തിരുവനന്തപുരം: എകെജി സെന്ററിൽ സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിയെ 2 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത് പൊലീസിനും സർക്കാരിനും നാണക്കേടാകുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ വ്യക്തിക്കു മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ് കരുതുന്നു. ബോംബെറിഞ്ഞ വ്യക്തിക്ക് മറ്റൊരു ഇരുചക്രവാഹനത്തിൽ എത്തിയ ഒരാൾ വഴിയിൽവച്ച് ഒരു പൊതി കൈമാറുന്നതു പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിപിഎം ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് സർക്കാരിനും നാണക്കേടാണ്.

പൊതിയിൽ സ്‌ഫോടകവസ്തുവായിരുന്നുവെന്നാണു പൊലീസ് നിഗമനം. സ്‌ഫോടക വസ്തു എറിഞ്ഞ വ്യക്തി ചുവന്ന സ്‌കൂട്ടറിൽ ആദ്യം സ്ഥലത്തെത്തി നിരീക്ഷണം നടത്തി മടങ്ങുന്നതും പിന്നീടു വീണ്ടും വന്ന് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് അപ്പുറത്തേക്ക് അന്വേഷണം നീണ്ടിട്ടില്ല. കുന്നുകുഴി ഭാഗത്തു നിന്നാണ് അക്രമി എകെജി സെന്ററിനു സമീപം എത്തിയത്. സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞശേഷം അതേ വഴി മടങ്ങി. ഇയാൾ സ്‌കൂട്ടറിൽ ലോ കോളജ്, തേക്കുംമൂട് വഴി കോസ്‌മോ ആശുപത്രിക്കു സമീപം പൊട്ടക്കുഴി ജംക്ഷൻ വരെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആ സമയം മറ്റൊരു ബൈക്ക് യാത്രക്കാരനും കുന്നുകുഴി ഭാഗത്തേക്കു വേഗം കുറച്ചു പോയതായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്‌കൂട്ടറിന്റെ നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

നിയമസഭാ സമ്മേളനം ചേരുകയാണ്. ബോംബ് എറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ആരോപണം സിപിഎം ഉന്നയിച്ചിരുന്നു. എന്നിട്ടും ആരേയും പിടിക്കാനായില്ല. സിസിടിവി ദൃശ്യങ്ങൾ കിട്ടുന്ന സ്ഥലത്ത് കൂടിയാണ് പ്രതിയുടെ സഞ്ചാരപഥം. എന്നിട്ടും പ്രതിയെ പിടിക്കാനായില്ല. സൂചന പോലും കിട്ടിയില്ല. ഇതിന് പിന്നിൽ പ്രതിപക്ഷം ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. സിപിഎമ്മുകാരാണ് അക്രമികൾ എന്ന തരത്തിൽ സോഷ്യൽ മീഡിയാ പ്രചരണവും സജീവമാണ്. ഇതെല്ലാം സർക്കാരിനും തലവേദനയാണ്. എങ്ങനേയും പ്രതികളെ അതിവേഗം പിടിക്കാനാണ് പൊലീസിന് നൽകിയ നിർദ്ദേശം. അല്ലാത്ത പക്ഷം നിയമസഭയിൽ വലിയ പ്രതിസന്ധിയിൽ സർക്കാർ പോകും.

എകെജി സെന്ററിൽ പ്രധാന കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 8 പൊലീസുകാരുടെ വീഴ്ചയും സ്‌പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടക വസ്തു എറിഞ്ഞു മടങ്ങിയ അക്രമിയെ പൊലീസുകാർ പിന്തുടരാനോ പിടിക്കാനോ ശ്രമിച്ചില്ല. ആ സമയം പൊലീസ് വാഹനവും അവിടെയുണ്ടായിരുന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കുന്നുകുഴി. തൊട്ടടുത്ത് തന്നെ സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സ്ഥാപനങ്ങളുണ്ട്. ഈ വഴിയിലൂടെ അക്രമി പോയി എന്നത് സിപിഎമ്മിനും നാണക്കേടുണ്ട്.

അതിനിടെ എകെജി സെന്ററിന് കല്ലെറിയുമെന്ന് അഞ്ചു ദിവസം മുൻപ് ഫേസ്‌ബുക് പോസ്റ്റ് ഇട്ട അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കലാപാഹ്വാനമുൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഇതോടെ മറ്റ് ആരോപണങ്ങളിൽ കേസെടുത്തു. അങ്ങനെ എകെജി സെന്റർ ആക്രമത്തിലെ അന്വേഷണത്തിൽ മറ്റൊരു കേസ് ഉണ്ടാവുകയും ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരിൽ നിർമ്മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. ഫോൺരേഖകൾ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാൾ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴികൾ. ഇയാളുടെ വാഹനവും സ്ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.

70-ഓളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു. സ്ഫോടകവസ്തു എറിഞ്ഞയാൾ ഇടറോഡുകളിലൂടെ മെഡിക്കൽ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകൾ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.