തിരുവനന്തപുരം. കാട്ടാക്കട വീരണകാവ് ഹയർസെക്കന്ററി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയായ മൈലക്കര ഷൊർലക്ക് കോഡ് വീട്ടിൽ ബഷീർ-ഷീല ദമ്പതികളുടെമകൾ തസ്ലീമയുടെ മരണത്തിൽ പൊലീസുകാരന്റെ പ്രണയ ചതിയിൽ അന്വേഷണം വേണമെന്ന് ആവശ്യം. വീട്ടിലെ ബാത്റൂമിന്റെ ഷവറിൽ തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷംവീട്ടു വളപ്പിൽ സംസ്‌ക്കരിച്ചു.

അയൽവാസിയും പൊലീസ് ഉദ്യോഗസ്ഥനുമായ അഖിൽ ഒരു വർഷം മുൻപ് തസ്ലീമയെ വിവാഹം കഴിക്കണമെന്ന് തസ്ലിമയുടെ അമ്മ ഷീലയെ നേരിൽ കണ്ട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു . അവൾ പഠിച്ചുകൊണ്ട് നിൽക്കുകയല്ലേ പഠിത്തം കഴിഞ്ഞതിനുശേഷം നമുക്ക് കാര്യങ്ങൾ ആലോചിക്കാം എന്നു അമ്മയായ ഷീല പറയുകയും പരമാവാധി അഖിലിനെ നിരുൽസാഹപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ ആരംഭിച്ച ഓൺലൈൻ ക്ലാസ്സിനു വേണ്ടി മകൾ തസ്ലീമയ്ക്ക് വാങ്ങിക്കൊടുത്ത ഫോണിന്റെ നമ്പർ കൈവശപ്പെടുത്തിയ അഖിൽ നിരന്തരം മകളെ ശല്യപ്പെടുത്തിയിരുന്നതായി തസ്ലീമയുടെ അമ്മ പറയുന്നു. തസ്ലീമ യുമായുള്ള ബന്ധം അറിഞ്ഞ അഖിലിന്റെ അച്ഛൻ സൈമൺ തന്നെ നേരിൽ കാണുകയും എന്റെ മകനും നിന്റെ മകളും തമ്മിൽ ബന്ധം ഉണ്ടെന്നും അത് നടക്കുകയില്ലെന്നും നടക്കണമെങ്കിൽ 10 ലക്ഷം രൂപയും 25 പവൻ ആഭരണവും ഒരു കാറും വേണമെന്നും ആവശ്യപ്പെട്ടതായും തസ്ലീമയുടെ അമ്മ പറയുന്നു.

എന്നാൽ സാധുക്കളായ ഞങ്ങൾക്ക് ഇതൊന്നും കൊടുക്കാൻ കഴിയില്ല എന്നും ഇതെല്ലാം കിട്ടുന്നിടത്തു നിന്ന് കല്യാണം കഴിക്കണമെന്നും തസ്ലിമയുടെ അമ്മ ഷീല അഖിലിന്റെ അച്ഛൻ സൈമനോട് പറഞ്ഞിരുന്നു. അഖിലിന്റെ വീട്ടുകാരുടെ എതിർപ്പു ഭയന്നും നിരന്തര സംശയ രോഗവും മദ്യപിച്ചു കൊണ്ടുള്ള അസഭ്യം പറയലും കാരണം തസ്ലീമ അഖിലിന്റെ ഫോൺ ബ്ലോക്ക് ചെയ്തിരുന്നതായും തസ്ലീമയുട അമ്മ പറഞ്ഞു.

ഒരാഴ്ചമുമ്പ് അഖിലിന്റെ കൂടെ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശിയായ സുഹൃത്ത് തസ്ലീമയെ വിളിക്കുകയും അഖിൽ ഓഫീസിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു എന്നും അതിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടുത്തി ഓഫീസിൽ കിടത്തിയിരിക്കുകയാണ് നിന്നോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ട് നീ ഫോൺ ബ്ലോക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതനുസരിച്ച് തസ്ലീമ ഫോൺ ബ്ലോക്ക് മാറ്റി അഖിലുമായിസംസാരിച്ചിരുന്നു.

തുടർന്ന് സംഭവ ദിവസം രാവിലെ തസ്ലിമയുടെ വീടിനു പരിസരത്തുള്ള യുവാക്കൾ അഖിലിനോട് തസ്ലീമയെപ്പറ്റി മോശമായി പറഞ്ഞു എന്ന് ആരോപിച്ച് അഖിൽ ഫോണിൽ വിളിച്ച് വളരെ മോശമായ രീതിയിൽ അനാവശ്യ വാക്കുകൾ പറഞ്ഞു എന്ന് തസ്ലീമ അമ്മയോട് പറഞ്ഞിരുന്നു. വൈകുന്നേരത്ത് തീരെ ദുഃഖിതയായാണ് മകളെ കണ്ടെതെന്നും അമ്മ ഷീല പറയുന്നു. രാത്രിയാണ് ബാത്റൂമിലെ ഷവറിൽ ലെഗിൻസ് ഉപയോഗിച്ച് തസ്ലീമ തൂങ്ങി മരിച്ചത്.

അഖിലും അച്ഛൻ സൈമണും കാരണമാണ് മകൾ ആത്മഹത്യചെയ്തതെന്ന് അമ്മ ഷീല ആരോപിക്കുന്നു. കുറച്ചുദിവസം മുൻപ് അഖിലിന്റെ അച്ഛൻ സൈമൺ തസ്ലിമയുടെ ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചു എന്നും അമ്മ പറയുന്നു.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

തസ്ലീമയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തെന്നും ആത്മഹത്യാ പ്രേരണ കുറ്റം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണന്നും നെയ്യർഡാം എസ് എച്ച ഒ ബിജോയ് അറിയിച്ചു. കുട്ടിയുടെ മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും തുടർ നടപടി സ്വീകരിക്കുക.

എസ് എ പി യിലെ പൊലീസുകാരനായ അഖിലുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവന്ന് ഇൻക്വിസ്റ്റ്് റിപ്പോർട്ടിൽ തസ്ലീമയുടെ ബന്ധു മൊഴി നല്കിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.