- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) നിയന്ത്രണത്തിലുള്ള എകെജി ആശുപത്രിയിൽ നഴ്‌സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പീഡനം; 34 നഴ്‌സിങ് ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം; നടപടിയെ ചോദ്യം ചെയ്ത രണ്ട് നഴ്‌സുമാർക്ക് സസ്പെൻഷൻ; മിന്നൽ പണിമുടക്കുമായി നഴ്‌സുമാർ രംഗത്തെത്തിയത് സഹികെട്ട്
കണ്ണൂർ: പാവങ്ങളുടെയും തൊഴിലാളികളുടെയും മിശിഹയായിരുന്ന സഖാവ് എം കെ ഗോപാലന്റെ പേരിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ നഴ്‌സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പീഡനം. മറ്റ് സ്വകാര്യ ആശുപത്രികളേക്കാൾ കുറഞ്ഞ തോതിൽ ശമ്പളം നൽകുകയും തൊഴിൽസുരക്ഷ ഉറപ്പാകാതെ തോന്നിയതു പോലെ പിരിച്ചുവിടുന്ന നടപടികളിലും ജീവനക്കാർക
കണ്ണൂർ: പാവങ്ങളുടെയും തൊഴിലാളികളുടെയും മിശിഹയായിരുന്ന സഖാവ് എം കെ ഗോപാലന്റെ പേരിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ നഴ്‌സുമാർക്ക് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പീഡനം. മറ്റ് സ്വകാര്യ ആശുപത്രികളേക്കാൾ കുറഞ്ഞ തോതിൽ ശമ്പളം നൽകുകയും തൊഴിൽസുരക്ഷ ഉറപ്പാകാതെ തോന്നിയതു പോലെ പിരിച്ചുവിടുന്ന നടപടികളിലും ജീവനക്കാർക്കിടയിൽ കടുത്ത അമർഷം നിലനിൽക്കുകയാണ്. ആശുപത്രി മാനേജ്്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ തെറ്റായ നടപടികളെ ചൂണ്ടിക്കാട്ടുകയും ശമ്പള കാര്യത്തിലെ അസമത്വം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഴ്‌സിങ് ജീവനക്കാർ സംഘടിച്ച് രംഗത്തെത്തിയതോടെയാണ് തൊഴിലാളി മുന്നേറ്റത്തെ തടയിടാൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാർ പ്രതികാര നടപടികളുമായി രംഗത്തെത്തിയത്.
ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യത്തിന്റെ കാര്യത്തെയും ചൊല്ലി ഏറെക്കാലമായി എകെജി ആശുപത്രി മാനേജ്‌മെന്റുമായി ജീവനക്കാർ ശീത സമരത്തിലാണ്. ഇത് ഇന്ന് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത് സഹികെട്ടാണ്. ഇന്ന് ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. ആശുപത്രിയിലെ 34 നഴ്‌സിങ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തെ എതിർത്തതിന്റെ പേരിൽ രണ്ടു സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു സമരം നടത്തിയത്. സമരം നടക്കുന്നത് അറിഞ്ഞ് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ നേരിട്ടെത്തി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്.
ദിവസവേതനക്കാരായ 34 നഴ്‌സുമാരോടാണ് അടുത്ത മാസം മുതൽ ജോലിക്കു ഹാജരാകേണ്ടെന്നു ആശുപത്രി ഭരണസമിതി നിർദ്ദേശിച്ചത്. വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവന്ന ജീവനക്കാർക്ക് ഇതോടെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ തൊഴിൽ നഷ്ടമാകുന്ന അവസ്ഥ സംജാതമായി. ശമ്പളവർധനയ്ക്കായി കഴിഞ്ഞ മാസം ആശുപത്രിയിൽ നടന്ന സമരത്തിൽ പങ്കെടുത്തിന്റെ പ്രതികാര നടപടിയാണിതെന്നാണു സമരക്കാരുടെ ആരോപണം. എന്നാൽ, മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വേതനമാണ് സിപിഐ(എം) ഭരണ സമിതി നടത്തുന്ന ഈ ആശുപത്രിയിൽ നൽകിപോന്നത്. സർക്കാർ നിശ്ചയിച്ചത് പ്രകാരമുള്ള ശമ്പളമല്ല, ഇവിടെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ജീവനക്കാർക്കും ലഭിക്കുന്നത്.
സ്ഥിരനിയമനം ലഭിച്ച നഴ്‌സിങ് ജീവനക്കാർക്ക് പോലും അർഹതപ്പെട്ട ആനുകൂല്യം തടഞ്ഞുവെക്കുന്ന സ്ഥിതി സംജാതമായതോടെയാണ് ജീവനക്കാരിൽ നിന്നും എതിർപ്പ് ശക്തമായത്. നിയമപ്രകാരം ജീവനക്കാർക്ക് നൽകാനുള്ള ശമ്പളം നൽകുന്നതിൽ വീഴ്‌ച്ച വരുത്തിയതിന്റെ പേരിലാണ് സമരത്തിലേക്കിറങ്ങാനും നഴ്‌സുമാർ തീരുമാനിച്ചത്. നേരത്തെ ശമ്പള പ്രശ്‌നം ജീവനക്കാർ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇത് പരിഹരിക്കാനുള്ള ശ്രമം ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. 34 ജീവനക്കാരെ പിരിച്ചുവിട്ട് കോൺട്രാക്ട് അടിസ്ഥാനത്തിൽ നഴ്‌സുമാരെ നിയമിക്കാനായിരുന്നു ആശുപത്രി അധികൃതർ നടത്തിയ ശ്രമം. ഇത് ചോദ്യം ചെയ്ത രണ്ടു നഴ്‌സുമാരെയാണു ഇന്നു രാവിലെ സസ്‌പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണു നഴ്‌സുമാർ ഇന്നു രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ തൊഴിലാളി സംഘടനകൾക്ക് പ്രവർത്തിക്കാൻ പോലും അനുവദിക്കാത്തതിനെയാണ് നഴ്‌സിങ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്. നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനായായ യുണൈറ്റഡ് നേഴ്സ്സസ് അസോസിയേഷനെ പ്രവർത്തിക്കാൻ പോലും ആശുപത്രി മാനേജ്‌മെന്റ് അനുവദിച്ചിരുന്നില്ല. സിഐടിയുവിന് കീഴിലുള്ള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ കീഴിലാണ് ആശുപത്രിയിലെ ജീവനക്കാർ. ഈ യൂണിയനിൽപ്പെട്ട രണ്ട് അംഗങ്ങളെയാണ് ആശുപത്രി അധികൃതർ സസ്‌പെന്റ് ചെയ്തത്.
പാർട്ടിയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ജീവനക്കാരാണ് ഇവിടെയുള്ളതെങ്കിലും ആശുപത്രിയുടെ നടത്തിപ്പുകാരായ എം പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിനോട് ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും മുതിർന്ന നേതാക്കളാണ് ഇവിടെ ആശുപത്രി ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. എന്നാൽ, സംഘടനാ പ്രവർത്തനത്തെ നിഷേധിക്കുന്ന വിധമാണ് ആശുപത്രി മാനേജ്‌മെന്റിലെ ചിലർ പ്രവർത്തിക്കുന്നത്. ഒരു വിഭാഗം നേതാക്കളുടെ തോന്നിവാസമാണ് ഇവിടെ നടക്കുന്നതെന്ന് ജീവനക്കാരിൽ തന്നെ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.
എന്തായാലും തൊഴിലാളി വർഗപാർട്ടി നടത്തുന്ന ആശുപത്രിയിലെ നീതിനിഷേധം സോഷ്യൽ മീഡിയയിൽ സിപിഐ(എം) വിരുദ്ധർ ആഘോഷമാക്കിയിട്ടുണ്ട്. കല്യാൺ സിൽക്‌സിലെ വനിതാ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റിയതും സംഘടനാ പ്രവർത്തനത്തിന്റെ പേരിലായിരുന്നു. എകെജിയുടെ പേരിലുള്ള ആശുപത്രിയിലെ ജീവനക്കാർക്ക് നീതി നിഷേധിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുകയാണ് ചിലർ. കണ്ണൂരിൽ എം വി രാഘവൻ ശക്തനായിരുന്ന കാലത്ത് സഹകരണമേഖലയിൽ കെട്ടിപ്പെടുത്തിയതാണ് ഈ ആശുപത്രി. പിന്നീട് അദ്ദേഹം പാർട്ടി വിട്ടപ്പോൾ ഈ ആശുപത്രിയുടെ പേരിൽ സിപിഐ(എം) അദ്ദേഹവുമായി കൊമ്പുകോർത്തിരുന്നു. ഒടുവിൽ സിപിഐ(എം) തന്നെ ആശുപത്രി ഭരണം പിടിച്ചെടുക്കുകയായിരുന്നു.