മലപ്പുറം: ജനിച്ച ദിനത്തിൽ ആധാറെടുത്ത് മലപ്പുറത്തെ രണ്ട് കുട്ടികൾ. പിറന്ന് വീണ് മണിക്കൂറുകൾ തികയും മുമ്പേതന്നെ ആധാർ കാർഡ് എടുത്ത റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഈ കുരുന്നുകൾ. മലപ്പുറം സഹകരണ ആശുപത്രിയിൽ ശനിയാഴ്ച ജനിച്ച രണ്ട് കുട്ടികളാണ് ജീവിതത്തിന്റെ ആദ്യദിനത്തിൽ തന്നെ ആധാറെടുത്തത്. പുറം ലോകത്തെത്തിയതിന്റെ അമ്പരപ്പ് മാറും മുമ്പേ രണ്ട് പേർക്കും ആധാർ റെഡ്.

നവജാത ശിശുക്കൾക്ക് ആധാർ കാർഡ് എന്ന വേറിട്ട ക്യാമ്പയിനുമായി അക്ഷയ ജീവനക്കാരാണ് എത്തിയത്. അക്ഷയ 15ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് കൗതുകകരമായ 'കുഞ്ഞു ആധാർ ക്യാമ്പ്' നടന്നത്. കണ്ണുചിമ്മി കുഞ്ഞുവായിൽ നിർത്താതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രമാണ് ആധാർ കാർഡിലുണ്ടാവുക.

ആധാർ കാർഡിലേക്കുള്ള കുട്ടികളുടെ ഫോട്ടോ മലപ്പുറം എംഎ‍ൽഎ പി ഉബൈദുള്ള ഫോണിൽ പകർത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എൻ.കെ അബ്ദുൽ സലാം, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ കിരൺ എസ്.മേനോൻ, അക്ഷയ പ്രൊജക്ട് അസിസ്റ്റന്റ് എ.പി സാദിഖലി, ബ്ലോക്ക് കോഡിനേറ്റർ പി മുഹമ്മദ് സമീർ, സെക്രട്ടറി അബ്ദുൽ കരീം, ഡോ.കെ.എ പരീത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി.

ശിശുക്കളായതിനാൽ രക്ഷിതാക്കളുടെ വിരലടയാളമാണ് നൽകുക. അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ആധാർ കാർഡ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അക്ഷയ കേന്ദ്രം ഇത്തരത്തിലൊരും പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനമാണ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് എംഎ‍ൽഎ നിർവഹിച്ചത്.