തിരുവനന്തപുരം: കേരളം തകർന്നാലും വേണ്ടില്ല വികസനത്തിന്റെ മറവിൽ കമ്മീഷൻ മാത്രമാണ് സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യം. തിരുവനന്തപുരത്തെ കണ്ണായ ഭൂമിയിൽ സിപിഎമ്മിന് പുതിയൊരു ഓഫീസ് കെട്ടിടം കൂടി ഉയരുന്നതും ഇതിനോട് ചേർത്ത് വായിക്കണം-സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങൾക്കായി എഴുതിയ ലേഖനത്തിലെ വാചകങ്ങളാണ് ഇത്. തിരുവനന്തപുരത്തെ കണ്ണായ ഭൂമി സിപിഎം സ്വന്തമാക്കിയതിന് പിന്നിൽ ഏറെ ദുരൂഹതകളുണ്ട്. ഇക്കാര്യം മറുനാടൻ വിശദമായി ചർച്ചയാക്കിയിരുന്നു. ഈ വസ്തുകൾ തൃക്കാക്കരയിൽ പ്രതിപക്ഷവും ചർച്ചയാക്കും. അതിന്റെ സൂചനകളാണ് ലേഖനത്തിൽ പ്രതിപക്ഷ നേതാവ് പങ്കുവയ്ക്കുന്നത്. ഇതോടെ ആ ഭൂമിയിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തും.

സിപിഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം ഉയരുന്നതും ഭരണ തുടർച്ചയുടെ അധികാര ഗർവ്വിൽ കെട്ടി ഉയർത്തുന്ന ആഡംബര കെട്ടിടത്തിലാണെന്ന സംശയമാണ് മറുനാടൻ ചർച്ചയാക്കിയത്. സിപിഎം സംസ്ഥാന സമിതി വാങ്ങിയ പുതിയ വസ്തുവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. എങ്ങനെ ഭൂമി കച്ചവടം നടത്താൻ പാടില്ലെന്നതിന്റെ ഉത്തമോദാഹരണങ്ങൾ. വസ്തു എഴുതി കൊടുത്തവർക്ക് അതിനുള്ള അവകാശമുണ്ടോ എന്ന ചോദ്യം പോലും ഉയരുന്ന തെളിവുകളാണ് മറുനാടൻ വിവരാവകാശത്തിലൂടേയും മറ്റും നേടിയത്. ഭരണ തുടർച്ചയുടെ അഹങ്കാരം ഈ വസ്തു ഇടപാടിൽ നിഴലിക്കുന്നുവെന്നതാണ് വസ്തുത.

ഈ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണവും വിവര ശേഖരണവും തെളിയിക്കുന്നത് ഈ വിലയാധാരം പോലും അസാധുവാണെന്നതാണ്. ഇതിലുപരി ഉദ്യോഗസ്ഥ തലത്തിൽ പോലും അട്ടിമറികൾ നടത്തിയാണ് ആധാരം രജിസ്റ്റർ ചെയ്തത്. അർഹതയുള്ളവരല്ലെ ഭൂമി സിപിഎമ്മിന് വിലയാധാരമായി നൽകുന്നതെന്നും അന്വേഷണത്തിൽ സൂചന കിട്ടുന്നു. എപ്പോൾ വേണമെങ്കിലും നിയമപരായി റദ്ദാക്കാൻ സാധ്യതയുള്ളതാണ് ഇപ്പോൾ സിപിഎമ്മിന്റെ പേരിൽ എഴുതി നൽകിയ വിലയാധാരം. ഈ വസ്തുവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതെന്നതാണ് വസ്തുത. ഉദ്യോഗസ്ഥരുടെ സർക്കാരിനോടുള്ള ഭയം മുതലെടുത്ത് നടത്തിയ ആധാരം. ഇതിന് പിന്നിലെ കള്ളക്കളികളാണ് മറുനാടൻ പരമ്പരയിലൂടെ പുറത്തു കൊണ്ടു വരിക.

34 പേരിൽ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തിൽ രേഖപ്പെടുത്തി 31.95 സെന്റ് സ്ഥലം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റിലായിരുന്നു തിരുവനന്തപുരം സബ് റജ്‌സ്ട്രാർ ഓഫീസിൽ സ്ഥലം രജിസ്റ്റർ ചെയ്തത്. എകെ ജി സെന്റിലായിരുന്നു പ്രമാണം. ഇക്കാര്യം ആധാരത്തിലും വ്യക്തമാണ്. അതിനും വ്യവസ്ഥയുണ്ട്. രോഗികൾക്കും മറ്റും ഫീസടച്ച് ഇങ്ങനെ വാസസ്ഥലത്ത് രജിസ്ട്രാറെ കൊണ്ടു വന്ന് ആധാരം രജിസ്റ്റർ ചെയ്യാം. എന്നാൽ ആരെല്ലാം രജിസ്‌ട്രേഷന് എത്തിയതെന്നത് ഇനിയും ആർക്കും അറിയില്ല. ഒരു വസ്തുത പോലും പുറത്തു പോകാതിരിക്കാനുള്ള മുൻകരുതൽ സിപിഎം എടുത്തിരുന്നു. അതാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്തെ പ്രമുഖനായ സിപിഎം അഭിഭാഷകനായിരുന്നു പ്രമാണം അടക്കം തയ്യാറാക്കിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഏതാനും അഭിഭാഷകരായിരുന്നു കച്ചവടത്തിന് നേതൃത്വം നൽകിയത്. രജിസ്റ്റർ ചെയ്യേണ്ട ജോയിന്റെ സബ് രജിസ്റ്റാറുമായി ഈ സംഘം നിരന്തരം ചർച്ച നടത്തി. ഈ ഉദ്യോഗസ്ഥനാണ് ഈ പ്രമാണം എഴുത്തിന് വേണ്ട നടപടിക്രമം എല്ലാം പൂർത്തിയാക്കിയത്. എന്നാൽ പ്രമാണത്തിലെ പാകപിഴകൾ ഈ ഉദ്യോഗസ്ഥന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്ത്രപരമായി ഇയാൾ എല്ലാ ചർച്ചകൾക്കും മുന്നിൽ നിന്നെങ്കിലും ആധാരം രജിസ്റ്റർ ചെയ്യുകയെന്ന ജോലിയിൽ നിന്ന് തന്ത്രപരമായി ഒഴിവായി.

തുടക്കത്തിലെ നടപടിക്രമങ്ങളെല്ലാം ഇയാളുടെ നേതൃത്വത്തിലാണ് അനൗദ്യോഗികമായി നടന്നത്. എന്നാൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഈ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം വന്നു. പകരം മറ്റൊരു ഉദ്യോഗസ്ഥനെത്തി. എല്ലാം താൻ നോക്കിയിട്ടുണ്ടെന്നും രജിസ്‌ട്രേഷൻ മാത്രം നടത്തിയാൽ മതിയെന്നും പകരമെത്തിയ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചായിരുന്നു മടക്കം. രജിസ്‌ട്രേഷൻ വകുപ്പിലെ പൊന്മുട്ടി ഇടുന്ന സീറ്റിലെത്തിയ ഈ ഉദ്യോഗസ്ഥൻ സമ്മർദ്ദത്തിലുമായി. അങ്ങനെ വാസ സ്ഥല രജിസ്‌ട്രേഷൻ നടന്നു.

കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ സെക്രട്ടറിയായിരുന്നില്ല അന്ന്. കേരളത്തിൽ എല്ലാവർക്കും അതറിയാം. അവധിയിലാണെന്നായിരുന്നു വയ്പ്. വി എസ് വിജയരാഘവനായിരുന്നു ആ സമയം ആക്ടിങ് സെക്രട്ടറി. എന്നാൽ സിപിഎമ്മിന്റെ ആസ്ഥാനത്തെത്തിയ ജോയിന്റെ സബ് രജിസ്ട്രാർക്ക് മുമ്പിലേക്ക് സിനിമാ സ്റ്റൈലിൽ കടന്നു വന്നത് സാക്ഷാൽ കോടിയേരിയായിരുന്നു. കോടിയേരിയെ കണ്ട സബ് രജിസ്ട്രാർ പിന്നെ ഒന്നും ആലോചിക്കാതെ ഭയന്ന് വിറച്ച് രജിസ്‌ട്രേഷൻ നടത്തി. അങ്ങനെ ആ വസ്തു സിപിഎമ്മിന്റെ പേരിലായി. പേരിലാക്കി എന്നതാണ് വസ്തുത.

എകെജി സെന്ററിലായിരുന്നു പ്രമാണം എഴുതിയത് എന്ന വാർത്തയാണ് ഈ വിഷയത്തിൽ മറുനാടനെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ആധാരത്തിലെ 34 പേരുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണം. ഈ അന്വേഷണമാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഈ ഇടപാടിന് പിന്നിൽ നടന്നുവെന്ന സംശയങ്ങൾ ബലപ്പെടുത്തുന്നത്. ആധാരത്തിന്റെ പകർപ്പും മറ്റ് രേഖകളും നിയമപരമായി തന്നെ മറുനാടൻ ശേഖരിക്കുകയും ചെയ്തു. ഈ വസ്തുവിന്റെ റവന്യൂ രേഖകളും. ഞെട്ടിക്കുന്ന രേഖപ്പെടുത്തലാണ് റവന്യൂ വകുപ്പിൽ നിന്ന് കിട്ടിയ വിവരാവകാശത്തിലുള്ളത്.

1967ൽ പൂട്ടേണ്ട സ്ഥാപനത്തിന് കച്ചവടം നടത്താനാകുമോ? നിയമ കുരുക്കായാൽ ആധാരം അസാധുവാകും? ഇന്ദിരയുടെ പരാതി തീർപ്പാക്കാതെ രജിസ്‌ട്രേഷൻ നടത്താമോ? എന്നീ ചോദ്യങ്ങളാണ് ഈ വസ്തു ഇടപാടിനെ സംശയത്തിൽ നിർത്തുന്നത്. തുടർഭരണം നേടിയതിന് പിന്നാലെയാണ് സിപിഎം പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തീരുമാനം എടുത്തത്. ഇതിന് വേണ്ടിയാണ് പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 32 സെന്റ് സ്ഥലം വാങ്ങിയത്. 6.4 കോടി രൂപയാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ 2391/2021 നമ്പറിലാണ്് സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28. മൊത്തം 34 പേരിൽനിന്നായാണ് 31.95 സെന്റ് സ്ഥലം വാങ്ങിയത്.

എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്താണു സ്ഥലം. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ നിലവിലെ എകെജി സെന്റർ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എകെജി പഠനഗവേഷണ കേന്ദ്രത്തിനായാണ് കേരള സർവകലാശാല വളപ്പിൽ നിന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ൽ 34 സെന്റ് സ്ഥലം പതിച്ചുനൽകുന്നത്. പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതലയുള്ള നേതാക്കൾ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ ഇത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി മാറുകയായിരുന്നു.

എന്നാൽ സിപിഎം ആസ്ഥാന മന്ദിരമെന്നോ സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ ഒരു ബോർഡുപോലുമില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സിപിഎം പുതിയ വസ്തു വാങ്ങിയത്.