- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയ്ഡു വിവരം ചോർന്നു; മുടക്കോഴി മലയിലേക്ക് ഓടിക്കയറിയത് അതിവേഗം; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി വെറുംകൈയോടെ കസ്റ്റംസ് മടങ്ങി; കൊടി സുനിയും കൂട്ടരും ഭരിച്ച ആ മലയിൽ ഇന്നു നിയന്ത്രണം ആകാശ് തില്ലങ്കേരിക്ക്; ചോദ്യം ചെയ്യാൻ കൊലക്കേസ് പ്രതി മലയിറങ്ങുമോ?
കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ നടത്താനിരുന്ന കസ്റ്റംസ് റെയ്ഡ് വിവരം നേരത്തെ ചോർന്നുവെന്ന് സൂചന. ഇതോടെ ആകാശ് തില്ലങ്കേരി മുടക്കോഴി മലയിലേക്ക് മുങ്ങിയതായാണ് സൂചന. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും ഒളിച്ചിരുന്ന രഹസ്യകേന്ദ്രമാണ് മുഴക്കുന്നിലെ മുടക്കോഴി മല.
സി.പി. എം ശക്തികേന്ദ്രമായ ഇവിടെ പാർട്ടിയറിയാതെ ഒരു ഈച്ചപ്പോലും കടന്നെത്തില്ല. ആകാശ് തില്ലങ്കേരിയടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളുടെ പ്രധാന താവളമാണ് മുടക്കോഴിമല. ആകാശ് തില്ലങ്കേരിയുടെ വീടിന് സമീപമുള്ള പ്രദേശമാണ് മുഴക്കുന്ന്. ആകാശിന്റെ വീടു നിൽക്കുന്ന സ്ഥലത്തിന്റെ ഒരുവശത്തൂടെ കയറിയാലും മുടക്കോഴിയിലെത്താം. ഇവിടെ സി.പി. എം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണം പൂർണമായും ആകാശ് തില്ലങ്കേരിയുടെ കൈയിലാണ്.
അതുകൊണ്ടു തന്നെ പാർട്ടിയോ ആകാശോ അനുവദിക്കാതെ മുടക്കോഴി മലയിൽ റെയ്ഡു നടത്താൻ കസ്റ്റംസിനോ പൊലിസിനോ കഴിയില്ല. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിൽ റെയ്ഡു നടക്കുമെന്ന സൂചനയുണ്ടായിരുന്നു. ഈ വിവരം ചില കേന്ദ്രങ്ങളിൽ നിന്നും ചോർന്നു ലഭിച്ചതുകൊണ്ടാണ് ആകാശ് താൽക്കാലികമായി മാറി നിന്നതെന്നാണ് സൂചന. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകൻ വീട്ടിൽ നോട്ടീസ് കൈമാറിയിട്ടുണ്ട്.
രാവിലെ എട്ടു മണിയോടെ കണ്ണൂർ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലെത്തിയ അന്വേഷണ സംഘം ഒന്നര മണിക്കൂറോളം പരിശോധന നടത്തി. ആകാശ് തില്ലങ്കേരി ഒളിവിലായതിനാൽ വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കസ്റ്റംസ് പിടിയിലായ അർജുൻ ആയങ്കി, അജ്മൽ തുടങ്ങിയവരിൽ നിന്ന് ലഭിച്ച മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് കസ്റ്റംസ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വർണം പൊട്ടിക്കലിൽ തില്ലങ്കേരിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഓഡിയോയും പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ആകാശ് ഹാജരാകുമോ എന്നതാണ് നിർണ്ണായകം. ഹാജരായില്ലെങ്കിൽ കസ്റ്റംസ് വാറണ്ട് ഇറക്കി അറസ്റ്റു ചെയ്യാൻ ശ്രമം നടത്തും.
രാമനാട്ടുക്കര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡു നടത്തിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിലാണ് ആകാശിന്റെ വീട്ടിൽ റെയ്ഡ നടത്താൻ കൊച്ചിയിൽ നിന്നുള്ള കേന്ദ്രഓഫിസിൽ നിന്നും നിർദ്ദേശം നൽകിയത്. ബുധനാഴ്‌ച്ച പുലർച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂർ കസ്റ്റംസ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. എന്നാൽ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ടി.പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. ഏറെ വിവാദമായ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശിനെതിരേ സ്വർണക്കടത്ത് കേസിൽ എഫ്.ഐ.ആർ ഉണ്ടായിരുന്നില്ല. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി ആകാശ് ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു.
അർജുൻ ആയങ്കിയുടെ നേതാവെന്ന നിലയിലാണ് ആകാശ് തില്ലങ്കേരി ഈ മേഖലയിൽ അറിയപ്പെടുന്നത്. അതേസമയയം, കേസിൽ ഇന്നലെ അറസ്റ്റിലായ തെക്കേ പാനൂർ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയത് ഉൾപ്പെടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷൻ സംഘങ്ങളുടെ യഥാർഥ തലവൻ ആകാശ് തില്ലങ്കേരി ആണെന്ന ധാരണയിലാണ് കസ്റ്റംസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്