കിളിമാനൂർ: നാസറുമായുള്ള ബന്ധമാണ് ജാസ്മിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് ഉമ്മ ഷോബിദയുടെ മൊഴി. ജാസ്മിന്റെ ആലംകോടുള്ള വീട്ടിലെത്തിയ തങ്ങൾ കണ്ടത് വീട്ടുകാരനെപ്പോലെ പെരുമാറുന്ന നാസറിനെയാണ്. ഇത് തെറ്റാണെന്ന് മകളോട് പറഞ്ഞപ്പോൾ ഉമ്മയ്ക്ക് ഒന്നുമറിയില്ല നാസർ നല്ലവനാണെന്ന് അവൾ മറുപടി നൽകി. ആലംകോട്ടെ വീട്ടിൽ രാപകൽ ഭേദമന്യേ നാസർ വന്നിരുന്നുവെന്നും ഷോബിദ പൊലീസിന് മൊഴി നൽകി.

വസ്തു വിൽക്കാൻ സഹായിയായി മാതൃ സഹോദരി മുംതാസ് പരിചയപ്പെടുത്തിയ നാസർ പിന്നീട് ജാസ്മിന്റെ വീട്ടുകാരനായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഭർത്താവ് റഹിം ഗൾഫിൽ സാമ്പത്തിക പ്രതിസന്ധിയിലും ജയിലിലുമായതിനെ തുടർന്ന് ദയനീയമായ അവസ്ഥയിലാണ് വസ്തു വിൽക്കാനായി നാസറിനെ പരിചയപ്പെടുന്നത്. ജാസ്മിന്റെ ദയനീയാവസ്ഥ നാസർ ശരിക്കും മുതലാക്കുകയായിരുന്നു. ഇയാൾ പെട്ടന്നു തന്നെ ജാസ്മിനെ പ്രലോഭിപ്പിച്ച് വശീകരിക്കുകയായിരുന്നുവെന്നും ഷോബിദ പൊലീസിനോട് പറഞ്ഞു. ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത് ജാസ്മിനും നാസറും തമ്മിലെ അവിഹിതബന്ധമാണ്.

കിളിമാനൂരിലെ വീട്ടിലേക്കും ജാസ്മിൻ നാസറിനെ കൊണ്ടുവന്നിട്ടുണ്ട്. ഷർട്ടുപോലുമില്ലാതെ നാസർ വീട്ടിലും പുറത്തും നടക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങൾക്കിടയാക്കി. അടുപ്പം മുതലാക്കി ജാസ്മിനിൽ നിന്ന് ചെക്കുകളും രേഖകളും നാസർ ഒപ്പിട്ടു വാങ്ങിയിരുന്നു. നാസറുമായുള്ള പ്രശ്‌നങ്ങളുടെയും സാമ്പത്തികപ്രതിസന്ധിയുടെയും പേരിലാണ് ജാസ്മിൻ ജീവനൊടുക്കിയതെന്നാണ് ഷോബിദയുടെ മൊഴി. എന്നാൽ രണ്ടാമത്തെ മകൾ സജിനിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കഴിഞ്ഞതുമില്ല. സഹോദരിയുടെയും കുഞ്ഞിന്റെയും മരണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുന്ന ആളല്ല സജിനിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിലും കള്ളക്കളികൾ പൊലീസ് സംശയിക്കുന്നുണ്ട്.

ആത്മഹത്യാ ശ്രമത്തിനിടെ ഷോബിദയെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ദുരന്തത്തിന്റെ ആദ്യ ദിനം പൊലീസിന് മൊഴി നൽകുമ്പോഴും നാസറിന്റെ ഇടപെടലുകൾ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് അന്വേഷണം നാസറിലേക്ക് എത്തിയത്. ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പും ഇതിനിടെ പൊലീസിന് കിട്ടി. ഇതിലൂള്ള കാര്യങ്ങളും മറ്റും ആശുപത്രിയിൽ നിന്ന് ഷോബിദ വീട്ടിലെത്തിയതോടെ പൊലീസ് വിശദമായി ചോദിച്ചറിയുകയായിരുന്നു. ഇതിലാണ് മകളും നാസറും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങൾ പരമാർശിക്കപ്പെട്ടത്.

എൻ.എം.എസ് സ്വകാര്യ ബസ് ഉടമയായ കല്ലമ്പലം തോട്ടയ്ക്കാട് ഈരാണിക്കോണം ലീലാമൻസിൽ നാസറിനെ (45)കിളിമാനൂരിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിന് കൊണ്ടുവന്ന നാസറിനെ ഷോബിദയും ജാസ്മിന്റെ മക്കളും തിരിച്ചറിഞ്ഞു. കഴിഞ്ഞ 29ന് വൈകിട്ട് വൈകിട്ടാണ് ഷോബിദയും (50) മകൾ ജാസ്മിനും (32) ജാസ്മിന്റെ ഇളയ മകൾ ഫാത്തിമിയും (മൂന്ന്) അത്മഹത്യയ്ക്കായി ആക്കുളം കായലിൽ ചാടിയത്. ഷോബിദയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ജാസ്മിനും ഫാത്തിമയും മരിച്ചു. 30ന് രാവിലെ ജാസ്മിന്റെ സഹോദരി സജിനി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.

അതിനിടെ നാസർ കൂടുതൽ സ്ത്രീകളെ വശീകരിച്ച് പണം തട്ടിയതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 10 വർഷത്തോളം യു.എ.ഇയിലെ ദുബായ് എമിറേറ്റ്‌സിൽ നാസർ ജോലി ചെയ്തിരുന്നു. ഈ സമയത്ത് മധ്യകേരളത്തിലുള്ള ഒരു യുവതിയുമായി നാസർ അടുത്ത ബന്ധം പുലർത്തുകയും ഇവരെ കെണിയൊരുക്കി വലയിൽ വീഴ്‌ത്തിയ ശേഷം ലക്ഷങ്ങൾ നാസർ കൈക്കലാക്കിയതായും സൂചനയുണ്ട്. ഇതുസംബന്ധിച്ചുള്ള യുവതിയുടെയും നാസറിന്റെയും സംഭാഷണങ്ങളും ചില ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഈ പണമുപയോഗിച്ചാണ് നാസർ സ്വകാര്യ ബസ് വാങ്ങിയതെന്നാണ് ആരോപണം. പണം നഷ്ടപ്പെട്ട യുവതി ദുബായ് പൊലീസിൽ കേസ് കൊടുത്തിരിക്കുന്നതിനാൽ നാസറിന് ദുബായിലേയ്ക്ക് മടങ്ങാനായിട്ടില്ല. സാമ്പത്തിക ശേഷിയുള്ള സ്ത്രീകളുമായി ചങ്ങാത്തം കൂടി ഇവരെ കെണിയൊരുക്കി ചതിയിൽപ്പെടുത്തി പണം തട്ടിയെടുപ്പു ഇയാളുടെ പതിവാണെന്നാണ് ആക്ഷേപം.

അതിനിടെ മരിച്ച ജാസ്മിന്റെ ഭർത്താവ് റഹിമിന് ഇനിയും നാട്ടിൽ മടങ്ങിയെത്താൻ കഴിഞ്ഞിട്ടില്ല. ഖത്തറിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസാണ് ഇതിന് കാരണം. റഹിമിനെ ഈ കേസിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് നാസറുമായി ജാസ്മിൻ അടുത്തത്. കടക്കെണിയിൽപ്പെട്ട് വലഞ്ഞ ജാസ്മിനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ നാസർ സുഹൃത്തായ അഭിഭാഷകനെയും ഭാര്യയെയും കൂട്ടുപിടിച്ച് വസ്തുവിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നു. ഇതിനിടെ പലവിധ കഥകളും പരന്നു. ഇതോടെ എല്ലാ അർത്ഥത്തിലും നാണക്കേടുമായി ജാസ്മിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ബിസിനസുകാരനായ ഭർത്താവ് റഹിമിന് ഗൾഫിലുണ്ടായ അപകടത്തോടെയാണ് ജാസ്മിനും കുടുംബവും കടക്കെണിയിലായത്. ഷോബിദയുടെ സഹോദരി മുംതാസും ഇതിനെല്ലാം കൂട്ടുനിന്നു.

കടം തീർക്കാനായി മാതൃസഹോദരിമാരായ മുംതാസിനെയും മെഹർബാനെയും സമീപിച്ചു. ജാസ്മിനും മാതാവുമായി നേരത്തെ ചെറിയ പിണക്കത്തിലായിരുന്നതിനാൽ ഇരുവരും സഹായിക്കാൻ തയ്യാറായില്ല. എന്നാൽ ജാസ്മിനോട് പണം തന്റെ പക്കലില്ലെന്നും വസ്തുവിൽക്കാനും കേസ് നടത്താനുമായി ഒരാളുടെ സഹായം തേടാമെന്നും പറഞ്ഞ് മുംതാസ് രംഗത്തു വന്നു. തന്റെ അടുപ്പക്കാരനായ നാസറിനെ വിളിച്ച് വരുത്തി ജാസ്മിന് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു. അടുത്തദിവസം തന്നെ നാസറും ജാസ്മിനും മുംതാസും ചേർന്ന് കേസുകൾ പരിഹരിക്കാനായി നാസറിന്റെ സുഹൃത്തായ അഭിഭാഷകനടുത്തെത്തി. ഇതോടെയാണ് ചതിയുടെ കളികൾ തുടങ്ങുന്നത്.

ജാസ്മിനുമായി പരിചയത്തിലായ നാസർ വസ്തുവിൽക്കാനായി ജാസ്മിനേയും കൊണ്ട് പലയിടത്തും പോയി. കാർ യാത്രകൾ നാട്ടിൽ പാട്ടായതോടെ അപവാദ പ്രചരണവും ശക്തമായി. എന്നാൽ ഭർത്താവിനെ രക്ഷിക്കാനായി ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഇടപാടുകളിൽ നാസറും അഭിഭാഷകനും ഉഴപ്പുന്നതിൽ പന്തികേട് തോന്നിയ ജാസ്മിൻ ഇതേച്ചൊല്ലി നാസറുമായി ഉടക്കി. ഇതോടെ അപവാദ പ്രചരണങ്ങൾക്ക് പുതിയ തലം വന്നു. വിഡിയോകൾ പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നു. ഇതോടെ താൻ ജീവനൊടുക്കുമെന്ന് ജാസ്മിൻ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന നാസർ ജാസ്മിനെകൊണ്ട് മുദ്രപത്രം വാങ്ങിച്ചശേഷം പറഞ്ഞദിവസം പണം നൽകാമെന്ന് എഴുതി നൽകി. പകരം ആത്മഹത്യയ്ക്ക് ഉത്തരവാദി ജാസ്മിൻ മാത്രമാണെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.