- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ മരണത്തിന് പിന്നിൽ കാമുകനായ യുവാവ്; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന് പകരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം; റാന്നി പെരുനാട്ടിലെ നേഴ്സിങ് വിദ്യാർത്ഥിനി അക്ഷയയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് എത്തും: അമ്മ ആശയുടെ നിയമപോരാട്ടം ഫലം കാണുമ്പോൾ
പത്തനംതിട്ട: നഴ്സിങ് പഠിക്കുകയായിരുന്ന മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. റാന്നി പെരുനാട് കൂനംകര ചമ്പല്ലൂർ ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയ(20) ആത്മഹത്യ ചെയ്ത കേസിൽ അമ്മ ആശ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ജഡ്ജി എം.ആർ. അനിത ഉത്തരവിട്ടിരിക്കുന്നത്. ഫെബ്രുവരി 8 ന് രാത്രിയിലാണ് അക്ഷയ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നിൽ ചിലരുടെ ഭീഷണിയും മറ്റും ഉണ്ടെന്നു കാട്ടിയാണ് മാതാവ് കോടതിയെ സമീപിച്ചത്.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലെത്തിക്കാതെ പത്തനംതിട്ട ജനറലാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെന്നും വേണ്ടത്ര തെളിവുകൾ ശേഖരിച്ചില്ലെന്നും ആരോപിച്ചാണ് അഭിഭാഷകൻ വി. സേതുനാഥ് മുഖേന കോടതിയെ സമീപിച്ചത്.
മകൾ ആത്മഹത്യ ചെയ്യാൻ കാരണക്കാരൻ കാമുകനാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. സ്കൂൾ കാലഘട്ടത്തിലെ സഹപാഠിയുമായി പ്രണയത്തിലായിരുന്നു മകൾ. കാമുകന്റെ വിളിയോ സന്ദേശമോ വന്ന ശേഷമാണ് മകൾ വീടിനുള്ളിൽ തൂങ്ങി മരിച്ചതെന്ന് മാതാവ് ആശ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി എട്ടിന് രാത്രി ഏഴോടെയാണ് അക്ഷയ വീടിനുള്ളിൽ സ്വന്തം മുറിയിൽ ജീവനൊടുക്കിയത്. ഓൺലൈൻ ക്ലാസിനായി മുറിയിൽ കയറിയ അക്ഷയയുടെ മരണം സംബന്ധിച്ച് സൂചന നൽകിയത് ഒപ്പം പഠിക്കുന്ന പെൺകുട്ടിയാണ്.
ആ കുട്ടി മാതാവിനെ വിളിച്ച് അക്ഷയ കാമുകനുമായി പിണങ്ങിയെന്നും അവളെ ഒന്നു ശ്രദ്ധിക്കണമെന്നും അറിയിച്ചിരുന്നു. തൊട്ടു പിന്നാലെ മാതാവ് നോക്കുമ്പോൾ അക്ഷയയുടെ മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന അക്ഷയയുടെ അമ്മാവൻ കതക് ചവിട്ടിത്തുറന്നപ്പോൾ കുട്ടി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ അസ്വാഭാവികമായ ചില മൊബൈൽ സന്ദേശങ്ങൾ ഉള്ളതായി ബന്ധുക്കൾ സംശയം ഉയർത്തി. പോസ്റ്റുമാർട്ടം ചെയ്യുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് പൊലീസ് ആദ്യം നിർദേശിച്ചു.
എന്നാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് മൃതദേഹം അയയ്ക്കാനുള്ള തീരുമാനം പിന്നീട് മാറ്റുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തുകയുമായിരുന്നു. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ സംശയിക്കുന്നതായി പെൺകുട്ടിയുടെ മാതാവ് ആശ ആരോപിക്കുന്നു. തുടർന്ന് മകളുടെ സുഹൃത്തുക്കളിൽ ചിലരും ആത്മഹത്യയിൽ സംശയം ഉയർത്തി. പ്രണയത്തിൽ അകപ്പെട്ട മകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി പിതാവ് അനൂപ് റാന്നി പെരുനാട് പൊലിസ് സ്റ്റേഷനിൽ ഫെബ്രുവരി 18 ന് പരാതി നൽകി. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പൂവത്തുംമൂട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥിയും അദ്ധ്യാപികയായിരുന്ന മാതാവും കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.
പഠനത്തിലും കലാരംഗത്തും മികച്ച നിലവാരം പുലർത്തിയിരുന്ന മകൾ ബ്ലാക്ക് മെയിലിങ്ങിന് വിധേയയായതായി സംശയിക്കുന്നതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതോടെ പെൺകുട്ടിയുടെ മൊബൈൽ ഫോണും ഡയറിയും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. പരാതി സ്വീകരിച്ച പെരുനാട് പൊലിസ് തുടർനടപടികൾക്ക് മുതിരുന്നില്ലെന്ന് അനൂപ് പറയുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കുന്നതുൾപ്പെടെ ശാസ്ത്രീയവും നീതിപൂർവകവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
നടപടിയുണ്ടാകാതെ വന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിന് മുമ്പ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാൽ മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനാകുമെന്നും പരാതിയിൽ പറയുന്നു. പാറശാല സരസ്വതിയമ്മ കോളജ് ഓഫ് നേഴ്സിങിലെ വിദ്യാർത്ഥിനിയാണ് അക്ഷയ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്