- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രവും കേരളവും ഒരു പാർട്ടി തന്നെ ഭരിച്ച സമയത്ത് ഒന്നും നടന്നില്ല; ആലപ്പുഴ ബൈപ്പാസ് കേന്ദ്രവും കേരളവും യോജിച്ച് പ്രവർത്തിച്ചതിന്റെ നേട്ടമാണെന്നും ജി സുധാകരൻ; കോൺഗ്രസിനെ തല്ലിയും കേന്ദ്ര സർക്കാരിനെ തഴുകിയും പൊതുമരാമത്ത് മന്ത്രി
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് എല്ലാവരുടേയും വിജയമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കേന്ദ്രവും കേരളവും ഒരു പാർട്ടി തന്നെ ഭരിച്ച സമയത്ത് യാഥാർത്ഥ്യമാകാത്ത ബൈപ്പാസ് ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കാനായത് കേന്ദ്രവും കേരളവും യോജിച്ച് പ്രവർത്തിച്ചതിന്റെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കാനും ജി സുധാകരൻ മറന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ അവസാന വർഷമാണ് ആലപ്പുഴ ബൈപ്പാസിന്റെ ഡിപിആർ തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. ബൈപാസിന്റെ 15 ശതമാനം പണി അതായത് ഭൂമിയുടെ അടിയിലുള്ള പണികൾ അവർ ചെയ്തിരുന്നു. അത് നന്ദിയോടെ ഓർക്കുന്നു. ബാക്കിയുള്ള പണികളാണ് ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പൂർത്തിയാക്കിയത്. 15 ശതമാനം പണി അവർ ചെയ്തിരുന്നില്ലെങ്കിൽ ബൈപ്പാസ് നിർമ്മാണം ഇനിയും വൈകിയേനെയെന്നും സുധാകരൻ പറഞ്ഞു.
"174 കോടി വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബൈപ്പാസ് നിർമ്മാണത്തിന് വേണ്ടി ചെലവഴിച്ചു. ഇതിന് പുറമേ റെയിൽവേയുടെ അനുമതിക്കായി 7.5 കോടി രൂപയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചെലവാക്കിയിട്ടുണ്ട്. നാലരവർഷം കൊണ്ട് പിണറായി സർക്കാരിന്റെ നിർമ്മാണചാതുരിയും ശുഷ്കാന്തിയും പ്രതിബദ്ധതയും അസാധ്യമെന്ന് തോന്നുന്നതുപോലും ചെയ്തുകാണിക്കുന്ന രീതിയുമാണ് ഇവിടെ കണ്ടത്. ആർക്കു വേണമെങ്കിലും ഇതേ പ്രതിബദ്ധത കാണിച്ചാൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കാനാവും. എന്നാൽ രാഷ്ട്രീയ പ്രചരണങ്ങൾ മാത്രം കാണിച്ച് നടന്നാൽ ഇത് ചെയ്യാനാവില്ല.
ആലപ്പുഴ ബൈപ്പാസ് എല്ലാവരുടേയും വിജയമാണ്. കേരളവും കേന്ദ്രവും ഒരേ പാർട്ടി ഭരിച്ചിട്ടും എന്താണ് ഇത് നടക്കാതിരുന്നത്. ഇപ്പോൾ കേരളവും കേന്ദ്രവും വ്യത്യസ്ത പാർട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടർ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോൾ ബൈപ്പാസ് നിർമ്മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോൾ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തിൽ ഫ്ളക്സ് വയ്ക്കാനേ അവർക്കാവൂ, ജനഹൃദയങ്ങളിൽ ഫ്ളക്സ് വെയ്ക്കാൻ അവർക്കാവില്ല. സർക്കാർ പോലും നിയമാനുസൃതമായ ഫ്ളക്സുകൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങൾ സ്ഥാപിച്ച ബോർഡുകളാണ്. അത്ഭുതപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളും സർക്കാരിനെ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ ബൈപ്പാസിന് വേണ്ടി കുറച്ചധികം പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. പലതരം പ്രശ്നങ്ങളേയും അതിജീവിച്ചുകൊണ്ടാണ് ബൈപ്പാസ് യാഥാർഥ്യമായത്. ബൈപ്പാസിന് വേണ്ടി 174 കോടിയും അപ്രോച്ച് റോഡിനും റെയിൽവേ അനുമതിക്കായി 25 കോടിയിലധികവും ചെലവഴിച്ചിട്ടുണ്ട്. ഇത്തരത്തിൽ 200 കോടിയോളം രൂപ സംസ്ഥാനം ചെലവഴിച്ചു. പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് ബൈപ്പാസ് നിർമ്മാണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചത്. ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാം.
348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമ്മിച്ച ബൈപ്പാസിന്റെ നിർമ്മാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. ലൈറ്റ് സ്ഥാപിക്കാനും മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേയ്ക്ക് നൽകിയ 7 കോടിയും കൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 412 വിളക്കുകളുണ്ട്.
1990ലാണ് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. പല കാരണങ്ങളാൽ പണി നീളുകയായിരുന്നു. 35 വർഷം കൊണ്ട് ബൈപാസ് നിർമ്മാണത്തിന്റെ 20 ശതമാനമാണ് തീർന്നതെങ്കിൽ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിർമ്മാണം 100 ശതമാനം പൂർത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ