ത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കാൻ സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചത് ഏതാനും മാസംമുമ്പാണ്. ഗൾഫ് കൗൺസിലിലെ ഉറ്റപങ്കാളിയെ കൈവിടാൻ ഗൾഫിലെ മറ്റുരാജ്യങ്ങൾ തീരുമാനിച്ചതിന് പിന്നിൽ ഒരു മാധ്യമസ്ഥാപനമായിരുന്നു. ഖത്തറിനെതിരായ ഉപരോധം നീക്കുന്നതിന് സൗദിയും മറ്റും മുന്നോട്ടുവെച്ച ഉപാധികളിലെ പ്രധാനയിനവും അതുതന്നെയായിരുന്നു. അൽജസീറയുടെ പ്രവർത്തനം നിരോധിക്കുക. സ്വന്തം നിലനിൽപ്പുതന്നെ അപകടത്തിലായാലും അൽജസീറയെ കൈവിടാൻ ഖത്തറും ഒരുക്കമല്ല. എന്താണ് ഇതിന് പിന്നിലെ യാഥാർഥ്യം?

മറ്റൊരു കൗതുകം കൂടിയുണ്ട്. സൗദിയുടെ ആഗോളതലത്തിലെ ശത്രുക്കളിൽ ഒന്നാം സ്ഥാനത്താണ് ഇസ്രയേൽ. ഫലസ്തീനെതിരായ ഇസ്രയേലിന്റെ നടപടികൾ എന്നും സൗദിയെ ദേഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇസ്രയേലും സൗദിയും ഒന്നിക്കുന്ന ഒരേയൊരു കാര്യവും അൽജസീറയാണ്. ഇരുരാജ്യങ്ങൾക്കും ഒരേയൊരു ലക്ഷ്യമേയുള്ളൂ. ഖത്തറിൽനിന്നുള്ള ഈ ചാനൽ പൂട്ടുക.

സൗദിയുടെയും ഇസ്രയേലിന്റെയും ഉറക്കം കെടുത്തുന്ന യാഥാർഥ്യങ്ങൾ അൽജസീറയിലൂടെ പുറംലോകമറിയുന്നു എന്നതാണ് ഇരുരാജ്യങ്ങളെയും ഈ ചാനലിന്റെ ശത്രുക്കളാക്കുന്നത്. സൗദിയിലുള്ള ധനാഢ്യർക്ക് രോഗം വരുമ്പോൾ അവരുടെ സ്വകാര്യജെറ്റുകൾ പറക്കുന്നത് ടെൽ അവീവിലേക്കാണെന്നും സൗദിയുടെയും ഇസ്രയേലിന്റെയും ബോംബർ വിമാനങ്ങൾ ആകാശത്തേക്ക് ഉയരുന്നത് യെമനിലെയും സിറിയയിലെയും ഷിയ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണെന്നുമുള്ള വസ്തുതകൾ അൽജസീറ പുറത്തുകൊണ്ടുവരുന്നതുതന്നെ അവരുടെ എതിർപ്പിന് കാരണം.

സൗദിയിലെ സൽമാൻ രാജാവും മുഹമ്മദ് രാജകുമാരനും ഗൾഫ് മേഖലയുടെ ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന് കൂടെക്കൂടെ പ്രഖ്യാപിക്കുമ്പോഴും അതേ ഭീഷണികൾ മുഴക്കുന്ന ബെഞ്ചമിൻ നെതന്യാഹുവിനെതിരെ സൗദി നേതാക്കൾ വിരലനക്കാത്തതിനെയും അൽ ജസീറ ചോദ്യം ചെയ്യുന്നു. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടലും വാർത്തയാകുന്നത് അൽജസീറയിലൂടെ മാത്രമാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമാണ് ഇതിന് പകരമായി അൽജസീറയ്ക്കുമേൽ ഇരുരാജ്യങ്ങളും കെട്ടിവെക്കുന്നത്.

ഇസ്രയേൽ ഭരണകൂടം പുറംലോകമറിയരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും അൽജസീറയ്ക്ക് വാർത്തകളാണ്. അതുകൊണ്ടാണ് അൽജസീറയിലെ ഇസ്രയേലുകാരായ മാധ്യമപ്രവർത്തകരുടെ പട്ടിക തയ്യാറാക്കാൻ വാർത്താവിനിമയ മന്ത്രി അയൂബ് കാറ തീരുമാനിച്ചത്. അൽജസീറയുടെ യെരുശലേം ബ്യൂറോ പൂട്ടാനും അൽജസീറയുടെ സംപ്രേഷണം ഇസ്രയേലിൽ വിലക്കാനും തീരുമാനിച്ചതും. രാജ്യവിരുദ്ധമായ തരത്തിൽപ്രവർത്തിക്കുന്നു എന്നതാണ് അൽജസീറയ്ക്ക് അയൂബ് കാറ ചുമത്തിയിട്ടുള്ള കുറ്റം.

ജെറുസലേമിന്റെ സ്വൈരജീവിതം കെടുത്താൻ അൽജസീറ ശ്രമിക്കുന്നുവെന്ന് മുമ്പ് നെതന്യാഹു ആരോപിച്ചിരുന്നു. ഇസ്രയേലിലുള്ള മറ്റ് വിദേശ മാധ്യമപ്രവർത്തകർ രാജ്യത്തെ വിമർശിക്കാൻ മടിക്കുമ്പോൾ, അൽജസീറ സധൈര്യം നിലപാടുകളെടുത്തിരുന്നതും ഈ എതിർപ്പിന് കാരണമായിരുന്നു. നിലവിൽ, അൽ ജസീറയും നിലനിൽപ്പിനുവേണ്ടി ചില മയപ്പെടുത്തലുകൾ നടത്തുന്നുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. മുൻ ഇസ്രയേൽ നേതാവ് ഏരിയൽ ഷാരോണിന്റെ മരണത്തെത്തുടർന്ന് അൽജസീറ ആദരാഞ്ജലികൾ അർപ്പിച്ചതുപോലും അതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.