തിരുവനന്തപുരം: ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ട് ആർ.ശ്രീകുമാർ രാജിയിൽ ഞെട്ടി ജയിൽ വകുപ്പ്. ധിക്കാരപൂർവം പെരുമാറിയ കീഴുദ്യോഗസ്ഥനെതിരെ ജയിൽ മേധാവി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ആലപ്പുഴ അസി.ജയിൽ സൂപ്രണ്ടിനെ സംരക്ഷിച്ചതാണ് പ്രകോപനമായത്. കഴിഞ്ഞ മാസം ഒൻപതിനാണു ശ്രീകുമാറിന്റെ രാജിയിലേക്കു നയിച്ച കാര്യങ്ങൾ ആലപ്പുഴ ജില്ലാ ജയിലിൽ അരങ്ങേറിയത്.

''ഈ ഉദ്യോഗസ്ഥന്റെ നടപടി സ്ഥാപനമേധാവിയെന്ന നിലയിൽ എന്റെ ആത്മാഭിമാനത്തെ പ്രതികൂലമായി ബാധിച്ചു. ഉദ്യോഗസ്ഥരെയും സ്ഥാപനത്തെയും നിയന്ത്രിക്കുന്നതിനുള്ള ശേഷിയെയും താൽപര്യത്തെയും ബാധിച്ചു. അതിനാൽ സ്വമേധയാ പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നു'' ദക്ഷിണമേഖലാ ഡിഐജിക്കു നൽകിയ കത്തിൽ ശ്രീകുമാർ അറിയിച്ചു. സ്വാധീനമുണ്ടെങ്കിൽ ആർക്കും എന്തും ആകാമെന്നതിന് തെളിവാണ് ശ്രീകുമാറിന്റെ രാജി.

അസി.സൂപ്രണ്ട് അനുമതിയില്ലാതെ അവധിയെടുത്തതിനു സൂപ്രണ്ട് വിശദീകരണം ചോദിച്ചു. വിശദീകരണക്കത്ത് അദ്ദേഹം ചുരുട്ടി വലിച്ചെറിഞ്ഞു. കീഴുദ്യോഗസ്ഥരുടെയും തടവുകാരുടെയും മുൻപിൽ വച്ചു ധിക്കാരപരമായും പ്രകോപനപരമായും പെരുമാറിയെന്നും പരാതിയിൽ ആരോപിച്ചു. ഈ അച്ചടക്കലംഘനത്തെക്കുറിച്ച് അടുത്ത ദിവസം ശ്രീകുമാർ ദക്ഷിണമേഖലാ ഡിഐജിക്കും ജയിൽ ഡിജിപിക്കും രേഖാമൂലം പരാതി നൽകി. എന്നാൽ അവരെല്ലാം ആ ഉദ്യോഗസ്ഥനൊപ്പമായിരുന്നു.

അച്ചടക്ക നടപടിയോ അന്വേഷണമോ ഉണ്ടായില്ലെന്ന് മാത്രമല്ല ശ്രീകുമാറിന് അപമാനവും നേരിടേണ്ടി വന്നു. 10 ദിവസം കഴിഞ്ഞു സർവീസിൽ നിന്നു സ്വയം വിരമിക്കാൻ കത്തു നൽകി. ഇതോടെ ഡിജിപി അന്വേഷണം നടത്താൻ ഡിഐജിയോട് ആവശ്യപ്പെട്ടു. രാജിയിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നു സൂപ്രണ്ടിനോടു ഡിഐജി ചോദിച്ചു. അതിനുള്ള വിശദ മറുപടിയിലാണു ജൂൺ അവസാനത്തോടെ വിരമിക്കുമെന്ന് അറിയിച്ചത്. 3 മാസത്തെ നോട്ടിസ് കാലാവധിക്കാണ് ജൂൺ അവസാനം വരെ സമയം ചോദിച്ചത്.

20 വർഷത്തെ സൈനിക സേവനത്തിനു ശേഷമാണു ശ്രീകുമാർ ജയിൽ വകുപ്പിലെത്തുന്നത്. രണ്ടര വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് നിർബന്ധിത വിരമിക്കൽ.