പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ (43) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടർഅക്രമങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശം. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധവുമായി സംഭവത്തിനു ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സഞ്ജിത്തിന്റെ കാർ കൊലപാതകത്തിന് ഉപയോഗിച്ചത് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകാനാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഗൂഢാലോചനയിലേക്കും അന്വേഷണം കടക്കും.

കാർ നന്നാക്കാൻ കൊടുത്തിരുന്നതാണെന്ന് സഞ്ജിത്തിന്റെ അച്ഛനും ഭാര്യയും പറയുന്നു. സഞ്ജിത്തുകൊല്ലപ്പെട്ട ശേഷം ഈ കാറിനെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. കാറിനെ കുറിച്ചുള്ള അന്വേഷണം പൊലീസ് കരുതലോടെയാണ് നടത്തുന്നത്. കാറിന്റെ നമ്പർ മാറ്റി ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കാൻ കാറിന്റെ എഞ്ചിൻ നമ്പറും മറ്റും പരിശോധിക്കും. രാഷ്ട്രീയ കൊലയാണ് സുബൈറിന്റെ ജീവനെടുത്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളമാകെ ജാഗ്രത പുലർത്തുന്നത്. കൊലപാതകത്തിന് അതിവേഗ പ്രതികാരം ഉണ്ടാകുമെന്ന ഭയം പൊലീസിനുണ്ട്.

കൊലയാളികൾ എത്തിയത് സഞ്ജിത്ത് ഉപയോഗിച്ച കാറിലാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. രണ്ട് കാറുകളിലെത്തിയ സംഘം വാഹനമിടിച്ച് വീഴ്‌ത്തിയശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു. പള്ളിയിലെ നിസ്‌കാരം കഴിഞ്ഞ് പിതാവ് അബൂബക്കറിനൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അബൂബക്കറിന് വാഹനത്തിൽനിന്ന് വീണ് പരുക്കേറ്റു. ശേഷം ഒരു കാർ ഉപേക്ഷിച്ചാണ് അക്രമി സംഘം മടങ്ങിയത്. കാർ സഞ്ജിത്തിന്റേതാണെന്ന് പറയുമ്പോഴും കൊലപാതകത്തിൽ ബന്ധമില്ലെന്ന് ബിജെപിയും ആർ എസ് എസും പറയുന്നു. എന്നാലും പരിവാർ ക്യാമ്പിലേക്കാണ് അന്വേഷണം നീളുന്നത്.

അച്ഛന്റെ മുമ്പിലിട്ടാണ് സുബൈറിനെ വെട്ടിക്കൊന്നത്. കൊല ഉറപ്പാക്കും വരെ വെട്ടി. മകനെ ആക്രമിച്ചത് കാറിൽനിന്നിറങ്ങിയ രണ്ടുപേരാണെന്ന് കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കർ പറയുന്നു. രണ്ടുപേരെയാണ് താൻ കണ്ടതെന്നും അക്രമിസംഘത്തിൽ ബാക്കി എത്ര പേരുണ്ടെന്ന് താൻ കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കാർ ഞങ്ങളുടെ വണ്ടിക്ക് നേരേയാണ് വന്നത്. വണ്ടിയിൽ ഇടിച്ചതോടെ ഞാൻ സൈഡിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തിൽ വണ്ടിയും അവനും അല്പം മുന്നോട്ടുപോയി റോഡിൽ വീണു. വീണതിന് ശേഷം അവർ അക്രമിക്കുകയായിരുന്നു. എന്നെ നോക്കി, എന്നെ ഒന്നും ചെയ്തില്ല. ശേഷം അവർ തിരിച്ച് മറ്റൊരു കാറിൽ പോയി. അക്രമിസംഘത്തിലെ രണ്ടുപേരെയാണ് ഞാൻ കണ്ടത്. ബാക്കി എത്ര പേരുണ്ടായിരുന്നുവെന്ന് കണ്ടില്ല. ഞാൻ എഴുന്നേൽക്കാൻ വയ്യാതെ കിടക്കുകയായിരുന്നു.'- അബൂബക്കർ പറഞ്ഞു.

അക്രമികൾ വന്ന കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതെന്ന് വ്യക്തമായതോടെ രാഷ്ട്രീയവും ചർച്ചയായി, സാധാരണ ഇത്തരം സൂചനകൾ നൽകുന്നതൊന്നും പ്രതികൾ തെളിവായി അവശേഷിപ്പിക്കാറില്ല. സഞ്ജിത്തിനെ കൊന്നതിന്റെ പ്രതികാരമെന്ന സന്ദേശമെന്ന് പുറംലോകത്തെ അറിയിക്കാനാണ് അക്രമികൾ ഇങ്ങനെ ചെയ്തതെന്നാണ് നിഗമനം. അതിനിടെ അന്വേഷണത്തെ തെറ്റിധരിപ്പിക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നു. പ്രതികളെ പിടികൂടിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.

ഈ കാർ ഉപേക്ഷിച്ച് പിന്നാലെയെത്തിയ മറ്റൊരു കാറിലാണ് അക്രമികൾ രക്ഷപ്പെട്ടത്. ഡ്രൈവറടക്കം അഞ്ചുപേർ അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് സൂചന. ഇവർ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനകളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പള്ളിയിൽനിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു സുബൈർ. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയത്.

പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉൾപ്പെടെ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽനിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ആർഎസ്എസ്. ആണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. കൊലപാതകവിവരമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ. പ്രവർത്തകരാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. അതിനിടെ, ബിജെപി - സംഘപരിവാർ പ്രവർത്തകർക്ക് സംഭവവുമായി ബന്ധമില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞു. അന്വേഷണം പൂർത്തിയാകും മുമ്പ് സംഘപരിവാർ സംഘടനകൾക്കുമേൽ കുറ്റം ആരോപിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് പറഞ്ഞു.

കരുതൽ കേരളത്തിലുടനീളം ശക്തമാണ്. സംഘർഷസാധ്യതയുള്ള മേഖലകളിൽ കൂടുതൽ പിക്കറ്റിങ് ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം.