- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി ആഘോഷിക്കാൻ പ്രവാസികൾ കൂട്ടമായി നാട്ടിലേക്ക്; സുരക്ഷാ പ്രശ്നങ്ങളും അപകടവും പതിവ്; പുന്നമടക്കായലിൽ അപകടത്തിൽ പെട്ടത് യുകെയിൽ നിന്നെത്തിയ എട്ട് കുടുംബങ്ങളും ബന്ധുക്കളും
ആലപ്പുഴ: യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ അവധിക്കാലമാണ് ഇപ്പോൾ. അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തി കുടുംബക്കാർക്കൊപ്പം നാടിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്ത പ്രവാസികൾ ഉണ്ടാകില്ല. ഇങ്ങനെ നാട്ടിലെത്തിമ്പോൾ വിദേശങ്ങളിലേത് പോലെ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് കരുതിയാൽ അത് തെറ്റാകും. വേണ്ടത്ര സുര
ആലപ്പുഴ: യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ അവധിക്കാലമാണ് ഇപ്പോൾ. അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തി കുടുംബക്കാർക്കൊപ്പം നാടിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്ത പ്രവാസികൾ ഉണ്ടാകില്ല. ഇങ്ങനെ നാട്ടിലെത്തിമ്പോൾ വിദേശങ്ങളിലേത് പോലെ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടാകുമെന്ന് കരുതിയാൽ അത് തെറ്റാകും. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതതിനാൽ അപകടം ഉണ്ടാകുന്ന സംഭവങ്ങൾ പതിവായി മാറിയിരിക്കയാണ്. കഴിഞ്ഞദിവസം യുകെയിൽ നിന്നും പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ യുകെയിൽ നിന്നും എത്തിയ എട്ട് കുടുംബങ്ങളും ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, ഭാഗ്യത്തിന്റെ അകമ്പടിയിൽ ഇവർ രക്ഷപെട്ടു.
ബ്രിട്ടനിലെ ന്യൂകാസിൽ- സന്ദർലാന്റ് പ്രദേശത്ത് നിന്നും കേരളത്തിൽ അവധിക്കെത്തിയ എട്ടു മലയാളി കുടുബവും അവരുടെ ബന്ധുക്കളും മാതാപിതാക്കളും അടങ്ങുന്ന 51 പേർ അടങ്ങിയ സംഘമാണ് ഇന്നലെ പുന്നമടക്കായലിൽ ഉണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ആലപ്പുഴയ്ക്കു സമീപം ഡോക്കുചിറക്ക് സമീപം കരയിൽ നിന്നും വളരെ അടുത്തു മാറി ഉണ്ടായതിനാലാണ് അത്ഭുതകരമായ രക്ഷപെടൽ സംഭവിച്ചത്. രാവിലെ മുതൽ നടന്ന ബോട്ടുയാത്ര അവസാനിച്ച് മടങ്ങിയെത്തി കരയ്ക്കടുപ്പിക്കുന്നതിന് മുമ്പായിരുന്നു അപകടം. അപകടത്തിൽ ഡബിൾഡക്കർ ബോട്ട് പൂർണമായും വെള്ളത്തിൽ മുങ്ങി താഴ്ന്നു. വെള്ളത്തിൽ മുങ്ങിയ യാത്രക്കാരെ സാഹസികമായാണ് നാട്ടുകാർ രക്ഷിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങിയ യാത്രക്കാർ ഇപ്പോഴും ഒഴിഞ്ഞ് പോയ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ്.
ഷെഫീൽഡിൽ നിന്നുള്ള ഒരു കുടുംബവും സന്ദർലാന്റിൽ താമസിക്കുന്ന റോയി പി സ്‌കറിയ, ജിനു ജോർജ്, സിജോ ജോർജ്, ജോർജ് മേലേത്ത്, ന്യൂകാസിലിൽ താമസിക്കുന്ന ജെയ്‌മോൻ സ്‌കറിയ, സോയി പി ജോസഫ് എന്നിവരും അവരുടെ ഭാര്യമാരും മക്കളും മാതാപിതാക്കളും അടുത്ത ബന്ധുക്കളും അടങ്ങിയ കുടുംബമാണ് അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ആ നിമിഷം ഓർക്കാൻ പോലും സാധിക്കുന്നില്ല. താഴത്തെ നില നിമിഷ നേരം കൊണ്ട് പൊട്ടിയൊഴുകി എത്തിയ വെള്ളം കൊണ്ടു നിറഞ്ഞു. വെള്ളത്തിൽ നിന്നും നീന്തിയാണ് കുഞ്ഞുങ്ങളെ രക്ഷപെടുത്തിയത്. എന്റെ മക്കൾ വെള്ളത്തിൽ വീണു പോയിരുന്നു. - മനസാന്നിധ്യം കൊണ്ടാണ് ഞങ്ങൾ ഒക്കെ രക്ഷപെട്ടത്. റോയി ബോട്ടിൽ നിന്നും ചാടിയാണ് കുഞ്ഞുങ്ങളെ രക്ഷിച്ചത്. അപകടത്തിന്റെ ഷോക്ക് മാറാതെ ജിൻ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റിനു സമീപം ഡോക്കുചിറയിലായിരുന്നു അപകടം. ആലപ്പുഴ, തൃശൂർ, ഇടുക്കി, കണ്ണൂർ, കട്ടപ്പന എന്നീ സ്ഥലങ്ങളിൽ താമസിക്കുന്നവരും യുകെയിൽ ജോലിചെയ്യുന്നവരുമായ സുഹൃത്തുക്കളുടെ ആറോളം കുടുംബങ്ങളിലെ അംഗങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ച് ബെഡ്‌റൂമോട് കൂടിയ പടുകൂറ്റൻ ബോട്ടാണ് അപകടത്തിൽ പെട്ടത്. അപകട കാരണമായി അധികൃതരും പൊലീസും പറയുന്നത് മരകുറ്റിയിൽ തട്ടി ഓട്ട ഉണ്ടായി എന്നതാണ്. എന്നാൽ ബോട്ട് യാത്രക്കാർ ഇത് നിഷേധിക്കുകയാണ്. ബോട്ട് അപകടാവസ്ഥയിലാണ് എന്നു മുമ്പ് തന്നെ പറഞ്ഞെന്നും ബോട്ടു മുങ്ങുമെന്ന് കണ്ട് നാട്ടുകാർ രക്ഷിക്കാൻ എത്തിയിട്ടും അവർ ബോട്ട് നിർത്തിയില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.
കായലിൽ വല വെക്കാൻ എത്തിയ വള്ളക്കാരാണ് അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ആദ്യമെത്തിയത്. തുടർന്നു സമീപത്തെ വീട്ടിലെ യുവതി മറ്റൊരുവള്ളത്തിൽ എത്തുകയും ഏഴുകുട്ടികളെയും ഒരു വയോധികയേയും തന്റെ വള്ളത്തിൽ കയറ്റുകയുമായിരുന്നു. തുടർന്നു അടുത്ത ബോട്ടിലുണ്ടായിരുന്നവർ ടൂറിസം പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ടൂറിസംപൊലീസും ഫയർഫോഴ്‌സും എത്തുന്നതിനുമുമ്പുതന്നെ വള്ളക്കാരും നാട്ടുകാരും വള്ളത്തിലുണ്ടായിരുന്ന 13 സ്ത്രീകളെയും 16 പുരുഷന്മാരെയും 22 കുട്ടികളെയും രക്ഷപെടുത്തിയിരുന്നു.
യാത്രക്കാരെ മുഴുവൻ രക്ഷപെടുത്തികഴിഞ്ഞപ്പോഴേക്കും ബോട്ടിന്റെ താഴത്തെ നില പൂർണമായും മുങ്ങിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ മൊബൈലുകളും ലഗേജുകളും മറ്റും വെള്ളത്തിൽ നഷ്ടമായി. തുടർന്നു മറ്റൊരുബോട്ടിൽ യാത്രക്കാരെ ജെട്ടിയിലേക്കു കൊണ്ടുപോയി. ആദ്യം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വള്ളക്കാരുടെ ഫൈബർവള്ളങ്ങളിലോന്നും വലയും രക്ഷാപ്രവർത്തനത്തിനിടെ നഷ്ടമായി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ടൂറിസം എസ്‌ഐ മുരളീധരൻ, സീനിയർ സിപിഒ അബ്ദുൾഖാദർ, ജോൺ ബാസ്റ്റിൻ, അരവിന്ദാക്ഷൻ, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തുടർനടപടികൾ സ്വീകരിച്ചു.
അതേസമയം ബോട്ടിൽവേണ്ടത്ര സുരക്ഷ ഒരുക്കാൻ തയ്യാറാകാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന ആരോപണവും ശക്തമാണ്. 200 പേരെ വരെ വച്ചു കോൺഫറൻസ് നടത്തിയിട്ടുള്ള ബോട്ടാണ് എന്നവകാശപ്പെട്ടാണ് വലിയ തുക കൊടുത്തു യുകെയിൽ നിന്നും തന്നെ ബോട്ട് ബുക്ക് ചെയ്തത്. എന്നിട്ടും 50 പേരെ കയറ്റി യാത്ര ചെയ്തപ്പോഴേക്കും ബോട്ട് അപകടത്തിൽപ്പെട്ടു. ലൈഫ് ജാക്കറ്റുകൾ ഡ്രൈവറുടെ സീറ്റിന് അടുത്തായിരുന്നു. അപകടം ഉണ്ടായപ്പോൾ പോലും അത് ആരും എടുത്തു നല്കിയില്ല. ഒറ്റയാളും ലൈഫ് ജാക്കറ്റ് ഇല്ലാതെയാണ് വെള്ളത്തിൽ വീണതും രക്ഷപെട്ടതും. ചിലരെ മുങ്ങിയ ബോട്ടിൽ നിന്നും വലിച്ചു കയറ്റുകയായിരുന്നു.
അതേസമയം മുങ്ങിത്താഴുന്ന ബോട്ടിൽ നിന്നും എട്ട് പേരെ രക്ഷിച്ചത് മായ എന്ന യുവതിയായിരുന്നു. നീന്തൽ അറിയില്ലെങ്കിലും അക്കരെയിക്കരെ വള്ളം തുഴയാൻ പഠിച്ചിരുന്ന ധൈര്യത്തിൽ രണ്ടും കല്പിച്ചു വീട്ടിലെ തടിവള്ളത്തിൽ തുഴഞ്ഞു ഉല്ലാസനൗകയുടെ അടുത്തെത്തുക യായിരുന്നു. അപ്പോഴേയ്ക്കും വള്ളം മുങ്ങി തുടങ്ങിയിരുന്നതേയുള്ളു. യാത്രക്കാരുടെ ദയനീയമായ നിലവിളി കേട്ട് സമചിത്തത കൈവിടാതെ മായ ആണ് ആദ്യ സംഘത്തെ ബോട്ടിലേയ്ക്ക് കയറ്റിയത്.
സംഭവത്തെക്കുറിച്ചു മായ രതീഷ് പറഞ്ഞതിങ്ങനെ: 'കുട്ടികളടക്കമുള്ള യാത്രക്കാരുടെ നിലവിളി ശബ്ദം കേട്ടാണ് താൻ കായലിലേക്കു നോക്കിയത്. മുങ്ങിത്തുടങ്ങിയ ബോട്ടിൽനിന്നും കായലിൽ വല വെക്കാനായി രണ്ടുവള്ളങ്ങളിൽ വന്ന നാലുപേർ ആളുകളെ വള്ളത്തിലേക്കു കയറ്റുന്നുണ്ടായിരുന്നു. നീന്തൽ വശമില്ലാത്ത താൻ മറ്റൊന്നുംചിന്തിക്കാതെ തടിവള്ളവുമായി ബോട്ടിനടുത്തേക്കു തുഴയുകയായിരുന്നു. എല്ലാവരും രക്ഷപെട്ടന്നെറിഞ്ഞപ്പോഴാണ് സമാധാനമായത്. ഹൗസ് ബോട്ടു ജീവനക്കാരനായ ഭർത്താവും അയൽവാസി കുര്യച്ചനും വലവെപ്പുകാരായ ലോറൻസ്, സതീശൻ, എന്നിവരും പേരറിയാത്ത രണ്ടുപേരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി മായ പറഞ്ഞു.