ആലപ്പുഴ: വിവര സാങ്കേതിക രംഗത്ത് രാജ്യം വളരെയധികം പുരോഗതി കൈവരിച്ചെങ്കിലും ഇന്നും ആകാശവാണി കേൾക്കാതെ ഉറക്കം വരാത്തവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. ടിവിയും ദിനപത്രവും ഓൺലൈൻ ചാനലുകളും നിരവധി സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളുമുണ്ടെങ്കിലും ആകാശവാണിയുടെ പെരുമയ്ക്ക് ഇതു വരെ കോട്ടം തട്ടിയിട്ടില്ല. എന്നാൽ, ആകാശവാണി പ്രക്ഷേപണം ചെലവേറിയതും നഷ്ടവുമാണെന്ന കണക്കു കൂട്ടലിൽ റേഡിയോ നിലയങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാൻ പ്രസാർ ഭാരതി കോർപ്പറേഷൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിൽ ഇതിനായി ആദ്യം തെരഞ്ഞെടുത്തത് ആലപ്പുഴ റിലേ സ്റ്റേഷൻ ആയിരുന്നു. എതിർപ്പ് ഉയർന്നതിനെ തുടർന്ന് ആ തീരുമാനം താൽകാലികമായി മരവിപ്പിച്ചു. എങ്കിലും, സ്റ്റേഷനുകൾ പൂട്ടുന്ന നിലപാടിൽ നിന്ന് കോർപ്പറേഷൻ പിന്നാക്കം പോകുന്നില്ല എന്നാണ് സൂചന.

സംസ്ഥാനത്തെ ആകാശവാണി എഫ്എം റേഡിയോ സ്റ്റേഷനുകൾക്കും പൂട്ടു വീണു തുടങ്ങും. പ്രാരംഭമായി എഫ്എം റേഡിയോ സ്റ്റേഷനുകൾ വരുമാന വർധനക്കായി ആധുനികവൽക്കരിക്കുന്നതിനുള്ള നടപടികൾ പ്രസാർ ഭാരതി ആരംഭിച്ചു. ഒരു പ്രധാന സ്റ്റേഷൻ നിലനിർത്തി മറ്റുള്ളവ റിലേ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. സ്വകാര്യ മേഖലയ്ക്കൊപ്പം മത്സരിക്കുന്നതിന് നിലവിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നും അതിനാൽ ആധുനിക വൽക്കരണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രാദേശിക അടിസ്ഥാനത്തിൽ റേഡിയോ നിലയങ്ങളിലെ സ്റ്റുഡിയോകൾ നിർത്തലാക്കും. ഇതിനായുള്ള പ്രാരംഭ നടപടികൾ പ്രസാർ ഭാരതി ബോർഡ് തുടങ്ങി. ഇത്തരം നടപടിയുടെ ഭാഗമായി ആകാശവാണി ആലപ്പുഴ നിലയം അടച്ചു പൂട്ടാൻ നിർദ്ദേശം വന്നിരുന്നു.

ജനപ്രതിനിധികളും ജീവനക്കാരുടെയും ശ്രോതാക്കളുടെയും സംഘടനകളും ശക്തമായി പ്രതിഷേധിച്ചതോടെ ഉത്തരവ് പിൻവലിച്ചു. ഈ നടപടിയും താൽക്കാലികം മാത്രമാണെന്നും രാജ്യമെമ്പാടും നിലയങ്ങൾ പൂട്ടുന്നതോടെ ആലപ്പുഴക്കും നിലനിൽപ്പ് ഇല്ലാതെയാകുമെന്നുമാണ് സൂചന. കോഴിക്കോട്, തൃശൂർ നിലയങ്ങൾക്കും ഇതേ ഗതി വരുമെന്ന് അന്ന് പാർലമെന്റ് അംഗങ്ങൾ പറഞ്ഞിരുന്നു. ഈ നിലയങ്ങളിലെ സ്റ്റുഡിയോയുടെ പ്രവർത്തനം നിലയ്ക്കുന്നതോടെ ഇവിടങ്ങളിലെ നിരവധി സ്ഥിരം, കരാർ ജീവനക്കാർക്കും അതിഥി കലാകാരന്മാർക്കും തൊഴിൽ നഷ്ടമാകും. പ്രാദേശിക കലകൾ അവതരിപ്പിക്കുന്ന ധാരാളം കലാകാരന്മാർ ഓരോ സ്ഥലത്തുമുണ്ട്. വിദഗ്ദ്ധ സമിതി നിരവധി പരിശോധനകൾ നടത്തിയാണ് കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്.

കഴിവ് അനുസരിച്ചു ഗ്രേഡും പ്രതിഫലവും ലഭിക്കും. പ്രസാർ ഭാരതിയുടെ പുതിയ നീക്കത്തിലൂടെ ഇതെല്ലാം നഷ്ടമാകും. ആകാശവാണി കലാകാരൻ എന്ന ലേബൽ ലഭിക്കുന്നതിലൂടെ മറ്റിടങ്ങളിലും പരിപാടികൾക്ക് അവസരം കിട്ടിയിരുന്നു. കുടുംബം പോറ്റാനുള്ള വക ഇത്തരത്തിൽ
സമ്പാദിക്കുന്ന ധാരാളം കലാകാരന്മാർ നാട്ടിലുണ്ട്. എഐആർ ഫെയിം എന്ന് പേരിനൊപ്പം ചേർത്താണ് ഇവരിൽ മിക്കവരും അറിയപ്പെടുന്നത്. ആകെയുള്ള 502 നിലയങ്ങളിൽ നാനൂറിൽ അധികം എണ്ണത്തിന് പൂട്ട് വീഴുമെന്നാണ് അറിയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റേഡിയോ സ്റ്റേഷനുകൾക്ക് പ്രസാർ ഭാരതിയുടെ കത്ത് ലഭിച്ചു.

പ്രസാർ ഭാരതി ബോർഡിൽ എടുത്ത തീരുമാന പ്രകാരമാണ് കത്തെന്ന് സൂചനയുമുണ്ട്. പ്രസാർ ഭാരതിക്ക് മീഡിയം വേവ് 129, എഫ്എം 502, ഷോർട്ട് വേവ് 22 സ്റ്റേഷനുകളും 653 ട്രാൻസ്മിറ്ററുകളുമാണ് രാജ്യത്തുള്ളത്. അവശ്യ നിലയങ്ങൾ നിലനിർത്തി മറ്റ് എഫ്എമ്മുകളെല്ലാം പ്രധാനപ്പെട്ട ഒരു സ്റ്റേഷന്റെ കീഴിൽ കോൺട്രിബ്യൂട്ടറി സ്റ്റേഷനുകളാക്കി മാറ്റാനാണ് നിർദ്ദേശം. കേരളത്തിൽ 12 നിലയങ്ങളാണുള്ളത്. ഇതിൽ ആറെണ്ണം കോൺട്രിബ്യൂട്ടറി നിലയങ്ങളാകും. തിരുവനന്തപുരം-മൂന്ന്, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മീഡിയം വേവ് നിലയങ്ങളും ദേവികുളം ഷോർട്ട് വേവ് നിലയവുമുണ്ട്.

ഇതിന് പുറമെ കൊച്ചി-രണ്ട്, തൃശൂർ, മഞ്ചേരി, പുനലൂർ, കൽപ്പറ്റ, കാസർഗോഡ്, പൈനാവ്, എഫ്എം നിലയങ്ങളുമുണ്ട്. രാജ്യത്താകമാനം 92.2 ശതമാനം സ്ഥലങ്ങളിലും 99.2ശതമാനം ജനങ്ങളിലും ആകാശവാണി പരിപാടികൾ എത്തുന്നതായാണ് പ്രസാർ ഭാരതി പറയുന്നത്. രാജ്യത്തെ പകുതിയിൽ അധികം പ്രദേശങ്ങളിൽ ലഭിക്കുന്ന എഫ്എം റേഡിയോയ്ക്ക് 64 ശതമാനം ശ്രോതാക്കൾ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ മേഖലയുമായി മത്സരിക്കുന്നതിന്റെ പേരിൽ സ്റ്റേഷനുകൾ നിർത്തലാക്കിയാൽ ഇതിന്റെ പ്രയോജനം ഇവർക്ക് തന്നെ ലഭിക്കുമെന്നാണ് ആകാശവാണി ജീവനക്കാരുടെ സംഘടനകൾ പറയുന്നത്. വർഷങ്ങളായി ആകാശവാണിയിൽ ഒരു സ്ഥിര നിയമനവും നടക്കുന്നില്ല. നിലവിലെ ജീവനക്കാർ ഏതാനുംവർഷങ്ങൾക്കുള്ളിൽ വിരമിക്കും. ഇതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. ഗ്രാമീണ ജനതയുടെ പ്രധാന ശ്രവ്യ വിജ്ഞാന വിനോദ ഉപാധിയായ ആകാശവാണി തലമുറകളുടെ വികാരം കൂടിയാണ്.