കൊച്ചി: എറണാകുളം പോലൊരു നഗരത്തിൽ വിസ്മയകരമായിരുന്നു അൽ ഷിഫാ പൈൽസ് ആശുപത്രിയുടെ വളർച്ച. കേവലം രണ്ടു ബെഡ് മാത്രമുണ്ടായിരുന്ന ക്്‌ളിനിക്കിൽ നിന്ന് പതിനാറു വർഷം കൊണ്ട് ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന സ്ഥാപനമായി വളർന്നു. ലക്ഷക്കണക്കിനു രോഗികൾ ഇവിടെ നിന്ന് ചികിത്സ നേടിപ്പോയി.എന്നാൽ അടുത്ത കാലത്തെ വളരെ ഗൗരവ തരമായ ആരോപണത്തെ തുടർന്ന് ആശുപത്രി പൂട്ടി താഴിട്ടു.

ആശുപത്രി ഉടമ ഷാജഹാനെ ഐ എംഎ വ്യാജഡോക്ടറെന്ന് കണ്ടെത്തി പുറത്താക്കി. വ്യാജരേഖ നല്കി കബളിപ്പിച്ചതിന് ക്രിമിനൽ കേസും മെഡിക്കൽ കൗൺസിലിൽ പരാതിയും നല്കി. കേരളത്തിൽ അങ്ങോളമിങ്ങോളം വാർത്തകൾ പരന്നപ്പോൾ ദിനം പ്രതി പരാതികളും കൂടിക്കൂടി വരുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. നേരത്തേ മറുനാടൻ പുറത്തു വിട്ട വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരൂന്നു ഈ ചർച്ച

ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും ട്രാവൻകൂർ കൊച്ചിന് മെഡിക്കല് കൗൺസിലിലും സംശയാസ്പദ രേഖകൾ ഷാജഹാൻ സമർപ്പിച്ചുവെന്നാണ് പരാതി. യോഗ്യതകൾ ഇല്ലാതെ ഓപ്പറേഷൻ ചെയ്യുന്നുവെന്നും ഐഎംഎയ്ക്ക് പരാതിയുണ്ട്. രോഗികളിൽ നിന്നും നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഐഎംഎ പരാതിയുമായി എത്തുന്നത്. ഗുരുതര ആരോപണങ്ങളാണ് അൽഷിഫാ ആശുപത്രിക്കെതിരെ ഐഎംഎ ഉയർത്തുന്നത്. ഐഎംഎ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വളരെ സംശയാസ്പദമാണ് ഷാജഹാന്റെ നിലപാടുകളെന്ന വിലയിരുത്തലാണുണ്ടായതെന്ന ഐഎംഎ പ്രതിനിധി ഡോ. സുൾഫി ചർച്ചയിൽ പറഞ്ഞു.

എന്നാൽ ഈ വാദത്തെ ആശുപത്രിയുടെ പ്രതിനിധികളായി എത്തിയ ഡോ. സുനിലും ഭരണച്ചുമതയുള്ള ഖാലിദും പ്രതിരോധിക്കുന്നു. കഠിനപ്രയത്‌നത്തിലൂടെ ഉള്ള വളർച്ചയിൽ അസൂയയുള്ളവരുടെ ഗൂഢാലോചനയായാണ് അവർ ഇതിനെ കാണുന്നത്. എത്തിക്‌സ് കമ്മിറ്റി കൂടാതെ എങ്ങിനെ നടപടി എടുക്കാനാകുമെന്ന സാങ്കേതിക ചോദ്യവും ഇവർ ഉയർത്തുന്നു. മിഷണറിമാരും കോർപ്പറേറ്റുകളും അടക്കിവാണ ചികിത്സാരംഗത്താണ് ഷാജഹാൻ എന്ന ഡോക്ടർ ഒരു നൂതന ചികിത്സാരീതിയുമായി എത്തുന്നത്. അതിന്റെ വിജയത്തിൽ ഒരു ലക്ഷത്തിലേറെ ഓപ്പറേഷനുകൾ നടത്താൻ കഴിഞ്ഞു. ഈ വിജയമാണ വിദേശികളെ വരെ ഇങ്ങോട്ടാകർഷിച്ചത് . എന്നാൽ അടുത്തകാലത്തുണ്ടായ ചില തൊഴിൽ പ്രശ്‌നങ്ങളാണ് ആശുപത്രിക്ക് ഈ ദൗർഭാഗ്യം ഉണ്ടാക്കിയതെന്ന് ഇവർ പറയുന്നു. 13 അംഗീകൃത ഡോക്ടർമാരും 150ലേറെ ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്ന സ്ഥാപനം ഈ രീതിയിൽ ആയതിൽ ഗൂഢാലോചനയുണ്ട്. ഡോ. സുനിലും ഖാലിദും പറയുന്നു.

എന്നാൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഐഎംഎ പ്രതിനിധിയും ഈ വിഷയം കോടതിയിൽ വാദിക്കുന്ന അഡ്വ. മുഹമ്മദ് ഷായും ആരോപിക്കുന്നത്. അൽഷിഫയുടെ ഉടമ നല്കിയ രേഖകളെ ഉദ്ധരിച്ചാണ് അവർ ഇതു ആരോപിക്കുന്നത്. 1962ൽ ജനിച്ച ഷാജഹാൻ 1992ൽ എസ് എസ് എൽ സി പാസായതായി റഷ്യയിലെ മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച രേഖയിൽ കാണുന്നു. അതേ സമയം 1987ൽ തന്നെ ഹോമിയോ ബിരുദം ഹോമിയോ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രേഖയുമുണ്ട്. ഒരേ കാലയളവിൽ ബിരുദാനന്തര-ബിരുദ പഠനവും ഹൗസ് സർജൻസിയും നടത്തിയെന്ന രേഖയും സംശയാസ്പദമാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ നിന്നും ടിസി മെഡിക്കൽ കൗൺസിലിൽ നിന്നും കിട്ടി എന്ന് അവകാശപ്പെടുന്ന രേഖകൾ അന്വേഷണ വിധേയമാക്കണം. സ്വയം പ്രസിദ്ധീകരിച്ച ആശുപത്രിയുടെ ലഘുലേഖയിൽ 2002മുതൽ ഓപ്പറേഷനുകൾ ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോൾ അംഗീകൃത ബിരുദം നേടിയത് 2011ലാണെന്നും ഇവർ ആരോപിക്കുന്നു.
ഈ ആരോപണങ്ങൾക്ക് പക്ഷേ കൃത്യമായി മറുപടി പറയാൻ ആശുപത്രി പ്രതിനിധികൾക്കായില്ല. വെറും ആരോപണം എന്നുമാത്രമാണ് വിശദീകരണം. ഒപ്പം രേഖകൾ ഒന്നും കൈയിൽ കൊണ്ടുവന്നിട്ടില്ലെന്നും ഓർമ്മ കിട്ടുന്നില്ലെന്നും പറഞ്ഞൊഴിയുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടതിൽ ഒ്ന്നും പറയാനാവില്ലെന്ന നിലപാടായിരുന്നു ടിസിഎംസി പ്രതിനിധി ഡോ. ജയപ്രകാശിന്റേത്. ഇടപ്പള്ളിയിലെ അൽ-ഷിഫ ആശുപത്രിയിൽ അംഗീകാരമില്ലാത്ത ഡോക്ടർമാർ സർജറികൾ നടത്തുന്നതായി പരാതി കിട്ടിയതായും രേഖകൾ പരിശോധിക്കും വരെ ഷാജഹാന് മെമ്പർ എന്ന സ്ഥാനം ഉണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ കേസിൽ ഇരകളായിത്തീർ്ന്ന രോഗികളേയും അവതാരകനായ വിനു വി ജോൺ ടെലിഫോണി്ൽ ബന്ധപ്പെടുകയുണ്ടായി. ഇവർ പറഞ്ഞതനുസരിച്ച് 2007 മുതൽ ഷാജഹാൻ ചികിത്സ നടത്തുന്നുണ്ട്. ആശുപത്രി പ്രതിനിധിയായി എത്തിയ ഡോ , സുനിൽ തന്നെ പറഞ്ഞതനുസരിച്ച് 2011ലാണ് ഹൗസ് സർജൻസിക്ക് ശേഷം മെഡിക്കൽ കൗൺസിലിൽ അംഗീകാരം കിട്ടുന്നത്. അപ്പോൾ അതുവരെ എങ്ങിനെ ചികിത്സിച്ചു എന്നു ചോദിച്ചപ്പോൾ സുനിൽ വിയർത്തു...ബബബ...ചർച്ചയിൽ നിന്ന് എഴുന്നേറ്റോടുമോ എന്നു പോലും സംശയിച്ച സന്ദർഭം. ഒരു കള്ളം ഒരിക്കൽ പറയാം . എല്ലാക്കാലത്തും ഏല്ലാ നുണകളും നട്ടാൽ മുളയ്ക്കില്ലല്ലോ

പൈൽസിനും ഫിസ്റ്റുലയ്ക്കും ആധുനിക ചികിത്സ വാഗ്ദാനം ചെയ്ത് പരസ്യങ്ങൾ നൽകിയാണ് ആശുപത്രി രോഗികളെ ആകർഷിക്കുന്നത്. ഇവിടെ ചീഫ് മെഡിക്കൽ കൺസൽട്ടന്റും എംഡിയുമാണ് ഷാജഹാൻ. പരസ്യം ചെയ്ത് രോഗികളെ ചാക്കിട്ടു പിടിക്കുന്നതു തന്നെ മെഡിക്കൽ കോഡുകൾക്ക് എതിരാണ്. ഷാജഹാന് അംഗീകൃത യോഗ്യതയില്ലെന്നതിന് ഇനിയും തെളിവുകൾ ഇവർ നിരത്തുന്നുണ്ട് . വെബ്‌സൈറ്റിലും, ആശുപത്രിയിലെ നെയിം ബോർഡിലും പ്രദർശിപ്പിച്ചിരിക്കുന്ന ഡിഗ്രികളിലും വൈരുദ്ധ്യമുണ്ട്. മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലാണ് സർജറികൾ നടത്തുന്നത് ...എന്നിങ്ങനെ പോകുന്നു അത്.

സർജറിയുടെ പിഴവിനെ തുടർന്ന് ആശുപത്രിക്കെതിരെ ഒരു സ്ത്രീ പരാതിയുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല. സമൻസ് അയച്ചെങ്കിലും ഒരു വിവരവും ഉണ്ടായില്ല. പിന്നീട് പരാതിയുമായി വരുന്നവരെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് വിഷയം ഐഎംഎയുടെ മുന്നില്ത്തിയത്.

ആശുപത്രിക്ക് രജിസ്‌ട്രേഷൻ, അഗ്നിസുരക്ഷ ലൈസൻസ്, വാട്ടർ കണക്ഷൻ തുടങ്ങിയവ ഇനിയും ലഭിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരെയും മാനേജ്‌മെന്റ് പല രീതിയിൽ ഉപദ്രവിക്കുന്നതായി തൊഴിൽ പരാതികൾ ...അങ്ങിനെ കേരളത്തിന്റെ കൊട്ടിഗേഘോഷിക്കപ്പെടുന്ന ആരോഗ്യരംഗത്ത് ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ് . ഇത് ഒരു തൊഴിൽ തട്ടിപ്പാണോ, അതോ ഒരു ആശുപത്രിയുടെ വിജയത്തെ പ്രതിരോധിക്കാൻ മറ്റൊരു പക്ഷം സംഘടിതമായി നടത്തുന്ന നീക്കമോ. ഇതു തെളിയിക്കേണ്ടത് സം്സ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരാണ്. അത് എ്ത്രയും വേഗം ഉണ്ടാവണം