫിൾ കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചിരിക്കുന്നത്. 50.50 ശതമാനം ഓഹരി ഓർഡനൻസ് ഫാക്ടറിക്കാണ്. ബാക്കിയിൽ 42 ശതമാനം കലാഷ്നിക്കോവ് ഗ്രൂപ്പിനും 7.5 ശതമാനംറോസോബോൺ എക്സ്പോർട്ട്സിനും.
ഏല്ലാ കാലാവസ്ഥയിലും സാഹചര്യങ്ങളിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസോൾട്ട് റൈഫിളാണ് എകെ-203. കാശ്മീർ മേഖലയിലുൾപ്പെടെ ശത്രുക്കളെ വകവരുത്തേണ്ട സന്ദർഭം കൂടി വരികയാണ്. വടക്കുകിഴക്കൻ മേഖലകളിലെ ഭീകരഭീഷണിയും അതുപോലെ നക്സൽ ഭീഷണിയും എല്ലാം ശക്തമാകുന്നു. എന്നാൽ മികച്ച ആയുധം ഇല്ലാത്തത് ഇത്തരം ഏറ്റുമുട്ടലുകളിൽ സൈനികരുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യത കൂട്ടുന്നു എന്ന ആക്ഷേപമാണുള്ളത്. ഇൻസാസിൽ ഒരു മാഗസിൻ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർക്കാം. 400 മീറ്ററാണ് പരിധി. പക്ഷേ, ഒന്ന് താഴെ വീണാൽ ഇത് പിന്നെ ശരിയാവിധത്തിൽ പ്രവർത്തിക്കില്ല. മാത്രമല്ല, ഭാരവും കൂടുതലാണ് ഇൻസാസിന്. മാഗസിൻ ഇല്ലാതെ തന്നെ 4.15 കിലോയാണ് ഭാരം. അതിനാൽ ഇതുകൊണ്ടുപോകുന്നത് പോലും വിഷമകരമാണ്. അതേസമയം, എകെ-203 ഏറെ പുതുമകളും സൗകര്യങ്ങളും ഉള്ള ആയുധമാണ്.
വളരെ വേഗം ഭാഗങ്ങൾ വേർപെടുത്താനും ഘടിപ്പിക്കാനും കഴിയും. ഇതെല്ലാമാണ് എകെ-203ന്റെ പ്രധാന മേന്മകൾ. 7.62 മില്ലീമീറ്റർ വെടിയുണ്ടകളാണ് ഉപയോഗിക്കുക. നാറ്റോ ഗ്രെയ്ഡായ എകെ-203 റൈഫിൾ ഈ ശ്രേണിയിലെ ഏറ്റവും ആധുനികമായ തോക്കാണ്. ഒരു മിനിറ്റിൽ 600 വെടിയുണ്ടകൾ വരെ ഉതിർക്കാൻ ശേഷിയുള്ളതിനാൽ മാരക പ്രഹരശേഷിയാണ് ഇതിനുള്ളതെന്ന് പ്രതിരോധ വിദഗ്ധരും വ്യക്തമാക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് എകെ-203 ഇന്ത്യയിൽ നിർമ്മിക്കുന്നത്.