ലക്‌നൗ: തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിന്റെ തെളിവാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച സ്ഥലങ്ങളിലാണ് ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് എന്നാണ് അഖിലേഷ് യാദവിന്റെ ആരോപണം.

ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച സ്ഥലങ്ങളിൽ ബിജെപിക്ക് നേടാനായത് വെറും 15 ശതമാനം മാത്രം വോട്ട് മാത്രമാണ്. അതേ സമയം മറ്റിടങ്ങളിൽ 46 ശതമാനം വോട്ട് നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച പിന്തുണ മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും കൊൽക്കത്തയിൽ അഖിലേഷ് യാദവ് പറഞ്ഞു.

യുപിയിലെ സമാജ്‌വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരിയും തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് തിരിച്ചടിയാണെന്നാരോപിച്ച് രംഗത്തെത്തി.75 ജില്ലകളിൽ 16 ഇടത്താണ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് നടന്നത്. ഫലങ്ങളുടെ പകുതി മാത്രമാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്. മേയർ, ചെയർപഴ്‌സൻ സ്ഥാനത്തേക്കുള്ള 652 സീറ്റുകളിൽ 470ലും ബിജെപി തോറ്റു. കോർപറേഷൻ, നഗരപാലിക, നഗര പഞ്ചായത്ത് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 9,812 ഇടങ്ങളിലും ബിജെപി തോറ്റെന്നും രാജേന്ദ്ര ചൗധരി വ്യക്തമാക്കി.

യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചെന്ന് ബിഎസ്‌പി നേതാവ് മായാവതി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു.