ആലപ്പുഴ: ഇടതുകാൽ ഒടിഞ്ഞ കുഞ്ഞിന്റെ വലതുകാലിൽ പ്ലാസ്റ്റിറിട്ടു. പിടിപ്പുകേടിന്റെയും അനാസ്ഥയുടെയും പര്യായമായിമാറിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രണ്ടുവയസുള്ള കുഞ്ഞിനോടു ക്രൂരത കാട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് കാലിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ പിഞ്ചുബാലനെ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിൽസയ്ക്കുശേഷം കുട്ടിയെ കൂടുതൽ ചികിൽസയ്ക്കായി വാണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഉടൻ പരിശോധനയ്ക്കുശേഷം എക്‌സ്‌റേ എടുക്കുന്നതിനായി റൂമിലേക്ക് മാറ്റി. എക്‌സ്‌റേ ഫിലിം പരിശോധിച്ചശേഷം കുട്ടിയുടെ പ്ലാസ്റ്ററിടാൻ നിർദേശിച്ചു. സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ മണിക്കൂറുകൾക്കുശേഷം വലതു കാലിൽ പ്ലാസ്റ്ററിട്ട് മാതാപിതാക്കളെ ഏൽപ്പിച്ചു. ചികിൽസ കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയ കുട്ടിക്കു നേരേ നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് കാര്യം പിടികിട്ടാതെ മാതാപിതാക്കൾ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്. വീണ്ടും പരിശോധന നടത്തിയപ്പോൾ കുട്ടിക്ക് ഇടതുകാലിനാണ് പരിക്കെന്നു മനസിലായി. പിന്നീട് വലതുകാലിലെ പ്ലാസറ്റർ പൊളിച്ചുമാറ്റി ഇടതുകാലിൽ പുതിയത് വയ്ക്കുകയും ചെയ്തു.

ആലപ്പുഴ ചാത്തനാട് വാർഡിൽ വെളിവത്തുശേരിയിൽ അനിൽ -മേഴ്‌സി ദമ്പതികളുടെ മകനായ ആരോണിനാണ് ഈ ദുർഗതി ഉണ്ടായത്. വീട്ടിൽ പിതാവിന്റെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറാൻ ശ്രമിച്ചപ്പോഴാണ് ആരോണിന് ഇടതുകാലിന് ക്ഷതമേറ്റത്. ഇപ്പോൾ ആരോണിന് രണ്ടുകാലിനും കടുത്ത വേദന അനുഭവപ്പെടുകയാണ്. പിഞ്ചുകുഞ്ഞിനെ ദുരിതത്തിലേക്കു തള്ളിവിട്ട ജീവനക്കാർക്കെതിരെ ഇന്നലെ ആശുപത്രിവളപ്പിൽ രോഗികളും കൂട്ടിരിപ്പുകാരും നാട്ടുകാരും ചേർന്ന് കനത്ത പ്രതിഷേധ പ്രകടനമാണ് നടത്തിയത്.

നേരത്തെയും വണ്ടാനം മെഡിക്കൽ കോളേജിന്റെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾമൂലം ജീവൻപൊലിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്. രണ്ടുമാസം മുമ്പ് എക്‌സ്‌റേ എടുക്കാൻ കൊണ്ടുവന്ന കാൻസർ രോഗി ടേബിളിൽനിന്നും തെറിച്ചു വീണ് മരിച്ചിരുന്നു. പിന്നീട്, ആസ്മ രോഗിയെ ഇ സി ജിക്കായി കൊണ്ടുവന്നപ്പോൾ ദീർഘനേരം കാത്തിരുത്തിയതിന്റെ ഫലമായി ഡോക്ടർ പരിശോധനയ്ക്കായെത്തിയപ്പോൾ രോഗി മരിച്ചിരുന്നു. ഇതിനെതിരെ കനത്ത പ്രതിഷേധം നിലനിൽക്കെയാണ് ഇന്നലെ പിഞ്ചുകുഞ്ഞിന്റെ കാലിൽ ജീവനക്കാരുടെ കെടുകാര്യസ്ഥത അരങ്ങേറിയത്. മാതാപിതാക്കൾ ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.