ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മരിച്ച നജ്ലയുടെ ഭർത്താവ് റെനീസിന്റെ കാമുകി ക്വാർട്ടേഴ്സിലെത്തി നജ്ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കൂട്ടമരണം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. കേസിന്റെ അന്വേഷണത്തിനിടെ വീടിനുള്ളിൽ നജ്ലയറിയാതെ റെനീസ് സ്ഥാപിച്ച സിസിടിവി ക്യാമറ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയത്.

മെയ് 9നാണ് ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴസിൽ രണ്ട് മക്കളെയും കൊന്ന് നജ്ല ജീവനൊടുക്കിയത്. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റെനീസിന്റെ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യയ്ക്ക് കാരണമായെന്ന കണ്ടെത്തലിന് പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. റെനീസിന്റെ ഭാര്യയായി ക്വാർട്ടേഴ്സിൽ താമസിക്കാൻ തന്നെ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്ലയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവദിവസം വൈകിട്ടാണ് ഷഹാന ക്വാർട്ടേഴ്സിലെത്തിയതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഹാളിൽ വെച്ച് നജ്ലയുമായി ഇവർ വഴക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഷഹാന മടങ്ങിപ്പോകുന്നു. ഇതിന് ശേഷമാണ് കുഞ്ഞുങ്ങളെ കൊന്ന് നജ്ല കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്നത്. നജ്ലയെ നിരീക്ഷിക്കാൻ സ്ഥാപിച്ച ക്യാമറ വഴി ആത്മഹത്യയുൾപ്പടെ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നുവെങ്കിലും, മരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിൽ അല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

റെനീസിനെ സഹായിക്കുന് നതരത്തിലാണ് കേസിന്റെ അന്വേഷണം എന്ന് ആരോപിച്ച് നജ്ലയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ആലപ്പുഴ എസ്‌പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. റെനീസിന്റെ വട്ടിപ്പലിശ ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം നജ്‌ലയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിടാൻ റെനീസും ഷഹാനയും ആസൂത്രണ ശ്രമം നടത്തിയോ എന്ന സംശയവും ഉയരുന്നുണ്ട്. നജ്‌ലയുമായി ഷഹാന വഴക്കിട്ടത് മനപ്പൂർവ്വമാണെന്നാണ് പൊലീസും കണ്ടെത്തുന്നത്.

സംഭവ സമയം ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊലീസ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ജോലിയിലായിരുന്നു റെനീസ്.