- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത പൊലീസ് കാവലിൽ ബോംബേറ്; ഇരുചക്രവാഹനത്തെ പിന്തുടരാത്തതും വീഴ്ച; കുന്നുകുഴി റിങ് റോഡിൽ അക്രമിയെ കുടുക്കി പിടിക്കാനും രാത്രിയിൽ ശ്രമമുണ്ടായില്ല; സിസിടിവി പരിശോധനയിൽ തുമ്പൊന്നും കിട്ടിയില്ലെന്ന് സൂചന; എകെജി സെന്ററിലെ അക്രമത്തിൽ കേസെടുത്തത് സ്ഫോടക വസ്തു നിരോധന നിയമം പ്രകാരം; പ്രതി ഒളിവിൽ തുടരുമ്പോൾ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം കഴിഞ്ഞ് പന്ത്രണ്ടു മണിക്കൂറായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനാകാത്തത് സർക്കാരിനും സിപിഎമ്മിനും നാണക്കേടാകും. എകെജി സെന്ററിന് പുറകിലൂടെയുള്ള വഴിയേയാണ് അക്രമി എത്തിയത്. അതു വഴി തിരിച്ചു പോകുകയും ചെയ്തു. തിരുവനന്തപുരത്തെ പ്രധാന റിങ് റോഡാണ് ഇത്. അക്രമം നടക്കുമ്പോൾ എകെജി സെന്ററിന്റെ മെയിൻ ഗേറ്റിൽ പൊലീസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബോംബ് സ്ഫോടന വിവരം വയർലസിലൂടെ നൽകാനും സാധ്യതയുണ്ട്. അത്തരത്തിൽ സന്ദേശം പോയാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാം. ഇതാണ് കുന്നുകുഴി വഴിയുള്ള റിങ് റോഡിന്റെ പ്രത്യേകത. ഈ സാധ്യത പൊലീസ് ഉപയോഗിക്കാത്തത് വലിയ വിവാദമാകും.
എകെജി സെന്ററിന് മുമ്പിൽ ബോംബ് എറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് തുടക്കത്തിൽ ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് പ്രതിയെ പിടിക്കാൻ കഴിയുന്ന തുമ്പൊന്നും കിട്ടിയില്ലെന്നാണ്. അക്രമം നടന്ന രാത്രിയിൽ തന്നെ പൊലീസ് അതിശക്തമായ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ പ്രതി കൂടുങ്ങുമായിരുന്നു. വഞ്ചിയൂർ, പേട്ട, മ്യൂസിയം, കൺറ്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളുടെ ഒത്ത നടുവിലായാണ് എകെജി സെന്റർ. മെഡിക്കൽ കോളേജ് പൊലീസിനെ കൂടി ഉപയോഗിച്ച് രാത്രിയിൽ തന്നെ റോഡുകളിൽ പരിശോധന അതിവേഗം നടത്തിയിരുന്നുവെങ്കിൽ പ്രതി കുടുങ്ങുമായിരുന്നു. എന്നാൽ ഇതിനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന വിലയിരുത്തലും സജീവമാണ്.
എകെജി സെന്ററിന് പിൻവശത്തൂ കൂടി പോയാൽ ജനറൽ ആശുപത്രിയിലും പാറ്റൂരിലും ലോ കോളേജ് ജംഗ്ഷനിലും എംഎൽഎ ഹോസ്റ്റൽ പരിസരത്തും മാത്രമേ ഇറങ്ങാനാകൂ. ഈ സാധ്യത മനസ്സിലാക്കിയുള്ള അതിവേഗ ഇടപെടൽ സിറ്റി പൊലീസ് നടത്തിയില്ലെന്ന ആക്ഷേപമാണ് പുറത്തു വരുന്നത്. ഒരാൾ മാത്രമാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. എന്നാൽ രണ്ടു ബൈക്കുകൾ സ്ഥലത്തെത്തിയതിൽ സിപിഎം സംശയം കാണുന്നുണ്ട്. പൊലീസ് ചലനങ്ങൾ മനസ്സിലാക്കി നിർദ്ദേശം ചിലർ നൽകിയെന്നാണ് സിപിഎം സംശയം. ഇതെല്ലാം ഗൂഢാലോചന തിയറിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
സിപിഎമ്മിന്റെ സ്വാധീന മേഖലയാണ് കുന്നുകുഴി. ഇവിടെ നിന്നാണ് മുമ്പ് ബിജെപി ഓഫീസ് ആക്രമണത്തിന് സിപിഎം നേതാക്കളായ ഐപി ബിനുവും കൂട്ടരും ഗൂഢാലോചന നടത്തിയത്. അതുകൊണ്ട് തന്നെ ഈ ഭാഗത്തു കൂടി അക്രമി എത്തിയെന്നതും നിർണ്ണായകമാണ്. സിപിഎമ്മിന്റെ തന്നെ സ്ഥാപനങ്ങളായ ചിന്തയുടേയും മറ്റും ഓഫീസും ഈ വഴിയിലുണ്ട്. ഈ ഭാഗത്തെല്ലാം സിസിടിവി ക്യാമറകളും ഉണ്ടാകാൻ സാധ്യത ഏറെയാണ്. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ അറിയിച്ചു.
കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. വീടുകൾ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ''സിസിടിവി ദൃശ്യങ്ങളൊക്കെ നോക്കിയിരുന്നു. രാത്രി ആയതിനാൽ ഒരുപാട് ദൃശ്യങ്ങളൊന്നും കിട്ടിയില്ല. വിശദമായ പരിശോധനകൾ നടത്തുകയാണ്. ഒരാൾ രാത്രി ബൈക്കിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞതായാണ് മനസിലാക്കുന്നത്. സ്ഫോടക വസ്തുവിന്റെ വിശദാംശങ്ങളെപ്പറ്റി അറിയില്ല. ബാക്കി വിവരങ്ങൾ കൂടി അറിഞ്ഞതിനു ശേഷമേ എന്തെങ്കിലും പറയാനാവൂ.''- സ്പർജൻ കുമാർ പറഞ്ഞു. സംഭവത്തിൽ സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
എ.കെ.ജി സെന്ററിലെ സ്ഫോടനത്തിൽ ജീവനും സ്വത്തിനു നാശം വരുത്താനായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ എഫ്ഐആർ. ആക്രമണത്തിനു പിന്നിൽ ആരെന്ന് സൂചനയില്ല. വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തിൽ വ്യക്തമല്ല. അതിനിടെ ചില സൂചനകൾ ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. അക്രമിയെ വേഗത്തിൽ പിടികൂടുമെന്നും പറഞ്ഞു. അതേ സമയം ഒരിടത്തും പ്രതിഷേധം അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. ജാഗ്രത പുലർത്താനും പ്രകോപനം അരുതെന്നും ജില്ലാ കമ്മിറ്റികൾക്കും യുവജന സംഘടനകൾക്കും സിപിഎം നിർേദശം നൽകി.
എ കെ ജി സെന്റർ പോലെ കനത്ത സുരക്ഷ ഉള്ള ഒരിടത്ത് പൊലീസ് കാവലുണ്ടായിരിക്കെ എങ്ങനെ ആക്രമണം ഉണ്ടായെന്നതാണ് പ്രധാന ചോദ്യം. അക്രമം ഉണ്ടായ ഉടൻ പൊലീസ് എന്തുകൊണ്ട് ഇരുചക്രവാഹനത്തെ പിന്തുടർന്നില്ലെന്നതും പ്രധാനമാണ്. എന്നാൽ ചുറ്റും ക്യാമറ ഉള്ള എ കെ ജി സെന്ററിൽ അതേ കുറിച്ച് അറിയാത്ത ഒരാൾക്ക് അക്രമം നടത്താനാകുമോ എന്നതാണ് പ്രതിപക്ഷ ചോദ്യം. വിമർശനങ്ങൾ വ്യാപകമായതോടെ എ.കെ.ജി സെന്ററിന്റെ പരിസരത്ത് വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. അക്രമി സഞ്ചരിച്ച കുന്നുകുഴി റോഡിലെ വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. അവ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു. 15 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന.
ആക്രമണം നടത്തിയ ആൾ 11.20ന് എ കെ ജി സെന്ററിലേക്കും 11.23 ന് കുന്നുകുഴിയിലേക്കും സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്കൂട്ടറിൽ വന്ന ഒരാൾ സ്ഫോടക വസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തിൽ വാഹനത്തിൽ പോകുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം. മുന്നിലെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നുവെന്നാണ് സിപിഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞത്. രണ്ട് ബൈക്കുകൾ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ