- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കൊടുത്തു വിട്ട മഞ്ചേരി സംഘം കല്ലറയിലെ വീട്ടിലെത്തി ബഹളം വച്ചത് നിർണ്ണായകമായി; അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് കണ്ണൂരിലെ ഇരിട്ടി സംഘത്തിന്റെ കടത്ത്; കരിപ്പൂരിൽ പിടി വീണപ്പോൾ വീണ്ടും സ്വർണ്ണ മാഫിയ തിരുവനന്തപുരത്തേക്ക്; അൽ അമീൻ പറയുന്നത് ഞെട്ടിക്കുന്ന കടത്ത് രഹസ്യങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നതും കരിപ്പൂർ മോഡൽ സ്വർണ്ണ തട്ടിപ്പ്. കരിപ്പൂരിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് തിരുവനന്തപുരത്തേക്ക് വീണ്ടും കടത്തുകാരുടെ താവളം മാറ്റുന്നത്. നയതന്ത്ര കടത്ത് പിടിച്ചതോടെയാണ് തിരുവനന്തപുരം വിമാനത്താവളം സേഫ് അല്ലെന്ന് കടത്തുകാർ തിരിച്ചറിഞ്ഞത്. കരിപ്പൂരിലെ കടത്ത് ചർച്ചയായതോടെ മലബാർ സംഘങ്ങൾ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തുകയാണ്.
തിരുവനന്തപുരം വിമാനത്താവളം വഴി കല്ലറ സ്വദേശി കടത്തിക്കൊണ്ടുവന്ന സ്വർണം മറ്റൊരു സംഘം തട്ടിയെടുത്തത് കരിപ്പൂർ മോഡലിലാണ്. വടക്കൻകേരളത്തിൽ സാധാരണ നടക്കുന്ന സ്വർണം 'പൊട്ടിക്കൽ'തന്നെയാണ് ഇവിടെയും നടന്നത്. കണ്ണൂർ ടീമാണ് ഇത്തരത്തിലെ മോഷണം തുടങ്ങിയത്. ഇത് മലബാറിലെ മറ്റ് സംഘങ്ങളും ഏറ്റെടുക്കുകയാണ്. മഞ്ചേരി സംഘത്തിനായി കൊണ്ടുവന്ന സ്വർണം ഇരിട്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവർ തട്ടിയെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കസ്റ്റംസിന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 13-നാണ് ദുബായിൽനിന്നെത്തിയ അൽ അമീനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കാണാതായത്. തുടർന്ന് ബന്ധുക്കൾ വലിയതുറ പൊലീസിൽ പരാതി നൽകി. സ്വർണം കൊടുത്തുവിട്ട മഞ്ചേരി സംഘം അൽ അമീന്റെ വീട്ടിലെത്തി ബഹളംവച്ചതോടെയാണ് വീട്ടുകാരും അൽ അമീൻ തിരിച്ചുവന്ന വിവരമറിയുന്നത്. ഇതോടെ അവർ പരാതി നൽകി. ഇതാണ് സംഭവം പുറത്തെത്തിച്ചത്.
സ്വർണം കടത്തിക്കൊണ്ടുവന്ന അൽ അമീനെ സ്വർണ്ണക്കടത്തുസംഘവുമായി പരിചയപ്പെടുത്തിയത് ദുബായിൽ നേരത്തേ തൊട്ടടുത്ത സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സാബിത്ത് എന്ന സുഹൃത്താണ്. സ്വർണം കൊണ്ടുവന്നപ്പോൾ കൂടുതൽ തുക വാഗ്ദാനംചെയ്ത് അൽ അമീനെ കടത്തിക്കൊണ്ടുപോയതും ഇരിട്ടി സ്വദേശി സാബിത്തും സംഘവുമാണ്. തിരുവനന്തപുരത്തെത്തിയപ്പോൾ ഇരിട്ടി സ്വദേശിയായ സാബിത്തും അജ്മലും ചേർന്ന് അൽ അമീനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം മഞ്ചേരി സംഘം വിമാനത്താവളത്തിനു പുറത്ത് സ്വർണ്ണത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ആലപ്പുഴയിൽ ചെന്നാണ് ഇതു പുറത്തെടുത്തത്. 300 ഗ്രാം സ്വർണ്ണമാണുണ്ടായിരുന്നതെന്നാണ് മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു കിലോയോളം സ്വർണ്ണമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ആലപ്പുഴയിൽനിന്ന് കാറിൽ സംഘം സ്വർണം വിൽക്കാനായി ബെംഗളൂരുവിലെക്കാണ് പോയി. അൽ അമീനെ അന്വേഷിച്ച് പൊലീസ് സംഘം പിന്നാലെയെത്തിയതോടെ ഇവർ അൽ അമീനോടു തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
വാഗ്ദാനംചെയ്ത പണം നൽകിയില്ലെന്നും അൽ അമീൻ പറയുന്നു. അര ലക്ഷത്തോളം രൂപ വാഗ്ദാനംചെയ്‌തെങ്കിലും 13000 രൂപ മാത്രമാണ് നൽകിയത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കേണ്ടത് കസ്റ്റംസും കേന്ദ്ര ഏജൻസികളുമായതിനാൽ പൊലീസ് ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര ഏജൻസികൾക്കു നൽകുകയായിരുന്നു. അൽ അമീന് ഭീഷണിയുണ്ടെന്നു കാട്ടി ഇയാൾ താമസിക്കുന്ന പാങ്ങോട് പൊലീസിനും വലിയതുറ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സംഭവത്തിൽ കസ്റ്റംസ് ഇതുവരെ കേസെടുത്തിട്ടില്ല. കസ്റ്റംസ് പ്രിവന്റീവ് ആൻഡ് നർക്കോട്ടിക് യൂണിറ്റ് സൂപ്രണ്ട് ടി.ആർ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച അൽ അമീന്റെ മൊഴിയെടുത്തിരുന്നു. സ്വർണം സാബിത്തിന്റെയും അജ്മലിന്റെയും കൈവശമാണെന്നാണ് അൽ അമീൻ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ