തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികളെ ഉടനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഉന്നതതല നിർദ്ദേശം ലഭിച്ചതോടെ ആരെയുടെയെങ്കിലും തലയിൽ കേസ് കെട്ടിവെക്കാൻ പോലും ശ്രമം തുടങ്ങി അന്വേഷണ സംഘം. കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ വളരെ ആത്മവിശ്വാസത്തോടെ സിപിഎമ്മിനെ വിമർശിക്കുന്നത്. വെല്ലുവിളിക്കുന്ന വിധത്തിലാണ് അവരുടെ വിമർശനം. ഇതോടെ കോൺഗ്രസ് ബന്ധമുള്ള ആരെയെങ്കിലും പ്രതിയാക്കാനും രാഷ്ട്രീയ സമ്മർദ്ദത്തോടെ ശ്രമം നടക്കുന്നുണ്ട്.

ആക്രമണം നടന്ന സമയത്ത് എകെജി സെന്റർ പരിസരത്തു കൂടി നടന്നുപോയ ആരെങ്കിലമുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്. ലോ കോളേജിലെ കെ.എസ്.യു അനുഭാവിയായ വിദ്യാർത്ഥി ഈ പരിസരത്തു കൂടി പോയെന്ന് സൂചനയുണ്ട്. ഈ വിദ്യാർത്ഥിയുടെ തലയിൽ കേസു കെട്ടിവെക്കാനും ശ്രമം നടക്കുന്നുണ്ട്. നാളെ നിയമസഭ ചേരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അന്വേഷണം വേഗത്തിലാക്കാൻ സിപിഎം സമ്മർദ്ദം പൊലീസിന് മുകളിലുള്ളത്.

സർക്കാരിന് സഭയിൽ പറയാൻ കൃത്യമായ ഉത്തരം ഉണ്ടാകണമെന്ന നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. അതിനിടെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമ തീവയ്‌പ്പ് കേസിന് സമാനമായി ഈ അന്വേഷണം മാറുമെന്ന സംശയം പ്രതിപക്ഷത്തിനുണ്ട്. അതിനിടെ എ കെ ജി സെന്റർ ആക്രമിക്കുമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടയാളെ ജാമ്യത്തിൽ വിട്ടു. അന്തിയൂർകോണം സ്വദേശി റിജുവിനെയാണ് വെറുതെ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനൽച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂർക്കോണം സ്വദേശിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.ആറുദിവസം മുമ്പാണ് ഇയാൾ പോസ്റ്റിട്ടത്.

സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്‌കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് തവണ ഈ സ്‌കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാൽ, നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.

അതിനിടെ ഇന്ന് രാത്രി നാടകീയ അറസ്റ്റുണ്ടാകുമെന്ന സൂചന പൊലീസ് നൽകുന്നുമുണ്ട്. സർക്കാറിന്റെ രാഷ്ട്രീയത്തിന് വേണ്ടിയാണ് പൊലീസ് ഇവിടെ ഇടപെടൽ നടത്തുന്നതും. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന പറഞ്ഞിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയിലേക്കെത്താനുള്ള സൂചനകൾ ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയെന്നാണ് നിഗമനം.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മൊബൈൽ ടവറിന് കീഴിൽ വന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയാനാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. മാത്രമല്ല സംഭവം നടന്ന സമയത്തെ ഫോൺവിളികളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാൽ പ്രതി ഫോണില്ലാതെയാണ് അക്രമണത്തിന് എത്തിയതെന്നും സൂചനയുണ്ട്.

എ.കെ.ജി. സെന്ററിലേക്കു സ്‌ഫോടകവസ്തു എറിഞ്ഞവരെ പിടികൂടാൻ വൈകുന്നത് പൊലീസിനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയാണ്. പ്രതികളെ കണ്ടെത്താൻ വൈകുന്നതോടെ ആരോപണത്തിന്റെ കുന്തമുന സിപിഎമ്മിനു നേരേ തിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. ആക്രമണത്തെ തള്ളിപ്പറയാത്ത കോൺഗ്രസാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം സിപിഎം. കടുപ്പിച്ചു. എന്നാൽ, കണ്ണടച്ചു കോൺഗ്രസ് ഉൾപ്പെടെ ആരിലും ഉത്തരവാദിത്വം അടിച്ചേൽപ്പിക്കാൻ തയാറല്ലെന്ന നിലപാടിലാണ് സിപിഐ.