- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിബിനെ കൊന്ന് തള്ളിയവന്റെ പേരിൽ പെരുന്നാൾ ആശംസ അടിച്ച ലീഗുകാരാണ് അക്രമ രാഷ്ട്രീയത്തിന് എതിരെ ക്ലാസ്സ് എടുക്കാൻ വരുന്നത്; കത്തികരിഞ്ഞ സാധനങ്ങൾക്കിടയിൽ കത്തിപോവാതിരുന്ന ഈ പുസ്തകം ഉണ്ടല്ലോ.. പാനൂരിൽ സിപിഎമ്മിന് പ്രതിരോധം തീർക്കുന്നത് ആകാശ് തില്ലങ്കേരി; പിണറായി കോപത്തിൽ പുറത്തായ സഖാവ് വീണ്ടും സജീവമാകുമ്പോൾ
കണ്ണൂർ: ഷൂഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും പാർട്ടിയുടെ സൈബർ പോരാളികളിലെ മുൻനിരക്കാരനുമായ ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിന് ഒരു ബന്ധവും ഉണ്ടാകില്ലെന്ന സൂചനകൾ രണ്ട് മാസം മുമ്പ് വാർത്തകളിൽ എത്തിയിരുന്നു. നേരത്തെ ഷുഹൈബ് വധക്കേസ് നടന്നപ്പോഴും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് പ്രഖ്യാപിച്ച് ആകാശിനെ പുറത്താക്കിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ആകാശ് വീണ്ടും സിപിഎം ഗ്രൂപ്പുകളിൽ സജീവമായി. ഇതിനിടെ ആകാശിന്റെ ഇടപെടൽ പാർട്ടിക്ക് ഭീഷണിയായി മാറുന്നുവെന്ന തിരിച്ചറിവ് സിപിഎമ്മിലെ ഔദ്യോഗിക നേതൃത്വത്തിന് ഉണ്ടായി. ഇതോടെ വീണ്ടും ആകാശ് തില്ലങ്കേരിയെ മാറ്റി നിർത്തി. എന്നാൽ ഈ തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും തില്ലങ്കരി കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമായി കളിക്കുകയാണ്. ഇതാണ് പാനൂരിലെ മൻസൂറിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. തെളിവ് നൽകാമെന്ന് കെ സുധാകരൻ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഏതായാലും പാനൂരിലെ കൊലപാകവുമായി ബന്ധപ്പെട്ട് തില്ലങ്കരി ഇട്ട രണ്ട് പോസ്റ്റുകൾ ചർച്ചയാവുകയാണ്. 19 വയസ്സുകാരനായ ഷിബിൻ എന്ന ചെറുപ്പക്കാരനെ കൊന്ന് തള്ളിയവന്റെ പേരിൽ പെരുന്നാൾ ആശംസ പോസ്റ്റർ അടിച്ച ലീഗുകാരാണ് അക്രമ രാഷ്ട്രീയത്തിന് എതിരേ സിപിഎമ്മിന് ക്ലാസ്സ് എടുക്കാൻ വരുന്നത് ബെസ്റ്റ്-ഇതാണ് പാനൂരിലെ പ്രശ്‌നത്തെ ലഘൂകരിച്ച് കാട്ടുന്ന തില്ലങ്കേരിയുടെ ഒരു പോസ്റ്റ്. ഇതിനൊപ്പം പാനൂരിൽ ലീ്ഗ് നടത്തിയെന്ന് പറയുന്ന ആക്രമണത്തിലും പ്രതികരണം നടത്തുന്നു. കത്തികരിഞ്ഞ ഒരുപാട് സാധനങ്ങൾക്കിടയിൽ കത്തിപോവാതിരുന്ന ഈ പുസ്തകം ഉണ്ടല്ലോ.... ഇതാണ് നിങ്ങൾക്കുള്ള ഉത്തരം.????? ലീഗ് ക്രിമിനലുകൾ അഗ്‌നിക്കിരയാക്കിയ പെരിങ്ങത്തൂർ ലോക്കൽകമ്മിറ്റി ഓഫീസിൽ നിന്നും..-ഇതാണ് രണ്ടാമത്തെ പോസ്റ്റ്. കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രമെന്ന പുസ്തകത്തിന്റെ ചിത്രവുമായാണ് തില്ലങ്കേരിയുടെ ആ പോസ്റ്റ്.
ഈ പോസ്റ്റുകളിൽ ചർച്ചയും സജീവമാണ്. ആകാശേ നിസ്സാര കാര്യത്തിനൊരു ജീവനെടുത്തിട്ട് ഇമ്മാതിരി സെന്റിമെന്റൽ അപ്രോച്ചുമായി വരരുത് പ്ലീസ്... എന്നൊരു കമന്റിന് മറുപടിയായി ആകാശ് തില്ലങ്കേരി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ജീവനെടുക്കാൻ നിസ്സാരവും സാരവും എന്നൊക്കെ ഒരു കാരണം ഉണ്ടോ..ഒരു കാരണത്താലും ആരാലും ആരുടെയും ജീവൻ അപഹരിക്കപ്പെടരുത്..തുടർച്ചയായ ഏകപക്ഷീയമായ ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും ജനങ്ങൾ പ്രതികരിക്കും..അങ്ങിനെ പ്രതികരിച്ചിട്ടുണ്ട്..പക്ഷെ ബോംബ് പൊട്ടി പരിക്ക് പറ്റി രക്തം വാർന്ന് മരിച്ച ആളുടെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്..ബോംബ് നിർമ്മാണത്തിൽ വിദഗ്ദൻ ആണ് മരണപെട്ടയാൾ..സ്വന്തം കയ്യിൽ നിന്ന് വീണു പൊട്ടിയത് ആണോ എന്ന് സംശയം നിലനിൽക്കുന്നുണ്ട്..ഹോസ്പിറ്റൽ കൊണ്ടുപോക്ക് ലേറ്റാക്കിയതും മനപ്പൂർവ്വമാണ്.. അതിന്റെ പേരിൽ നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലീഗുകാർ തുനിഞ്ഞാൽ പാർട്ടിക്ക് പ്രതിരോധിക്കാതെ നിവർത്തിയില്ല.-ഈ മറുപടിയിലും രാഷ്ട്രീയമാണ് ആകാശ് തില്ലങ്കേരി ചർച്ചയാക്കുന്നത്.
ഇതോടെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും തില്ലങ്കരി സജീവമാകുകയാണ്. ഇതോടെ ആകാശിനെ പുറത്താക്കിയ നടപടിയും അപ്രസക്തമാകും. പാർട്ടിക്കു പുറമെ സ്വന്തമായി ക്വട്ടേഷൻ ടീം വളർത്തിയെടുത്തുന്നു എന്നതാണ് ആകാശിന് മേൽ പാർട്ടി അന്ന് ചുമത്തിയ കുറ്റം. ഇതിനു പുറമെ മാസം ലക്ഷങ്ങളുടെ വരുമാനവും നടപടിക്ക് കാരണമായി എന്നാണ് വിവരം. ഷൂഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്ത് വന്നപ്പോൾ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് പേരിന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ഡിവൈഎഫ്ഐയിൽ ഉൾപ്പടെ ആകാശ് സജീവ സാന്നിദ്ധ്യമായിരുന്നു. മട്ടന്നൂരിലെ ഇടപെടുലുകൽ പാർട്ടി ഗൗരവത്തോടെ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ആകാശ് തില്ലങ്കേരി പുറത്താകുന്നത്. ഇതേ വ്യക്തിയാണ് വീണ്ടും സിപിഎമ്മിന് പ്രതിരോധം തീർത്ത് ആണികളെ കൈയിലെടുക്കുന്നത്.
ഈ സാഹചര്യത്തിലാണ് പാനൂരിലെ കൊലയിലും ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന കെ സുധാകരന്റെ ആരോപണത്തിന് ശക്തി കൂടുന്നത്. മട്ടന്നൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സകലവിധ ക്വട്ടേഷൻ ജോലികളും പാർട്ടിക്കതീതമായി ആകാശ് നടത്തിയിരുന്നുവെന്നും ഇതുവഴി ലക്ഷങ്ങൾ മാസവരുമാനം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് ആകാശിനെ പാർട്ടി ഔദ്യോഗിക നേതൃത്വം അകറ്റി നിർത്തിയത്. കണ്ണൂർ ജില്ലയിൽ സമീപകാലത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അക്രമത്തിനെതിരായി നടത്തിയ രണ്ട് ജാഥകൾ ആകാശിനെക്കുറിച്ച് വ്യക്തമായ ധാരണ അണികൾക്കു നൽകാനായിരുന്നു. അക്രമരഹിത ആകാശുമാർ രഹിത പാർട്ടിയാണ് വരും നാളുകളിൽ സിപിഎം മുന്നോട്ട് വെക്കുന്ന ആശയം എന്നതാണ് ചർച്ചയാക്കിയത്.
അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഷുഹൈബിനെയും കൂടെയുള്ളവരെയും വെട്ടുകയായിരുന്നു ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. ഇതോടെ രക്തം വാർന്നു ഷുഹൈബ് മരിക്കുകയായിരുന്നു. ഈ കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് വീണ്ടും സിപിഎമ്മിന്റെ ഭാഗമായി. ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജയിലിൽ സ്‌പെഷൽ പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ആകാശ് തില്ലങ്കരി ജയിൽ അധികാരിയെപോലെ പെരുമാറുന്നതായി പരാതിയിൽ ഉയർന്നു. സെൽ പൂട്ടാറില്ല. ആകാശിനെ കൂത്തുപ്പറമ്പ് സ്വദേശിനി മൂന്നു ദിവസത്തിനുള്ളിൽ 12 മണിക്കൂർ സന്ദർശിച്ചതും വിവാദമായി. യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും സ്വകാര്യസംഭാഷണം നടത്താനും അധികാരികൾ സാഹചര്യമൊരുക്കിയതായും പരാതി ഉയർന്നു.
2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ആകാശ് പ്രതിയായിരുന്നു. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു. വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്‌മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം ആകാശ് പഠിച്ചിരുന്നു. വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ