മുംബൈ : കോടീശ്വരനായ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയറിന് പറക്കാൻ അനുമതി. ഡിജിസിഎയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ഇന്ന് ലഭിച്ചു. ഈ മാസാവസാനത്തോടെ, ആകാശ എയർ പറന്നുതുടങ്ങും. ചെലവ് കുറഞ്ഞ എയർലൈന് സിവിൽ ഏവിയേഷൻ രംഗത്തെ പ്രബലരായ വിനയ് ദുബെയും ആദിത്യ ഗോഷും പിന്തുണ നൽകിയിട്ടുണ്ട്. വൈകാതെ രണ്ട് ബോയിങ് 737 മാക്‌സ് വിമാനങ്ങൾ സ്വന്തമാക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ഉടൻ ആരംഭിക്കും.

എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയർ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്നും എയർലൈൻ ട്വീറ്റ് ചെയ്തു. 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.

ആകാശ എയർലൈൻ ഇതിനകം 72 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. അതിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം 53 വിമാനങ്ങൾ ഉയർന്ന ശേഷിയുള്ള ബോയിങ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തിൽ അധിക ലെഗ് സ്‌പേസുള്ള സീറ്റുകൾ ഉണ്ടായിരിക്കും. ഇതിൽ ഒരു ഫ്‌ളൈറ്റ് ഇതിനകം ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം, ആകാശ എയർ, ജീവനക്കാർക്കുള്ള യൂണിഫോം പുറത്തിറക്കി. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആകാശ എയർ. 72 ബോയിങ് 737 മാക്സ് വിമാനങ്ങൾ വാങ്ങാൻ കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യ വിമാനം ലഭിച്ചു കഴിഞ്ഞു.

ജീവനക്കാർക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം ആണ് എയർലൈൻ നൽകിയിരിക്കുന്നത്. ട്രൗസറുകൾ, ജാക്കറ്റുകൾ, ഭാരം കുറഞ്ഞ ഷൂസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ റീസൈക്കിൾ ചെയ്ത റബ്ബർ ഉപയോഗിച്ചാണ് ഷൂ സോൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ റീസൈക്കിൾ ചെയ്ത പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങളാണ് യൂണിഫോമിനായി ഉപയോഗിച്ചിരിക്കുന്നത്.

ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ് ജാക്കറ്റുകളും ട്രൗസറുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ബന്ദ്ഗാല ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.