കൊല്ലം: ഭാര്യയും ഭർത്താവും തമ്മിലെ പ്രശ്‌നത്തിൽ നാട്ടുകാർ രണ്ടുവട്ടം ആലോചിച്ചേ ഇടപെടാറുള്ളൂ. കാരണം അവർ കുടുംബമാണ് ഇന്നല്ലെങ്കിൽ നാളെ ഒന്നിക്കും. പിന്നെ ഇടപെട്ടവർ ശത്രുപക്ഷത്താകും. ഇതാണോ പത്തനാപുരത്തും സംഭവിച്ചത്? ഏതായാലും പുലിവാല് പിടിച്ചത് പത്തനാപുരം എസ് ഐയാണ്. വീട്ടു വഴക്കിനെക്കുറിച്ച് അമ്മയും മകളും പരാതിപ്പെട്ടപ്പോൾ പൊലീസ് അച്ഛനെ പോക്‌സോ ചുമത്തി ജയിലിലടച്ചുവെന്നാണ് പരാതി. പത്തനാപുരം പാതിരിക്കൽ മുട്ടക്കുഴി വീട്ടിൽ രാജേന്ദ്രനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം. ഇത് വിശദീകരിച്ച് രാജേന്ദ്രന്റെ ഭാര്യ ശോഭനയും 15 വയസുള്ള മകളും വാർത്താസമ്മേളനവും നടത്തി.

അഖില കേരള സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാജേന്ദ്രൻ. പത്തനാപുരം സി.ഐ ചെയർമാനായ എസ്.സി -എസ്.ടി മോണിട്ടറിങ് കമ്മിറ്റി മെമ്പർ കൂടിയായ രാജേന്ദ്രൻ ദളിതരുടെ പ്രശ്‌നങ്ങളിൽ പത്തനാപുരം എസ്.ഐ എടുക്കുന്ന നിലപാടുകൾക്കെതിരെ നിരന്തരം പരാതികളുന്നയിച്ചിരുന്നു. അതിന്റെ പക തീർക്കാനാണ് രാജേന്ദ്രനെ പോക്‌സോ ചുമത്തി ജയിലിലാക്കിയതെന്നാണ് ആരോപണം. ഇതോടെ കുടുംബ വഴക്കിന് പുതിയ തലം ലഭിക്കുകയാണ്.

മകളെ തല്ലിയെന്നല്ലാതെ അവളെ മറ്റൊരു രീതിയിലും ഭർത്താവ് സ്പർശിച്ചിട്ടേയില്ലെന്ന് ശോഭനയും അരുതാത്തതൊന്നും അച്ഛന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു പെൺകുട്ടിയും പറഞ്ഞു. ദളിത് നേതാവായ രാജേന്ദ്രനോട് പത്തനാപുരം എസ്.ഐ വ്യക്തിപരമായ പക വീട്ടിയതാണെന്നാണ് ഇവർ ആരോപിക്കുന്നു. എസ് ഐയ്‌ക്കെതിരെ ആക്ഷേപവുമായി ദളിത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബർ 29ന് രാത്രി വഴക്കിനിടെ രാജേന്ദ്രൻ തന്നെ തല്ലിയതായി ശോഭന പറയുന്നു. തടസം പിടിക്കാനെത്തിയ മകളെയും തല്ലി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അന്ന് രാത്രി പത്തിന് മകൾക്കൊപ്പം പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നു. മകളാണ് പരാതി എഴുതിയത്.

പക്ഷേ, പത്തനാപുരം എസ്.ഐ തന്റെ മൊഴിയെടുക്കാതെ മകളോട് മാത്രം സംസാരിച്ചു. രാത്രി 11ന് കുന്നിക്കോട് സ്റ്റേഷനിൽ എത്തിച്ചു. അടുത്ത ദിവസം രാവിലെ 9ന് മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവളെ കൊട്ടാരക്കര ആശുപത്രിയിൽ കൊണ്ടു പോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 29ന് രാത്രി ഒന്നിന് രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്- രാജേന്ദ്രന്റെ ഭാര്യ പറയുന്നു. ഇത് ചതിയായിരരുന്നുവെന്നാണ് ആരോപണം.

കോടതിയിൽ ഹാജരാക്കുമ്പോൾ അച്ഛനെതിരെ എങ്ങനെ മൊഴി നൽകണമെന്ന് എസ്.ഐ പറഞ്ഞു പഠിപ്പിച്ചുവെന്നും മൊഴി മാറ്റി പറഞ്ഞാൽ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുമെന്ന് ഒരു പൊലീസുകാരൻ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. പീഡനം എന്നാൽ അച്ഛൻ അടിച്ചതെന്നാണ് കരുതിയത്. പിന്നീടാണ് പൊലീസ് മറ്റൊരു രീതിയിലാണ് കേസെടുത്തതെന്ന് മനസിലായത്. അപ്പോഴൊന്നും അമ്മയോട് സംസാരിക്കാൻ പോലും പൊലീസ് തന്നെ അനുവദിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ പിതാവിനെതിരെ പെൺകുട്ടി മൊഴി തന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പത്തനാപുരം സി.ഐ അൻവർ പറഞ്ഞു.

പീഡനം നടന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടില്ല. വ്യക്തിവൈരാഗ്യം മൂലം കേസെടുത്തതല്ല. ഇപ്പോൾ മൊഴിമാറ്റുന്നതിന് കാരണം അറിയില്ല. മജിസ്‌ട്രേട്ടിനും കുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ കൂടുതലൊന്നും പറയാനാകില്ലെന്നും എസ് ഐ വിശദീകരിച്ചു.