മലപ്പുറം: ഉയരംകുറഞ്ഞവരുടെ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ ആകാശ് മാധവ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാണ്. മലപ്പുറം മേലാറ്റൂർ സ്വദേശിയായ ആകാശ് മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്.

2013ൽ അമേരിക്കയിൽ നടന്ന ഉയരം കുറഞ്ഞവരുടെ ഒളിമ്പിക്‌സിൽ ഷോട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടിയ ആകാശ് 2017ൽ കാനഡയിൽ നടന്ന മത്സരത്തിൽ ജാവലിൻ ത്രോയിൽ വെങ്കലം കരസ്ഥമാക്കിയിരുന്നു. സമൂഹത്തിലെ മുഖ്യ ധാരയിൽ നിന്ന് മാറിനിൽക്കുന്ന ഒരു വിഭാഗത്തെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനമാണ് താൻ ജനവിധി തേടുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആകാശ് മാധവ് പറയുന്നു.

താൻ ഒളിമ്പിക്‌സിൽ നേടിയ വിജയത്തിളക്കം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ആകാശ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു കുഞ്ഞൻ സ്ഥാനാർത്ഥി മത്സരത്തിനിറങ്ങുന്നത്് ആദ്യമായാണെന്നാണ് കരുതുന്നതെന്നും നേതൃസ്ഥാനത്തേയ്ക്ക് കടന്നുവരാൻ ഇതൊരു പ്രശ്‌നമല്ലെന്നുമാണ് ആകാശ് പറയുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് കഴിവ് തെളിയിക്കാൻ ജനങ്ങൾ അവസരം തരുമെന്നാണ് പ്രതീക്ഷ. തന്നെ എപ്പോഴും പിന്തുണച്ചവരാണ് മേലാറ്റൂരുകാർ.

സ്നേഹവും വാത്സല്യവും തന്നു തോളിലേറ്റിയവരാണിവർ. ഇപ്രാവശ്യവും അവരെല്ലാം എന്റെ കൂടെ നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഞാൻ മൽസരിക്കുന്നത് എന്നെപ്പോലെയുള്ളവർക്ക് പ്രാതിനിധ്യം ലഭിക്കുവാൻ വേണ്ടിയാണെന്നും ആകാശ് പറഞ്ഞു. താൻ സ്ഥാനാർത്ഥിത്വം ഇത് ഒരു മാറ്റത്തിന് തുടക്കമാകും.

ഇനിയും ഒരുപാട് പേരുണ്ട് ഒരു കൈസഹായം ലഭിച്ചാൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു വരാൻ പറ്റുന്നവർ. എന്റെ സ്ഥാനാർത്ഥിത്വം അങ്ങനെ പലതിനും വേണ്ടിയാണ്. എന്റെ നാടിനും നാട്ടുകാർക്കും വേണ്ടത് നൽകാൻ ഒരു അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ആകാശ് വ്യക്തമാക്കി.