ദുബായ്: യാത്രാവിമാനങ്ങൾ വാങ്ങാനായി രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർലൈൻസ് 900കോടി ഡോളറിന്റെ ഓർഡർ ബോയിങ് കമ്പനിക്ക് നൽകിയതായി റിപ്പോർട്ടുകൾ കരുത്ത് പകരുന്നത് ഇന്ത്യൻ വ്യോമയാന മേഖയ്ക്ക്. 72 ബോയിങ് 732 മാക്‌സ് ജെറ്റ് വാങ്ങാനാണ് ആകാശ് ഇത്രയും പണം മുടക്കുന്നത്. വിജയകരമായ ഷെയർമാർക്കറ്റ് നിക്ഷേപത്തിലൂടെ ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന വ്യക്തിയാണ് രാകേഷ് ജുൻജുൻവാല.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും അധികം ലാഭമുണ്ടാക്കിയിട്ടുള്ള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാൾ. 2020 ലെ ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 54 -മതാണ് അദ്ദേഹത്തിന്റെ സ്ഥാനം. രാജ്യത്ത് പുതിയ എയർലെൻസിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് ഈയിടെയാണ്. ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഒരാളായ രാകേഷ് ജുൻജുൻവാലയ്ക്ക് നിക്ഷേപം ഉള്ള സ്റ്റാർട്ടപ്പ് എയർലൈനിനാണ് അംഗീകാരം ലഭിച്ചത്. അടുത്ത മാർച്ച് ഏപ്രിൽ മാസത്തോടെ ആകാശിന് ആകാശത്തിലൂടെ കുതിക്കാനാവുമെന്നാണ് പ്രതീക്ഷ.

40 ശതമാനത്തോളം ഓഹരി പങ്കാളിത്തത്തോടെ 35 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയിൽ ജുൻജുൻവാല നൽകിയിരിക്കുന്നത്. രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ മുൻ സിഇഒ ആതിദ്യ ഘോഷ് ജെറ്റ് എയർവെയ്‌സ് മുൻ സിഇഒ എന്നിവരുമായി ചേർന്നാണ് ആഭ്യന്തര വിമാന യാത്രക്കാരെ ലക്ഷ്യമിടുന്ന എയർലൈൻ ആരംഭിക്കുന്നത്.

വിമാനകമ്പനി വഴി 180 ഓളം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളുടെ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുള്ള കമ്പനിയാവുകയാണ് ലക്ഷ്യം. എയർ സെയ്ഫ്റ്റി റെഗുലേറ്റർ രാജ്യത്തെ വിമാന കമ്പനികൾക്ക് മാക്‌സ് ജെറ്റുകൾ പറത്താനുള്ള അനുമതി നൽകി മാസങ്ങൾക്കകമാണ് ഇത്ര വലിയ നിക്ഷേപം ഈ മേഖലയിൽ നടത്താൻ ആകാശ എയർലൈൻസ് തയ്യാറെടുക്കുന്നത്.

അഞ്ച് മാസത്തിനിടെ ഉണ്ടായ രണ്ട് വിമാനാപകടങ്ങളിൽ 346 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് രണ്ടര വർഷത്തോളം ഇത്തരം വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര വിമാനസർവീസ് മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അൾട്രാ ലോ കോസ്റ്റ് എയർലൈൻസ്(വളരെ ചിലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന) ആയ ആകാശ എയർ രാജ്യത്തിന് പുതിയ പ്രതീക്ഷയായിരുന്നു

പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള അനുമതി ഒക്ടോബറിൽ വ്യോമയാന മന്ത്രാലയം ആകാശയ്ക്ക് നൽകിയിരുന്നു. വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ തന്നെ ഇരു കമ്പനികളും ധാരണയിലെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സർവീസുമായി ബന്ധപ്പെട്ട ചർച്ചകൾ നീണ്ടതിനാലാണ് കരാർ നീണ്ടതെന്നാണ് വിവരം.

രാകേഷ് ജുൻജുൻവാല പ്രധാന നിക്ഷേപകനായിട്ടുള്ള എസ് എൻ വി ഏവിയേഷൻ കമ്പനിയുടെ കീഴിലാവും ആകാശ എയർലൈൻസ് പ്രവർത്തിക്കുക. ഈ രംഗത്തെ പ്രമുഖൻ വിനയ് ദുബെ ആണ് കമ്പനി സി ഈ ഒ. യാത്രക്കാർക്ക് താങ്ങാനാവുന്നതും ആശ്രയിക്കാവുന്നതുമായ നിരക്കിൽ വിമാന യാത്ര സാധ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.