ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തെ അംഗീകരിക്കാൻ മടിച്ച് എസ്‌പിയും ബിഎസ്‌പിയും. ഇരുകക്ഷികളും തമ്മിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. റാഫേൽ വിഷയത്തിൽ പാർലമെന്റിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ പിന്തുണക്കാതിരുന്നതിന് പിന്നാലെയാണ് മായാവതിയും അഖിലേഷും സമ്മർദ്ദ തന്ത്രം പയറ്റി രംഗത്തെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാന് പുറമേ മധ്യപ്രദേശും ഛത്തീസ്‌ഗഢും പിടിച്ചതോടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യത്തോടെ മുഖംതിരിക്കുന്ന നിലപാടാണ് മായാവതിക്കും മുലായത്തിലും മമത ബാനർജിക്കും ഉള്ളത്. ഇവർ യുപിയിലെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സീറ്റു ചർച്ചകളിലേക്കാണ് കടന്നിരിക്കുന്നത്. ഉത്തർപ്രദേശിൽ തകർച്ച നേരിടുന്ന കോൺഗ്രസിന് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ വിജയം പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയ സാഹചര്യത്തിലാണ് മായാവതിയും അഖിലേഷും സമ്മർദം ശക്തമാക്കിയത്.

എസ്‌പിയും ബി.എസ്‌പിയും ഒരുമിച്ചു മത്സരിക്കുമെന്നും ജനുവരി 15-ന് മായാവതിയുടെ ജന്മദിനത്തിൽ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഒരു മുതിർന്ന ബി.എസ്‌പി. നേതാവ് പറഞ്ഞു. ജാട്ട് വിഭാഗങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ യു.പി.യിൽ സ്വാധീനമുള്ള പാർട്ടിയായ ആർ.എൽ.ഡി.യും സഖ്യത്തിലുണ്ടാകുമെന്നാണ് സൂചന. ആകെയുള്ള 80 സീറ്റുകളിൽ 37 സീറ്റിൽ എസ്‌പി.യും 38 സീറ്റിൽ ബി.എസ്‌പി.യും ആർ.എൽ.ഡി. മൂന്ന് സീറ്റിലും മത്സരിക്കട്ടെയെന്നാണ് നേതാക്കൾ പ്രാഥമികചർച്ചകളിൽ പറഞ്ഞത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാൽതന്നെ അമേഠി, റായ്ബറേലി സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്നും എസ്‌പി.-ബി.എസ്‌പി.. നേതാക്കൾ വാദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസിനേക്കാൾ ഒരു സീറ്റ് കൂടുതൽ അജിത് സിങ്ങിന്റെ പാർട്ടിക്ക് ലഭിക്കുന്ന സാഹചര്യമൊരുങ്ങും. എന്നാൽ ഇക്കാര്യത്തിന് ഔദ്യോഗികസ്ഥിരീകരണമായിട്ടില്ല. പ്രാഥമിക ചർച്ചകൾ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂവെന്നാണ് യു.പിയിലെ കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിൽ മുസ്‌ലിം വോട്ടുകൾ കോൺഗ്രസിലേക്ക് കൂടുതലായി പോകുമെന്ന ആശങ്കയാണ് എസ്‌പി.-ബി.എസ്‌പി. കക്ഷികൾക്ക്. 80 ലോക്സഭാ സീറ്റിൽ 35 സീറ്റുകളിലെങ്കിലും മുസ്‌ലിം വോട്ടുകൾ നിർണായകമാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടന്ന മൂന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപി. തോറ്റിരുന്നു. ഗോരഖ്പുർ, ഫുൽപുർ, കൈരാന എന്നീ മണ്ഡലങ്ങളിൽ എസ്‌പിയും ബി.എസ്‌പിയും ഒരുമിച്ചുനിന്നാണ് ബിജെപി.യെ തോൽപ്പിച്ചത്. മൂന്നിടത്തും എസ്‌പി.-ബി.എസ്‌പി. സഖ്യത്തിനൊപ്പമില്ലാതെ സ്വന്തം നിലയ്ക്കാണ് കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചുവെങ്കിലും പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാനായില്ല. ഇത് കോൺഗ്രസിനെതിരായ വികാരം സമാജ് വാദി പാർട്ടിയിൽ ശക്തമാക്കിയിരുന്നു.

മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സർക്കാരുകൾ അധികാരമേറ്റെടുക്കുന്ന ചടങ്ങിൽ മായാവതിയോ അഖിലേഷ് യാദവോ പങ്കെടുത്തിരുന്നില്ല. മധ്യപ്രദേശിൽ പിന്തുണ നൽകിയെങ്കിലും മായാവതി ദേശീയ രാഷ്ട്രീയ മോഹങ്ങൾ തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങൾക്കെല്ലാം പിന്നിൽ. റാഫേൽ വിഷയത്തിൽ ചർച്ചയാകാമെന്ന സർക്കാർ നിലപാടിൽ പ്രതിപക്ഷ നിരയിൽ ഭിന്നത രൂപപ്പെട്ടതും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ്. ഇവിടെ തൃണമൂൽ കോൺഗ്രസ്സും ബി.എസ്‌പിയും സർക്കാർ നിർദ്ദേശം അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. അതേസമയം പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ഇന്ന് റാഫേൽ വിഷയവും സുപ്രിം കോടതിയിലെ തെറ്റായ പരാമർശവും ചർച്ച ചെയ്യും.

ശീതകാല സമ്മേളനം എട്ടാം ദിവസ്സത്തിലെയ്ക്കുമ്പോഴും സഭാനടപടികൾ സുഗമമായ് നടത്താൻ സമവായമായില്ല. റാഫേൽ വിഷയത്തിലെ പ്രതിഷേധം ഇരുസഭകളിലും ഇന്നും തുടരും എന്ന് കോൺഗ്രസ് വ്യക്തമാക്കി. സംയുക്ത പാർലമെന്ററി സമിതി എന്ന ആവശ്യം അംഗികരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ല. അതേസമയം റാഫേൽ വിഷയത്തിൽ ചർച്ചയാകാമെന്ന സർക്കാർ നിലപാട് പ്രതിപക്ഷ നിരയിൽ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ചർച്ചയ്ക്ക് സർക്കാർ തയ്യാറായ സാഹചര്യത്തിൽ സഭാനടപടികളുമായ് സഹകരിക്കാൻ ത്യണമുൾ കോൺഗ്രസ്സും ബി.എസ്‌പി യും തിരുമാനിച്ചു.