- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ പോരാളിയും പി ജയരാജന്റെ കടുത്ത ആരാധകനും; കൂത്തുപറമ്പിലെ അപകടമുണ്ടാകുന്നത് ഗുണ്ടാ സംഘം ബർത്ത് ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ; വിജനമായ റോഡിലെ അപകടത്തിന് കാരണം മത്സര ഓട്ടമെന്നും സംശയം; ഗുരുതരാവസ്ഥയിലുള്ളത് ആകാശിന്റെ അടുത്ത സുഹൃത്ത്; പാർട്ടി തള്ളിയ തില്ലങ്കേരി അപകടത്തെ തരണം ചെയ്യുമ്പോൾ
കണ്ണൂർ:സി.പി. എം സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂർ ഷുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്കും കൂട്ടുകാർക്കും വാഹനാപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ ദുരൂഹത. മത്സര ഓട്ടത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് കൂത്തുപറമ്പ് നീർവേലി അളകാപുരിക്കു സമീപം അപകടമുണ്ടായത്.
ആകാശ് തില്ലങ്കേരിയും സംഘവും ഒരു ബർത്ത് ഡേ പാർട്ടി കഴിഞ്ഞു മടങ്ങിവരവേ അപകടത്തിൽപ്പെട്ടുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇതു പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിജനമായ റോഡിൽ കാർ അമിത വേഗതയിൽ സഞ്ചരിച്ചുവെന്നാണ് പൊലിസിന് ലഭിക്കുന്ന പ്രാഥമിക വിവരം. അതുകൊണ്ടു തന്നെ നേരത്തെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആകാശിന്റെ സുഹൃത്ത് അശ്വിന്റെ നില ഗുരുതരമാണ്.
ഇയാളടക്കം നാലുപേർ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. അതിതീവ്രപരിചരണവിഭാഗത്തിലാണ് അശ്വിൻ ചികിത്സയിൽ കഴിയുന്നത്. അമിതവേഗതയിൽ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ വെച്ചിരുന്ന സിമന്റെകട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. ബൊലിനോ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഇതാണ് കാർ അമിത വേഗതയിൽ സഞ്ചരിച്ചിട്ടുണ്ടോയെന്നു പൊലിസ് സംശയിക്കാൻ കാരണം. അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചതിൽ നിന്നും അസ്വാഭാവികമായി ഒന്നും പ്രാഥമികമായി കണ്ടെത്തിയിട്ടില്ല.
കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗമെത്തും. അപകടമുണ്ടാക്കിയ കാർ അപകടസ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു മാസങ്ങൾക്കു മുൻപ് നടന്ന സ്വർണക്കടത്തു കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന സംശയത്താൽ ആകാശിനെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മുഴക്കുന്നിലുള്ള വീട്ടിലും കസ്റ്റംസും പൊലിസും കൂടുതൽ തെളിവുകൾക്കായി റെയ്ഡു നടത്തിയിരുന്നു. എന്നാൽ തെളിവുകൾ ലഭിക്കാത്തതിനാൽ അറസ്റ്റു ചെയ്തിരുന്നില്ല.
ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആകാശ് തില്ലങ്കേരി അർജുൻ ആയങ്കിയുമായി വിവാഹച്ചടങ്ങിൽ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടർന്നാണ് സ്വർണക്കടത്തുകേസിൽ കുറ്റാരോപിതനായത്. എന്നാൽ അർജുനുമായി തനിക്കു വെറും പരിചയം മാത്രമേയുള്ളുവെന്നാണ് ആകാശ് തില്ലങ്കേരി പിന്നീട് പറഞ്ഞത്. സി.പി. എം സൈബർപോരാളിയും പി.ജയരാജന്റെ കടുത്ത ആരാധകനുമായ ആകാശ് തില്ലങ്കേരിയെ സ്വർണക്കടത്ത്-ക്വട്ടേഷൻ വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് സി.പി. എമ്മും ഡി.വൈ. എഫ്. ഐയും തള്ളിപ്പറഞ്ഞിരുന്നു.
അതിനു ശേഷം പാർട്ടിയുമായി അകൽച്ചയിലാണ് ആകാശ് തില്ലങ്കേരി. പാർട്ടി നേതൃത്വത്തിനെതിരെ സോഷ്യൽമീഡിയയിൽ പരസ്യവിമർശനം ഉന്നയിച്ചിരുന്ന ആകാശ് തില്ലങ്കേരിയെ പരസ്യമായി ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറി എം. ഷാജർ തള്ളിപ്പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി ഷാജറും ആകാശും സോഷ്യൽമീഡിയയിൽ വാക്പോരും നടന്നിരുന്നു. അർജുൻ ആയങ്കിയെയും ആകാശിനെയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്തത് സി.പി. എം മുൻജില്ലാസെക്രട്ടറി പി.ജയരാജനാണെന്നു പാർട്ടിക്കുള്ളിൽ ആരോപണമുയർത്തിയതിന് പി.ജയരാജനും സി. ഐ.ടി.യു നേതാവായ കെ.പി സഹദേവനും കൊമ്പു കോർത്തിരുന്നു.
സ്വർണക്കടത്ത്-ക്വട്ടേഷൻ മാഫിയവിവാദം ചർച്ച ചെയ്യാൻ ചേർന്ന സി.പി. എം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനെതിരെ ആരോപണമുയർന്നത്. ഇതിനെ തുടർന്നു ഇരു നേതാക്കളും നടത്തിയ വാക് പോര് മേൽകമ്മിറ്റി പ്രതിനിധിയായ എം.വി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ടു ചെയ്യുകയും പാർട്ടി ഇരുവരെയും ശാസിക്കുകയും ചെയ്്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്