തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇതുവരെ പ്രതിയെ പിടിക്കാൻ സാധിച്ചില്ല. ഇ പി ജയരാജന്റെ ഇടപെടലിൽ രാഷ്ട്രീയ വിവാദമായി മാറിയ വിഷയത്തിൽ സിപിഎം നാണംകെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

എഡിജിപിയും കമ്മിഷണറും 4 ഡിവൈഎസ്‌പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും പ്രതി അജ്ഞാതനായി തുടരുന്ന എന്നതാണ് പൊലീസിന് നാണക്കേടായി മാറുന്നത്. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം പൊലീസ് തുടരുന്നുണ്ട്. കൃത്യം നടക്കുന്നതിനു 10 മിനിറ്റ് മുൻപ് ഇതുവഴി ഇരുചക്ര വാഹനത്തിൽ കടന്നു പോയ ആളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഈ വ്യക്തിയെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, സ്‌ഫോടക വസ്തു എറിയാൻ സഹായിച്ചെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു. സംഭവത്തിനു മുൻപു പല തവണ എകെജി സെന്ററിനു മുന്നിലൂടെ ചുവന്ന സ്‌കൂട്ടറിൽ പോയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഈ ആളാണു കേസിലെ രണ്ടാം പ്രതിയെന്നാണു പൊലീസ് സൂചിപ്പിച്ചത്. എന്നാൽ നഗരത്തിൽ തട്ടുകട നടത്തുന്ന ഇദ്ദേഹത്തിനു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി.

എകെജി സെന്ററിനു കല്ലെറിയുമെന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്‌തെങ്കിലും അക്രമത്തിൽ പങ്കില്ലെന്നു ബോധ്യമായതോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവത്തിനു പിന്നിൽ ഒരാൾ മാത്രമേയുള്ളൂവെന്ന നിഗമനത്തിലാണു പൊലീസ്. സ്‌ഫോടക വസ്തു എറിഞ്ഞയാളും സഹായിയും എന്നിങ്ങനെ 2 പ്രതികളെന്നാണു കഴിഞ്ഞ ദിവസം വരെ പൊലീസ് പറഞ്ഞിരുന്നത്.

സ്‌ഫോടക വസ്തു എറിഞ്ഞയാൾ അവിടെ നിന്നു 4 കിലോമീറ്റർ അകലെ പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു സിസിടിവി ക്യാമറകളിൽനിന്നു കിട്ടിയത്. ഈ ദൃശ്യങ്ങളിൽനിന്നു വാഹന നമ്പർ തിരിച്ചറിയാൻ പറ്റുന്നില്ലെന്നാണു പൊലീസ് പറയുന്നത്. പ്രതി ആരാണ് എന്നതിലേറെ അയാളുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു പ്രസക്തിയുള്ള ഈ കേസിൽ അന്വേഷണം ഇഴയുന്നതു പൊലീസിനു നാണക്കേടായി.

അതിനിടെ, ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള പ്രത്യേക സംഘത്തിന്റെ തീരുമാനത്തിനു മുന്നിൽ 'ചുവപ്പുകൊടി' വീശിയതായി ആക്ഷേപമുണ്ട്. ഇടതുപശ്ചാത്തലമുള്ളവരെ കുറിച്ചുള്ള അന്വേഷണത്തിനാണ് തടയിട്ടിരിക്കുന്നത്. മുമ്പ് സമാനമായ ആക്രമണം നടത്തിയവരാണ് ഇക്കൂട്ടർ.

ഇന്നു നിയമസഭ ചേരുമ്പോൾ ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷമായ വിമർശനമുയരുന്നതു സർക്കാരിനെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽനിന്നു ശ്രദ്ധതിരിക്കാൻ സിപിഎം. സ്പോൺസർ ചെയ്ത ആക്രമണമാണു നടന്നതെന്ന പ്രതിപക്ഷാരോപണത്തിന്റെ മുനയൊടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നതു പരിഗണനയിലാണ്.

അതീവ സുരക്ഷാമേഖലയിൽ നടന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചേക്കും. സിപിഎം. ഓഫീസ് ആക്രമണം കാര്യമായി അന്വേഷിക്കണമെങ്കിൽ കോൺഗ്രസുകാർ സമരം ചെയ്യണോ എന്ന പരിഹാസം സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.