തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനുപിന്നാലെ ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിനെതിരേ ആക്ഷേപം ശക്തം. നിർണ്ണായക തെളിവുകൾ മറുനാടൻ മലയാളിയാണ് ആദ്യം പുറത്തു വിട്ടത്. പിന്നാലെ ജനം ടിവിയും റിപ്പോർട്ട് ചെയ്തു. അതിന് ശേഷം മനോരമയും സിപിഎം നേതാവിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തി വാർത്ത നൽകി. ഇപ്പോൾ മാതൃഭൂമിയും അതേ ചോദ്യങ്ങളുമായി എത്തുന്നു.

സുരക്ഷാ ക്യാമറാദൃശ്യങ്ങളിൽ ഉൾപ്പെട്ട രണ്ടാമത്തെ സ്‌കൂട്ടർയാത്രക്കാരനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെന്നതാണ് വിവാദമാകുന്നതെന്ന് മനോരമയ്ക്ക് പിന്നാലെ മാതൃഭൂമിയും പറയുന്നു. കൂടുതൽ അന്വേഷണം നടത്താതെ വിട്ടയക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ, ഇക്കാര്യങ്ങൾ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നവർ നിഷേധിച്ചു.

ദൃശ്യങ്ങളിൽ അക്രമിയെക്കൂടാതെ മറ്റൊരു സ്‌കൂട്ടർയാത്രക്കാരനും ഉണ്ടായിരുന്നു. ഒന്നിലേറെത്തവണ എ.കെ.ജി. സെന്ററിന് മുന്നിലൂടെ യാത്രചെയ്തിരുന്ന ഇയാളെ പൊലീസ് ചോദ്യംചെയ്തപ്പോൾ ജനറൽ ആശുപത്രിഭാഗത്ത് തട്ടുകട നടത്തുന്ന ആളാണെന്നും എ.കെ.ജി. സെന്റർ ഭാഗത്തുള്ള പൈപ്പിൽനിന്ന് വെള്ളമെടുക്കാനാണ് പോയതെന്നുമാണ് പൊലീസിനോട് പറഞ്ഞത്. ഇക്കാര്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം പിന്നീട് ഇയാളെ വിട്ടയച്ചു. ആദ്യഘട്ടത്തിൽ അക്രമിയുടെ സഹായിയായി മറ്റൊരാളുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്.

എന്നാൽ, അടുത്തദിവസം ഇക്കാര്യം പൊലീസ് മാറ്റിപ്പറഞ്ഞു. തട്ടുകടക്കാരനെ വിട്ടയച്ചതായി വ്യക്തമാക്കി. എന്നാൽ, ഈ തട്ടുകടക്കാരന് പരിസരപ്രദേശത്തെ സിപിഎം. പ്രാദേശികനേതാവുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ കൂടുതൽ ചോദ്യംചെയ്യലോ അന്വേഷണമോ ഉണ്ടായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതു തന്നെയാണ് മറുനാടനും പറഞ്ഞത്. സിപിഎം നേതാവ് പാളയം ഏര്യാ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ ഐപി ബിനുവിലേക്കാണ് സംശയം ഉയർന്നത്.

പടക്കമേറിന് ശേഷം സിപിഎം ലോക്കൽ സെക്രട്ടറിയും മുൻ നഗരസഭ അംഗവുമായ ഐപി ബിനു ഇട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമാണ്. മുഖംമൂടിയും ധരിച്ച് ഒരു ഉണക്ക പടക്കം വലിച്ച് എറിഞ്ഞാൽ തീർന്നുപോകുന്നതല്ല .സിപിഎം എന്ന മഹാ പ്രസ്ഥാനം ഓർത്താൽ നല്ലത് എന്ന ക്യാപ്ഷനോടെ ആക്രമണത്തിന്റേതെന്ന് കരുതുന്ന വീഡിയോ വീഡിയോ ആണ് ബിനു പോസ്റ്റ് ചെയ്തിരുന്നത്. സംഭവത്തിൽ ബിനുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. എകെജി സെന്റർ ആക്രമണം രാഷ്ട്രീയ നാടകമായിരുന്നുവെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള സർക്കാർ ശ്രമമായിരുന്നുവെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന വിമർശനം.

എകെജി സെന്ററിന്റെ മുമ്പിലൂടെ 12 തവണ കടന്ന് പോയ ചുവന്ന ആക്ടീവയുടെ ഉടമയായ സിപിഎം പ്രവർത്തകൻ വിജയ് സംഭവം നടന്ന ദിവസം ഐപി ബിനുവിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിനെ പറ്റി അന്വേഷണമുണ്ടായില്ല. ഐപി ബിനുവിനെതിരെ ലഭിച്ച ഫോൺ കോൾ തെളിവുകളുടെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. ഇതിനിടയിൽ പൊലീസ് ചോദ്യം ചെയ്ത ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയുടെ ഫോണിലെ ഐപി ബിനുവും വിജയുമായുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ ചില ഉന്നത ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തു.

ഐപി ബിനുവിനെയും പാർട്ടിയെയും സംരക്ഷിക്കാനായി സിഡിആർ രേഖകളിൽ പോലും സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സതീഷ് കൃത്രിമം കാട്ടി എന്ന് ജനം ടിവി കണ്ടെത്തിയിരുന്നു. തെറ്റായ വിവരങ്ങളാണ് ഡിസിപി അങ്കിത്ത് അശോകന് എസി റിപ്പോർട്ട് ചെയ്തത്. ഇനി ബാക്കി നിൽക്കുന്ന ആകെയുള്ള തെളിവ് ടെലികോം സർവീസ് പ്രൊവൈഡർ നൽകിയ എഡിറ്റ് ചെയ്യാത്ത സിഡിആർഉം, പടക്കമേറ് നടക്കുന്നതിന് മുൻപും പിൻപുമുള്ള ദൃശ്യങ്ങളുമാണ്.