കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ നടന്നത് പ്രതിഷേധമാണ്. എന്നാൽ ആകാശ പ്രതിഷേധം നിയമങ്ങളാൽ അംഗീകരിക്കപ്പെടുന്നില്ല. എന്നാൽ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞവർ എന്തും ചെയ്യുമെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടാണ് ഫർസീൻ മജീദിനെതിരെ കാപ്പ. മുമ്പും കേരളത്തിൽ ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത് കണ്ണൂരിലെ സിപിഎമ്മുകാരാണ്. അവരാരും കാപ്പയിൽ കുടുങ്ങിയില്ല. ആ കേസിലെ ഒരു പ്രതിയെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിന്റെ ഓഫീസ് സെക്രട്ടറിയാക്കിയാണ് സിപിഎം ആദരിച്ചത്. അതേ സിപിഎം ഭരണം പിണറായിയ്‌ക്കെതിരെ മുദ്രവാക്യം വിളിച്ചവരെ കാപ്പയിൽ കടുക്കുന്നു.

പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർ ആയുധം കൈയിലെടുത്തവരായിരുന്നില്ല. അക്രമണത്തിന് വേണ്ടി അവർ കല്ലു പോലും കരുതിയില്ല. എന്നാൽ കണ്ണൂരിൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കു നേരയുണ്ടായത് സമാനതകളില്ലാത്ത പ്രതിഷേധമായിരുന്നു. അന്ന് കണ്ണൂരിലെ എസ് പി രാഹുൽ ആർ നായരായിരുന്നു. കല്ലുമായാണ് ആക്രമണം. ഉമ്മൻ ചാണ്ടിക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിലെ പ്രതിയാണ് ബിജു കണ്ടക്കൈ. ബിജുവിനെതിരെ കാപ്പ വന്നില്ല. പകരം സിപിഎം നൽകിയത് താക്കോൽ സ്ഥാനവും.

കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട് ഇതാണ് കാപ്പ. അതായത് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം . പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, അനധികൃത മദ്യക്കച്ചവടക്കാർ, മദ്യക്കടത്തുകാർ, മദ്യവിൽപനക്കാർ, വ്യാജ നോട്ട് നിർമ്മാതാക്കൾ - വിതരണക്കാർ, മണൽ മാഫിയ, വ്യാജ സിഡി നിർമ്മാതാക്കൾ - വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ - കടത്തുകാർ - വിൽപനക്കാർ എന്നിവരെല്ലാമാണ് പ്രധാനമായും നിയമത്തിന്റെ പരിധിയിൽ വരുന്നത്. എന്നാൽ പിണറായിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ ചുമത്തുന്ന ഈ വകുപ്പ് സിപിഎമ്മിലെ ആർക്കെതിരേയും ചുമത്തുന്നില്ലെന്നതാണ് വസ്തുത.

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട സമരത്തിൽ ഇൻഡിഗോ വിമാനത്തിൽ മുഖ്യന്ത്രിക്കെതിരേ പ്രതിഷേധിച്ച കണ്ണൂർ ജില്ലയിലെ യൂത്ത്കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരേ കാപ്പ ചുമത്താൻ റേഞ്ച് ഐജി രാഹുൽ ആർ നായർ കമ്മീഷണർക്ക് കത്ത് നൽകിയത് ഏറെ ചർച്ചയാവുകയാണ്. വലിയ വിവാദത്തിന് വഴിവെച്ച വിമാന പ്രതിഷേധത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേയും കേസും വിമാന വിലക്കും വന്നതോടെയാണ് തനിക്കെതിരേ കാപ്പ ചുമത്തൽ നടപടികളിലേക്ക് പൊലീസ് പോയതെന്ന് പറയുന്നു ഫർസീൻ മജീദ്. 13 കേസുകൾ ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താനുള്ള നിർദ്ദേശം. ഇത് വിവാദമാണ്. ഇതിൽ എല്ലാ കേസും രാഷ്ട്രീയ സമരങ്ങളുടെ ഭാഗമാണ്.

ഇൻഡിഗോയിലെ പ്രതിഷേധമടക്കം എനിക്കെതിരേ 13 കേസുകളാണ് കാപ്പ ചുമത്താനുള്ള നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ 500 രൂപ പിഴയൊടുക്കേണ്ട പെറ്റിക്കേസ്, 700 രൂപ പിഴയൊടുക്കേണ്ട പെറ്റിക്കേസ്, 1700 രൂപ പിഴയൊടുക്കേണ്ട പെറ്റിക്കേസ്,കോവിഡ് നിയമ ലംഘനം ഇവയെല്ലാമുണ്ട്. ഇത്തരത്തിലുള്ള എട്ട് കേസുകൾ ഫൈൻ അടച്ച് തീർത്തതാണ്. ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധമടക്കം വിചാരണ പൂർത്തിയാകാത്ത അഞ്ച് കേസ് മാത്രമാണ് ബാക്കിയുള്ളത്. എനിക്കെതിരേ കാപ്പ നിലനിൽക്കുമെങ്കിൽ കണ്ണൂർ ജില്ലയിൽ ഒറ്റ സിപിഎം കാരും ഡിവൈഎഫ്ഐക്കാരുമുണ്ടാവില്ല. ആദ്യം 19 കേസെന്നായിരുന്നു പറഞ്ഞത്, പിന്നെ 17 എന്ന് പറഞ്ഞു, ഇപ്പോ 13 എന്നാണ് പറയുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിന്റെ പേരിൽ നാടെങ്ങും പ്രക്ഷോഭം നടത്തിയപ്പോൾ കണ്ണൂരിൽ അദ്ദേഹത്തിന്റെ വാഹനം കല്ലെറിഞ്ഞ് തകർക്കുന്ന അവസ്ഥ വരെയുണ്ടായി. അന്ന് സംഘടിച്ചെത്തിയ സിപിഎമ്മുകാർ കല്ലു വടിയും കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. 2013ൽ നടന്ന ഈ കേസിൽ ഇനിയും വിചാരണ പൂർത്തിയായിട്ടില്ല. 2013 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം. സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനപരിപാടി പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യാൻ കണ്ണൂരിൽ എത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്സ് മുതൽ പൊലീസ് ക്ലബ് വരെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറിൽ ഉമ്മൻ ചാണ്ടിക്കു പരുക്കേറ്റിരുന്നു.

ഈ കേസിൽ 113 പ്രതികളാണ് ഉണ്ടായിരുന്നത്. ഈ കേസിൽ പ്രതിയായിരുന്ന ബിജു കണ്ടക്കൈ ഇന്ന് എകെജി സെന്റർ സെക്രട്ടറിയാണ്. സിപിഎം സംസ്ഥാന സമിതി അംഗവും. 2013 ഒക്ടോബർ 27നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറിൽ പറഞ്ഞത്. അന്ന് എഫ് ഐ ആർ ഇടുമ്പോൾ കണ്ണൂർ എസ് പിയായിരുന്നു രാഹുൽ ആർ നായർ. അന്ന് ആർക്കെതിരേയും കാപ്പ ചുമത്തിയില്ല.

ഉമ്മൻ ചാണ്ടിക്കെതിരായ ആക്രമണത്തിന് സമാനമായതൊന്നും പിണറായിയ്‌ക്കെതിരെ സംഭവിച്ചിട്ടില്ല. അപ്പോൾ കാപ്പ വരുന്നു. ഫർസീനെതിരെ കോവിഡ് മാനദണ്ഡം ലഘിച്ചതിന് രണ്ട് കേസ്, റോഡ് ഗതാഗതം സ്തംഭിപ്പിച്ച് മാർച്ച് നടത്തിയതിന് അഞ്ചോ ആറോ കേസ്, അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുള്ള കേസ്, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചതിനുള്ള കേസ്, ഇ.പി ജയരാജന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനുള്ള കേസ്, കോവിഡ് നിയമലംഘനം ഇതൊക്കെയാണ് നോട്ടീസിലുള്ള പ്രധാന കേസുകൾ. പിന്നെയുള്ളതുകൊല്ലപ്പെട്ട ഷുഹൈബിനോടൊപ്പമുള്ള ഒരു കേസും മറ്റൊന്ന് വിമാനത്തിലെ പ്രതിഷേധവുമാണ്.

ഒരു സ്ഥിരം കുറ്റവാളിയെന്ന് മുദ്രകുത്താൻ ഇതൊക്കായാണ് പ്രധാന കേസെങ്കിൽ കേരളത്തിൽ ഒറ്റ സിപിഎമ്മുകാരുമുണ്ടാവില്ല. ബിജു കണ്ടകൈയെ പോലും അടിയന്തരമായി അറസ്റ്റു ചെയ്യേണ്ടി വരുമെന്നതാണ് വസ്തുത.