നെയ്യാറ്റിൻകര: അഖജയെന്ന പതിനേഴുകാരി വിവാഹ നിശ്ചയത്തിനുശേഷം ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത് എന്താണെന്ന് ആർക്കും നിശ്ചയമില്ല. ശീകല- അനിൽകുമാർ ദമ്പതികളുടെ ഏക മകളാണ് അഖജ. പതിനേഴ് വർഷങ്ങൾക്കുമുമ്പ് അനിൽകുമാർ കിണറ്റിൽ വീണ് മരണപ്പെട്ടതോടെ മാതാവ് ശ്രീകലയുടെ സംരക്ഷണയിലായിരുന്നു കമ്പ്യൂട്ടർ വിദ്യാർത്ഥിയായ അഖജയുടെ താമസം. ഭർത്താവിന്റെ മരണത്തിൽ മാനസികമായി തകർന്ന ശ്രീകലയും എട്ടുവർഷം മുമ്പ് മരിച്ചു. ഇതോടെ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായി. പിന്നീട് അപ്പൂപ്പനും മരിച്ചു. ഇതോടെ അമ്മൂമ്മയുടെ ഏക തുണയായിരുന്നു അഖജ.

പതിവുപോലെ തലേ രാത്രി അത്താഴമുണ്ട് ഉറങ്ങാൻ കിടന്ന അഖജ നേരം പുലർന്നിട്ടും എഴുന്നേൽക്കാതായപ്പോൾ ശ്യാമള കതകിൽ തട്ടിവിളിച്ചു. പലതവണവിളിച്ചിട്ടും അനക്കമുണ്ടായില്ല. കാരണമറിയാതെ ശ്യാമള നിലവിളിച്ചു.അയൽവാസികൾ എത്തി കതക് ചവിട്ടി തുറന്ന് നോക്കിയപ്പോൾ കണ്ടത് ഓടിട്ട വീടിന്റെ കഴുക്കോലിൽ ഷാളിൽ തൂങ്ങി നിൽക്കുകയായിരുന്നു അഖജ. നൈറ്റിയായിരുന്നു വേഷം. മരണ കാരണം മാത്രം ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.

മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതെ വളർന്ന അവളെ പ്രായപൂർത്തിയാകുമ്പോഴേക്കും ആരുടെയെങ്കിലും കൈപിടിച്ച് ഏൽപ്പിക്കണമെന്നായിരുന്നു ശ്യാമളയുടെ സ്വപ്നം.ബന്ധുവായ വർക്കല സ്വദേശി, ഗൾഫിൽ ജോലിയുള്ള ഒരു യുവാവിന്റെ വിവാഹാലോചന കൊണ്ടുവന്നു. പെൺകുട്ടിയെ വരന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു. വർക്കലയിൽ വച്ച് മോതിര കല്യാണം നടത്തി. രണ്ട് വർഷത്തിനകം വിവാഹം നടത്താനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ചയിൽ ചെറുക്കനും കൂട്ടരും അഖജയുടെ താന്നിമൂടുള്ള വീട്ടിൽ വന്നിരുന്നു. സദ്യവട്ടമൊക്കെ കഴിഞ്ഞ് സന്തോഷമായിട്ടാണ് മടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ബന്ധുക്കളോടൊപ്പം എത്തിയ വരനെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ അവൾ അതൃപ്തി അറിയിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പൊലീസിനോട് പറഞ്ഞു. എന്നാൽ, മുത്തശിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ല.

നാട്ടിൻപുറത്താണ് അഖജയും മുത്തശിയും താമസിച്ചുവന്നത്. പ്രധാന റോഡിൽനിന്നും കഷ്ടിച്ച് 50മീറ്റർ അകലത്തിലാണ് ശ്യാമളയുടെ വീട്. ശ്യാമളയ്ക്ക് രണ്ട് പെൺമക്കൾ. മൂത്തമകളെ പെരിങ്ങമ്മലയിലും രണ്ടാമത്തെ മകൾ ശ്രീകലയെ മീനാങ്കലുമാണ് വിവാഹം ചെയ്ത് അയച്ചത്. തൊഴിലുറപ്പിനും മറ്റ് ജോലികൾക്കും പോയാണ് ശ്യാമള അഖജയെ വളർത്തിയത്. കുഞ്ഞുനാൾ മുതൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു അഖജ. ചിത്രരചന, വായന,കലാകായിക വിനോദങ്ങൾ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും മികവ് കാട്ടി.

ബാലരാമപുരത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അവിടെത്തന്നെയുള്ള സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് ടുവും പഠിച്ച അഖജ പോങ്ങുംമൂട്ടിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിയായിരിക്കെയാണ് മരണം ജീവനെടുത്തത്. ആഴ്ചയിൽ നാലുദിവസം മാത്രമാണ് അഖജയ്ക്ക് കമ്പ്യൂട്ടർ ക്ലാസുള്ളത്. സംഭവ ദിവസം ക്‌ളാസുണ്ടായിരുന്നില്ല.