- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവളപ്പിൽ സംസ്‌കരിക്കാൻ ഇടമില്ല; വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ഹിന്ദു ആചാരപ്രകാരം പള്ളി സെമിത്തേരിയിൽ; സാക്ഷികളായി ഇടവക വികാരിയും കൈക്കാരന്മാരും; മതസൗഹാർദത്തിന്റെ മാതൃകയായി കുട്ടനാട് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളി അധികൃതർ
കുട്ടനാട്: വീട്ടുവളപ്പിൽ സംസ്‌കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ഹിന്ദു ആചാരപ്രകാരം ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്‌കാരമാണു രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയിൽ നടത്തിയത്. മൃതദേഹം സെമിത്തേരിയിൽ ദഹിപ്പിക്കുന്നതിന് ഇടവക വികാരിയും കൈക്കാരന്മാരും സാക്ഷികളായി.
രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്‌കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലായിരുന്നു. ഇക്കാര്യം കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗൺസിൽ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.
പള്ളി വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയും പള്ളി കൈക്കാരന്മാരും ആലോചിച്ച് തീരുമാനമെടുത്തതോടെ മത സൗഹാർദത്തിന്റെ വേദികൂടിയായി ദേവാലയം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പള്ളി അധികൃതർ വേണ്ട സഹായം ഒരുക്കി നൽകി.
പള്ളി സെമിത്തേരിയിൽത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം ഒരുക്കി. ട്രസ്റ്റിമാരായ ജോമോൻ പത്തിൽചിറ, സി.പി.ജോർജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി റോയ് അൻപതിൽചിറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓമനയുടെ മക്കൾ: ഓമനക്കുട്ടൻ, രാധിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സ്മിത.
മറുനാടന് മലയാളി ബ്യൂറോ