കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. മോഡൽ കൂടെയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

കേരളത്തിൽ കുപ്രസിദ്ധമായ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ചയായ ശ്രവ്യ സുധാകർ ആണ് അക്ഷര റെഡ്ഡി. കേസിൽ നിന്നും ഒഴിവായി പുറത്ത് വന്ന ശേഷം പ്ലാസ്റ്റിക് സർജ്ജറി നടത്തി രൂപവും പേരും മാറ്റിയെന്നും തുടർന്ന് തന്റെ മോഡലിങ് കരിയർ മുന്നോട്ട് കൊണ്ടു പോകുകയാണ് ശ്രവ്യ എന്നാണ് സോഷ്യൽ മീഡിയിൽ ഈയിടെ ഉയർന്ന ആരോപണം. മോഡലിങിൽ മാത്രമല്ല, വിജയ് ടിവിയിലും അക്ഷര സജീവമായിരുന്നു.

ശ്രവ്യ സുധാകർ തന്നെയാണ് അക്ഷര റെഡ്ഡി എന്ന കാര്യം സത്യമാണ്. 2013 ൽ നടന്ന സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഫയാസ് അക്ഷരയുടെ സുഹൃത്ത് ആയിരുന്നു. ഫയാസുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് വിളിച്ച് ചോദ്യം ചെയ്തിരുന്നു. മലയാളി നടി മൈഥിലി അടക്കം അന്ന് ചോദ്യം ചെയ്യപ്പെട്ടു. അക്കൂട്ടത്തിലാണ് തന്നെയും വിളിപ്പിച്ചത് എന്ന് അന്ന് മാധ്യമങ്ങൾക്ക് നൽകിയ അക്ഷരയുടെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

2013ൽ ആയിരുന്നു മലയാള സിനിമയിൽ സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ വിവാദം ശക്തമായത്. കോഴിക്കോട്ടെ സ്വർണ്ണക്കള്ളക്കടത്ത് രാജാവ് ഫായിസുമായി മലയാളത്തിലെ പ്രമുഖ നടികൾക്ക് ബന്ധമുണ്ടെന്നാണ് അന്ന് ആരോപണം ഉയർന്നത്. ഫയാസ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്ന് പ്രമുഖ് തെന്നിന്ത്യൻ മോഡൽ ശ്രവ്യ സുധാകർ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശ്രവ്യയുടെ വെളിപ്പെടുത്തൽ. ഇതേ ശ്രവ്യയാണ് ഇപ്പോൾ അക്ഷര റെഡ്ഡിയെന്ന് അറിയപ്പെടുന്നത്.

താൻ പ്രൊഫഷണലി ഒരു മോഡൽ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നൽകിയതിനാലാണ് ഫയാസുമൊത്ത് കൂടുതൽ അടുത്തതെന്നും ശ്രവ്യ 2013ൽ സിബിഐയോട് വെളിപ്പെടുത്തിയിരുന്നു. ദിലീപ് നായകനായ ശൃംഗാരവേലനിൽ നായികയാക്കാമെന്ന് പറഞ്ഞ് ഫയാസ് സമീപിച്ചിരുന്നു. എന്നാൽ പിന്നീടാണ് ചിത്രത്തിൽ വളരെ ചെറിയ വേഷമാണ് തന്റേതെന്ന് മനസിലാക്കിയത്. അതിന്റെ പേരിൽ ഫയാസിനോട് പിണങ്ങിയിരുന്നുവെന്നും ശ്രവ്യ പറഞ്ഞു.പിന്നീട് ഫായ്സ് വന്ന് കാലുപിടിച്ചതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. ഫയാസിന്റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ തനിക്കറിയില്ലായിരുന്നുവെന്നും ശ്രവ്യ കൂട്ടിച്ചേർത്തു.

ഫയാസുമായി താൻ നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. വിദേശത്ത് സ്റ്റേജ് ഷോയ്ക്കിടെ ഒരു പ്രമുഖ നടിയാണ് തന്നെ ഫയാസിന് പരിചയപ്പെടുത്തിയത്. ഒരു മാസത്തിൽ അഞ്ചിൽ കൂടുതൽ പ്രാവശ്യം ഫയാസുമൊത്ത് വിദേശാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ പറഞ്ഞു. തുടക്കം മുതൽ കേസിൽ ശ്രവ്യ സുധാകറും ഫയാസും തമ്മിലുള്ള ബന്ധത്തിൽ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു.

സ്വർണ്ണക്കടത്തിന് ഫയാസ് ശ്രവ്യയെ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടുമണിക്കൂറോളമാണ് 2013ൽ ശ്രവ്യയെ ചോദ്യം ചെയ്തത്. ഫയാസും ശ്രവ്യയുമായുള്ള ടെലിഫോൺ സംസാരത്തിന്റെ രേഖകളും സിബിഐ പിടിച്ചെടുത്തിരുന്നു്.. ഇതോടെ സ്വർണ്ണക്കടത്തിലെ കൂടുതൽ സിനിമാ ബന്ധങ്ങൾ പുറത്താകുമെന്ന് മാധ്യമങ്ങൾ എഴുതിയിരുന്നു. പക്ഷേ പിന്നീട് കാര്യമായ അന്വേഷണം ഒന്നും നടന്നില്ല.