- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതി ഫണ്ടുകൾ ഒഴുകിയത് മന്ത്രിപുത്രന്റെ ബിനാമിയുടെ അക്കൗണ്ടിൽ; ഡിവൈഎഫ് ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണയ്ക്കും കോളടിച്ചു; ക്ഷേമ ഫണ്ട് തട്ടിപ്പിൽ പുറത്തു വരുന്നത് അഴിമതിയുടെ നാറുന്ന വിവരങ്ങൾ; ആ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചുവോ? മുൻ മന്ത്രി ബാലനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: കോർപറേഷനിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചത് വിവാദത്തിലേക്ക്. പിന്നാക്കവിഭാഗത്തിന്റെ ക്ഷേമത്തിനായി ഇടത് സർക്കാർ അനുവദിച്ച തുകയിൽനിന്ന് ലക്ഷങ്ങൾ പോയത് സിപിഎം മുൻ മന്ത്രിയുടെ മകന്റെയും ഡിവൈഎഫ്ഐ നേതാവിന്റെയും അക്കൗണ്ടുകളിലേക്കാണെന്നാണ് ആരോപണം. ഈ കേസിൽ അന്വേഷണം അവസാനിപ്പിച്ചെന്നാണ് സൂചന. വമ്പൻ സ്രാവുകളെ ഒഴിവാക്കി പരൽമീനുകളുടെ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ടാകും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കുക എന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഗുണഭോക്താക്കളുടെ പരാതിയെ തുടർന്ന് പട്ടികജാതി വികസന ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ജൂലൈ എട്ടിന് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സീനിയർ ക്ലർക്ക് ആർ.യു. രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുമാസം ഡൽഹിയിൽ ഒളിവിൽ കഴിഞ്ഞ രാഹുൽ പാർട്ടി നിർദ്ദേശപ്രകാരം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് പൊലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. കേസ് ക്രൈംബ്രാഞ്ചിൽ എത്തിയിട്ടും ആരോപണവിധേയരായ പ്രതിൻസാജ് കൃഷ്ണക്കെതിരെയും മന്ത്രിപുത്രനെതിരെയും തട്ടിപ്പിന് കൂട്ടുനിന്ന പ്രമോട്ടർ രാഹുൽ രവിക്കെതിരെയും കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് ഉയരുന്ന ആരോപണം. ഒന്നാം പിണറായി സർക്കാരിൽ എകെ ബാലന്റേതായിരുന്നു പട്ടികജാതി ക്ഷേമ വകുപ്പ്. അതുകൊണ്ട് തന്നെ ഈ അഴിമതിയിൽ ബാലൻ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
രാഹുൽ അന്ന് പൊലീസിനോട് രണ്ട് പേരുകൾ വെളിപ്പെടുത്തി. അതിൽ ഒന്ന് സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ പ്രതിൻ സാജ് കൃഷ്ണയുടെയും മറ്റൊന്ന് ഒന്നാം പിണറായി സർക്കാറിലെ പ്രമുഖ മന്ത്രിയുടെ പുത്രന്റേതുമാണ്. ഇരുവരും ചേർന്ന് പ്രമോട്ടറായ രാഹുൽ രവിയുടെ സഹായത്തോടെ 86 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് അന്വേഷണസംഘത്തിന് നൽകിയ മൊഴി. കണ്ണൂരിലെ എട്ട് അക്കൗണ്ടുകളിലേക്കാണ് ഈ പണത്തിന്റെ നല്ലൊരു ശതമാനവും പോയത്. ഇതിൽ ആറ് അക്കൗണ്ടുകൾ മന്ത്രിപുത്രന്റെ ബിനാമികളുടേതും രണ്ടെണ്ണം പ്രതിൻ സാജിന്റെ ബിനാമികളുടേതുമാണ്. ഡോക്ടറായ അമ്മയുടെ മകനാണ് ഈ തട്ടിപ്പിലെ പ്രധാനിയെന്നാണ് ഉയരുന്ന വാദം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കോർപറേഷനിൽ പിന്നാക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അനുവദിച്ച കോടികളിൽ 76 ലക്ഷം രൂപയുടെ ക്രമക്കേടാണ് മ്യൂസിയം പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, വകുപ്പുതല ഓഡിറ്റിൽ ഒന്നരക്കോടിക്ക് മുകളിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പാർട്ടി നിർദ്ദേശപ്രകാരം പട്ടികജാതി വികസന ഓഫിസിലെ സീനിയർ സൂപ്രണ്ട് അടക്കം പ്രതികൾക്കായി ഒത്തുകളിച്ച് തയാറാക്കിയതാണ് നിലവിലെ ഓഡിറ്റ് റിപ്പോർട്ടെന്ന് കണ്ടെത്തിയതെന്നും മാധ്യമം പറയുന്നു.
മൂന്ന് വർഷം മുമ്പ് വിജിലൻസ് പരിശോധനയിലും തുടർപരിശോധനയിലും യാതൊരു തട്ടിപ്പുമില്ലെന്ന് ബോധ്യപ്പെട്ട അക്കൗണ്ടുകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഭൂരിഭാഗം സ്ഥലത്തും പരാമർശിച്ചിട്ടുള്ളത്. ഓഡിറ്റ് റിപ്പോർട്ടിന്മേലുള്ള വകുപ്പിന്റെ തുടർപരിശോധനയിൽ ഇവയെല്ലാം വീണ്ടും സുതാര്യമെന്ന് കണ്ടെത്തുന്നതോടെ പ്രതിചേർക്കപ്പെട്ടവർ കുറ്റക്കാരല്ലെന്നും കോർപറേഷനിലെ എല്ലാ നടപടികളും സുതാര്യമാണെന്നും വരുത്തിത്തീർക്കാനുള്ള അവസരമാണ് പട്ടികജാതി വകുപ്പിലെ സീനിയർ സൂപ്രണ്ട് ജി. ബാഹുലേയന്റെ നേതൃത്വത്തിലുള്ള ഓഡിറ്റ് സംഘം ഇടത് ഭരണസമിതിക്ക് മുന്നിൽ തുറന്നിട്ടത്. ഓഡിറ്റ് റിപ്പോർട്ടിൽ ഒരിടത്തും ഉദ്യോഗസ്ഥരുടെ ബാധ്യത നിശ്ചയിച്ചിട്ടില്ല.
തട്ടിപ്പിന് കൂട്ടുനിന്നെന്ന് ബോധ്യമുള്ള സിപിഎം അനുകൂല സംഘടനാ നേതാക്കളെയും റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി. ഇവർക്ക് പകരം കീഴ്ജീവനക്കാരെയാണ് പ്രതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പഠനമുറി, വിദേശ പഠനസഹായം, വിവാഹ ധനസഹായം അടക്കം പദ്ധതികളിൽ പണം ലഭിച്ചത് യഥാർഥ ഗുണഭോക്താക്കൾക്കാണെന്ന് ബോധ്യപ്പെട്ടിട്ടും പൊതുജനത്തിന്റെയും പ്രതിപക്ഷത്തിന്റെയും കണ്ണിൽ പൊടിയിടാനാണ് ഈ അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് ഓഡിറ്റ് വിഭാഗം ശിപാർശ ചെയ്തത്. കേസിൽ മുഖ്യ പ്രതിയായ സീനിയർ ക്ലർക്ക് ആർ.യു. രാഹുൽ പണം തിരിമറി നടത്താൻ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകളാണ് റിപ്പോർട്ടുകളിൽ പലയിടത്തും ചൂണ്ടിക്കാണിച്ചത്.
എന്നാൽ, കോടികൾ ഒഴുകിയ 20 വ്യാജ അക്കൗണ്ടുകളെ സംഘം തന്ത്രപൂർവം കണ്ടില്ലെന്ന് നടിച്ചു. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ മതിയായ രേഖകളില്ലാതെയാണ് 'മലയം മലവിള സ്ത്രീശക്തി' യൂനിറ്റിലെ 12 അംഗങ്ങൾക്ക് തുണി സഞ്ചി, ബിഗ്‌ഷോപ്പർ പ്രോജക്ടിനായി ഏഴരലക്ഷം അനുവദിച്ചതെന്ന് കണ്ടെത്തിയ ഓഡിറ്റ് സംഘം, വ്യാജ രേഖകൾ ചമച്ച് 15 ലക്ഷം തട്ടിയ പട്ടത്തെയും വേറ്റിക്കോണത്തെയും സ്വയംസഹായസംഘങ്ങളെ സംബന്ധിച്ചും സംഘം രൂപവത്കരിക്കാൻ ഓഫിസിൽ നൽകിയ വ്യാജരേഖകളെയും സീലുകളെയും സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ലെന്നും മാധ്യമം വാർത്ത പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ