എ.കെ.ജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി; ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചു ചർച്ച ചെയ്യും; പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത വിഷയം എടുത്തിട്ട് ഭരണപക്ഷം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുമതി. ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ നേരമാണ് അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുകയെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു.
പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയത്. എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടതായി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ഇതടക്കമുള്ള വിഷയം എടുത്തു ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ് നീക്കം നടത്തിയത്.
അതിഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ക്രമസമാധാനം തകർന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണം ഭീതിയോടെ മാത്രമേ കാണാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. പതിനായിരങ്ങളുടെ അമർഷത്തിനും പ്രതിഷേധത്തിനും ഈ സംഭവം വഴിവെച്ചു. ലക്ഷക്കണക്കിന് പേർക്ക് വേദനയോടെയേ ആക്രമണ വിവരം കേൾക്കാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം രാഹുലിന്റെ വയനാട്ടിലെ ഓഫീസിനെതിരെ എസ്.എഫ്.ഐ അക്രമം നടത്തി പോയതിന് ശേഷമാണ് ഗാന്ധി ചിത്രം തകർത്തതെന്നാണ് പൊലീസ് റിപ്പോർട്ട് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. ഇത് സംബന്ധിച്ച് സബ്മിഷൻ സഭയിൽ എത്തിയിട്ടുണ്ട്.
ആക്രമണം നടത്തിയ എസ്എഫ്ഐക്കാർ പോയതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങൾ വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് അടിച്ച് തകർത്ത ശേഷം രാഹുലിന്റെ ചിത്രവും വാഴയും എസ്എഫ്ഐക്കാർ അവിടെ സ്ഥാപിച്ചു. ഈ സമയത്തും ഗാന്ധി ചിത്രം ചുമരിൽ തന്നെ ഉണ്ടായിരുന്നു.
എസ്എഫ്ഐ പ്രവർത്തകർ പോയതിനും കോൺഗ്രസ് പ്രവർത്തകർ വന്നതിനും ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തിൽ ഗാന്ധി ചിത്രം കമിഴ്ന്ന നിലയിലായിരുന്നു. പിന്നീടത് മുഖം കാണുന്ന രീതിയിലേക്ക് മാറിയെന്നും പൊലീസ് പറയുന്നു. ഗാന്ധി ചിത്രമടക്കം എസ്എഫ്ഐ തകർത്തെന്ന് കാണിച്ച് യുഡിഎഫും കോൺഗ്രസും വ്യാപക പ്രചാരണമായിരുന്നു നടത്തിയിരുന്നത്. ഗാന്ധി ചിത്രം തങ്ങൾ തകർത്തില്ലെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് തകർത്തതെന്നും എസ്എഫ്ഐയും ആരോപണമുയർത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ