തിരുവനന്തപുരം: പേരൂർക്കട മണ്ണടി ലെയിനിൽ ദീപ അശോകൻ എന്ന എൽഐസി ഏജന്റിനെ മകൻ കൊന്ന് കത്തിച്ച സംഭവം ഇനിയും വിശ്വസിക്കാനും ഉൾക്കൊള്ളാനും നാട്ടുകാർക്ക് കഴിയുന്നില്ല. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും അവർ മുക്തമായിട്ടില്ലെന്നതിന്റെ തെളിവാണ് ദീപയുടെ മകനും കൊലയാളിയുമായ അക്ഷയ് അശോകിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ട് വന്നപ്പോൾ ഉണ്ടായത്.

പ്രതിയെ ഇന്നലെ രാത്രിയോടെ സംഭവ സ്ഥലമായ മണ്ണടി യെിനിലെ ദ്വാരക എന്ന വീട്ടിൽ എത്തിക്കുന്നുവെന്നറഞ്ഞിപ്പോൾ തന്നെ നാട്ടുകാരിൽ ചെറിയ തോതിൽ അമർഷമുണ്ടായിരുന്നു. എന്നാൽ അക്ഷയെ നേരിൽ കാണുക പോലും വേണ്ടെന്ന് തീരുമാനിച്ച അയൽവാസികൾ ഭൂരിഭാഗവും വീട് ഉള്ളിൽ നിന്നും അടച്ച് പുറത്തിറങ്ങാത്ത അവസ്ഥയിലായിരുന്നു. പേരൂർക്കട സിഐ സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലാണ് അക്ഷയ് അശോകിനെ സംഭവം നടന്ന വീട്ടിലും പിന്നെ കൊല നടത്തിയ ശേഷം അക്ഷയ് പോയ ഐസ്‌ക്രീം പാർലറിലേക്കും കൊണ്ട് പോയത്.

പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ അച്ഛൻ അശോകനും ചില ബന്ധുക്കളും ഇവിടെ ഉണ്ടായിരുന്നു. ദീപയുടെ മരണവും പിന്നാലെ അക്ഷയ് ജയിലിലായതും കുടുംബത്തെ വല്ലാതെ മാനസികമായി തകർത്തുകളഞ്ഞുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന് ശേഷം ആദ്യമായ് മകനെ കണ്ടപ്പോൾ അശോകൻ പൊട്ടിക്കരഞ്ഞുവെങ്കിലും ഇന്നലെ മുഖത്ത് കടുത്ത വിഷമത്തോടെ നിൽക്കുകയായിരുന്നു അശോകൻ. പഠനം കഴിഞ്ഞ് അച്ഛന്റെ ഒപ്പം വിദേശത്തേക്ക് പോകാനിരിക്കുകയായരുന്നു അക്ഷയ്.

അതിനിടെ പ്രതി വീണ്ടും കൊല നടത്തിയത് താനല്ലെന്ന് പറയുന്നുണ്ട്. മുൻപ് പൊലീസിനോട് കുറ്റ സമ്മതം നടത്തിയ അക്ഷയ്ക്ക് തന്നെ മറ്റുള്ളവർ ഒരു കൊലയാളിയായി കാണുന്നത് സഹിക്കാനാവുന്നില്ല എന്നതാണ് ഇത്തരം മൊഴിമാറ്റത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊല നടത്തിയത് അക്ഷയ് തന്നെയാണെന്ന് പൊലീസ് ആദ്യ ദിവസം തന്നെ ഉറപ്പിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ തന്നെ അക്ഷയുടെ മൊഴികളിൽ നിന്നും കൊലപാതകം നടത്തിയ രീതി പൊലീസ് മനസ്സിലാക്കിയിരുന്നു. ഇന്നലെ വീട്ടിൽ കൊണ്ട് വന്ന് പരിശോധന നടത്തിയപ്പോഴും ചെയ്ത കാര്യങ്ങൾ പൊലീസ് ആവർത്തിച്ചപ്പോഴും അക്ഷയ് നിസംഗ മനോഭാവത്തോടെയാണ് നിന്നത്.

കൊല നടത്തിയത് താനല്ലെന്ന് പൊലീസിനോട് അക്ഷയ് ആവർത്തിക്കുമ്പോൾ നിലനിന്നിരുന്ന ഏക സംശയം ഒറ്റയ്ക്ക് തന്നെയാണോ അക്ഷയ് ഈ കൊലപാതകം നടത്തിയത് എന്ന് മാത്രമായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ ദീപയുടെ മൃതദേഹം കത്തിക്കാൻ തുടങ്ങിയിരുന്നു. വളരെ കുറച്ച് ഇന്ധനം മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. ഒരു മനുഷ്യ ശരീരം ഇത്രയും നേരം കത്തണമെങ്കിൽ അതിലേക്ക് വിറകും കൊതുമ്പുമൊക്കെ ഇട്ടുകൊടുക്കണം. മൂന്ന് മണി മുതൽ അക്ഷയ് വീട്ടിലുണ്ടായിരുന്നു. മാംസ കത്തുന്ന മണം ലഭിച്ചെന്ന് സമീപത്തെ കെട്ടിട നിർമ്മാണ തൊഴിലാളികളും മുടി കരിയുന്ന മണം ലഭിച്ചുവെന്ന് അയൽ വാസിയും പറഞ്ഞതും അക്ഷയ്ക്കെതിരെയുള്ള തെളിവുകളാണ്.

ക്രിസ്മസ് ദിവസം അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ചില ബന്ധുക്കളെ അക്ഷയ് വിളിച്ചിരുന്നു. ബന്ധുവായ ഒരു സ്ത്രീയെയും കാര്യം വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ചിലർ തിരിച്ച് വിളിച്ചപ്പോൾ വീണ്ടും ബന്ധുവായ സ്ത്രീയെ വിളിച്ച ശേഷം ആരോടും അമ്മയെ കാണാനില്ലെന്ന വിവരം തൽക്കാലം പറയണ്ടെന്നും ആര് ചോദിച്ചാലും അമ്മ ആന്റിയുടെ വീട്ടിലുണ്ടെന്ന് പറഞ്ഞാൽ മതി എന്നും അക്ഷയ് പറഞ്ഞതായും ബന്ധുവായ സ്ത്രീ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഒറ്റയ്ക്ക് അമ്മയെ പുറത്തുകൊണ്ട് പോയി കത്തിക്കാനുള്ള ആരോഗ്യം അക്ഷയ്ക്ക് ഉണ്ടോ എന്നതാണ് പൊലീസിനെ പിന്നെയും സംശയത്തിലാക്കിയത്. അപ്പോഴാണ് അഞ്ച് മാസം മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ബന്ധുവിൽ നിന്നും പൊലീസിന് മൊഴി ലഭിച്ചത്. അമ്മയും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്ന സമയത്ത് ഒരു ദിവസം ശരീരത്തിന്റെ ബാലൻസ് തെറ്റി നിലത്ത് ദീപ ബോധം കെട്ട് വീണിരുന്നു.

ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന അക്ഷയ് ഒറ്റയ്ക്ക് തന്നെയാണ് അമ്മയെ വാരിയെടുത്ത് കാറിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്. ദീപയുടെ മൃതദേഹം മരണാനന്തര കർമ്മങ്ങൾക്കായി ഇനിയും ലഭിച്ചിട്ടില്ല. ഡിഎൻഎ ഫലം ലഭിക്കാൻ ഇനിയും നാല് ദിവസം കൂടി കഴിയുമെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.