- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി; ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്റെ വരവിൽ പ്രതിഷേധം ശക്തം; ഔദ്യോഗിക ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി ജില്ലാ കളക്ടർ
ആലപ്പുഴ: ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം കനക്കുന്നതിനിടെ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്ടിവേറ്റ് ചെയ്തത്.
മാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് ആലപ്പുഴ ജില്ലാ കലക്ടർ പൂട്ടിയത്.
മറ്റ് 13 ജില്ലകളിലെയും കലക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടുകൾ പൊതുജനങ്ങൾക്ക് സംശയ ദൂരീകരണത്തിന് ഉതകുംവിധം കമന്റ് ബോക്സുകൾ ലഭ്യമാക്കിയിരിക്കെയാണ് പ്രതിഷേധം ഭയന്ന് ആലപ്പുഴ കലക്ടർ അത് പൂട്ടിയിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണുരാജാണ് നിലവിൽ ആലപ്പുഴ ജില്ലാ കലക്ടർ. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രേണു രാജിനെ എറണാകുളം ജില്ലാ കലക്ടർ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴക്ക് എത്തിക്കുന്നത്. ശ്രീറാം കലക്ടർ ആയി എത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ജില്ലയിൽനിന്നും ഉയരുന്നത്. കോൺഗ്രസ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്.
അതേസമയം, മാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ എം.എസ്.എഫ് മുൻ ദേശീയ ഭാരവാഹി അഡ്വ. ഫാത്തിമ തഹിലിയ രംഗത്തെത്തി.
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലകളിൽ അതിന്റെ ചെയർമാൻ ജില്ലാ കലക്ടർ ആണെന്നും തഹിലിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആ നിലക്ക് ആലപ്പുഴ ജില്ലയിൽ ഇനി മുതൽ ആ ചെയർമാൻ സ്ഥാനത്ത് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കടന്നുവരുമെന്നും തഹിലിയ പരിഹസിക്കുന്നു.
മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കലക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് ഉൾപ്പെടെ നടപടിക്കെതിരെ രംഗത്തെത്തി. മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ