ആലപ്പുഴ: ഒരു കൊലപാതകം പൊലീസിനെ വട്ടം ചുറ്റിക്കാൻ തുടങ്ങിയിട്ടു 11 ദിവസമായി. ആളുമാറി വെട്ടിക്കൊന്നതെന്ന് ആദ്യം വാർത്ത വന്നു. അങ്ങനെയല്ലെന്നു പിടിയിലായ പ്രതികൾ ആണയിടുന്നു. എങ്കിൽപ്പിന്നെ കൊല്ലാൻ കാരണമെന്തെന്നു ചോദിച്ചിട്ട് പ്രതികൾക്കു മിണ്ടാട്ടമില്ല. ക്വട്ടേഷൻകാരായ 10 പ്രതികളിൽ ആറിനെയും പിടികൂടി ദിവസങ്ങളോളം കൈകാര്യം ചെയ്തിട്ടും ചുരുളഴിക്കാനാവാതെ കുഴങ്ങുകയാണ് പൊലീസ്. ഇതിനിടെ ഭർത്താവിന്റെ ഘാതകരെ പിടികൂടണമെന്ന ആവശ്യവുമായി ഭാര്യ രംഗത്തിറങ്ങി. എന്നിട്ടും കൊലപാതകത്തിന് കാരണം കണ്ടെത്താതെയും പിടിയിലായതു യഥാർത്ഥ പ്രതികളാണോയെന്ന് ഉറപ്പു വരുത്താതെയും പൊലീസ് വട്ടം ചുറ്റുന്നതിൽ ദുരൂഹത.

കഴിഞ്ഞ 23 നാണ് ആലപ്പുഴ പഴവീട് ക്ഷേത്രോൽസവത്തിനിടയിൽ പുന്നപ്ര കുറവൻതോട് നന്ദനത്തിൽ പുഷ്‌കരന്റെ മകൻ അനീഷ്‌കുമാർ (43) വെട്ടേറ്റു മരിച്ചത്. ഭർത്താവിനെ വധിക്കാനുണ്ടായ കാരണം തേടിയാണ് അനീഷ് കുമാറിന്റെ ഭാര്യ ജയന്തി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. അനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ പൊലീസിന് ഇനിയും പിടിക്കാൻ കഴിഞ്ഞിട്ടില്ല. കനത്ത രാഷ്ട്രീയ ഇടപെടലുകൾ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് തടസമാവുകയാണ്. കേന്ദ്രം ഭരിക്കുന്ന പ്രധാനപാർട്ടിയുടെ അനുയായിയായ ഗുണ്ടയെ പിടിക്കാൻ പൊലീസ് മടിക്കുന്നു. ഇയാൾ പട്ടണത്തിലെ സ്വർണവ്യാപാരികളുടെ പ്രിയപ്പെട്ടവനാണ്. വ്യാപാരാവശ്യങ്ങൾക്കായി ഇയാളെ ചിലർ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇയാളെ കേസിൽനിന്നും ഒഴിവാക്കാനുള്ള പണവുമായി ഇവർ സ്റ്റേഷൻ വരാന്തയിൽ ചുറ്റിയടിക്കുകയാണ്. ഇയാൾക്ക് പകരം പ്രതികളെയും നൽകിക്കഴിഞ്ഞു. സ്വർണ പണക്കൊഴുപ്പിൽ പൊലീസ് വീണെന്നും വീണില്ലെന്നും രണ്ടഭിപ്രായം ഉയരുന്നുണ്ട്.

പത്തു പ്രതികളുള്ള കേസിൽ പൊലീസ് ഇതുവരെയും ആറുപേരെയാണ് പിടികൂടിയിട്ടുള്ളത്. പ്രധാന പ്രതികളായ നാലുപേർ പുറത്ത് വിലസുകയാണ്. പൊലീസിന്റെ നീക്കത്തിനെതിരെ മാദ്ധ്യമ പ്രവർത്തകർ രംഗത്തെത്തിയപ്പോൾ പൊലീസിന് പറയാൻ ഒന്നുമില്ലായിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴയിൽ അഭ്യന്തര മന്ത്രി പങ്കെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആരോപണത്തെ തുടർന്ന് പൊലീസ് ചീഫ് അന്വേഷണ സംഘത്തെ വിളിച്ചുവരുത്തി ശാസിച്ചത് നാണക്കേടായി.

ഏറെ നാൾ പ്രവാസ ജീവിതം നയിച്ച അനീഷ് നാട്ടിൽ കൂലിവേല ചെയ്ത് കുടുംബം പുലർത്തുകയായിരുന്നു. ഇതിനിടെയാണ് ഭാര്യ ജയന്തി, മകൻ അജിത്ത്, മകൾ ആര്യ എന്നിവരുമായി ഉൽസവം കാണാനായി ഭാര്യാവീടിനടുത്തുള്ള അമ്പലമുറ്റത്തെത്തിയത്. അനീഷ് കുടുംബത്തോടൊപ്പം കുറച്ചുനേരം അമ്പലപ്പറമ്പിൽ ചെലവിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ ഉൽസപറമ്പിൽ നടന്ന പടയണിയിൽ ഉണ്ടായ വാക്കുതർക്കത്തിൽ ഏർപ്പെട്ടവരെ സമാധാനിപ്പിക്കാൻ അനീഷ് ചെന്നിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആരും വിശ്വസിക്കാത്ത ഈ നുണക്കഥ പൊലീസിനുതന്നെ നാണക്കേടായി.

തൊട്ടടുത്ത വീട്ടിലേക്ക് പുറപ്പെട്ട അനീഷിനെയും കുടുംബത്തെയും ക്വട്ടേഷൻ സംഘം ബൈക്കിൽ പിന്തുടർന്നിരുന്നുവെന്ന് പറയപ്പെടുന്നു. വീടിനു തൊട്ടിരികിലെത്തിയപ്പോൾ വെട്ടിവീഴ്‌ത്തുകയും ചെയ്തു. ആളുമാറി എന്ന പ്രചാരം ഇപ്പോൾ ബലപ്പെടുകയാണ്. കാരണം അനീഷ്‌കുമാർ സാധാരണക്കാരനായിരുന്നു. ജീവിതത്തിലൊരു തവണപോലും ഒരു പെറ്റിക്കേസു പോലുമുണ്ടായിട്ടില്ല, വാക്കുതർക്കത്തിൽപോലുമേർപ്പെടാത്ത തനി നാട്ടുംപുറത്തുകാരൻ. ഇയാളെങ്ങനെ ക്വട്ടേഷൻ സംഘത്തിന്റെ കെണിയിൽപ്പെട്ടു. അല്ലെങ്കിൽ എങ്ങനെ സംഘത്തിന്റെ ശത്രുവായി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഷയിൽ ഇയാൾ പച്ചവെള്ളം ചവച്ചിറക്കുന്ന പഞ്ചപാവം.

ഇയാളെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് പ്രതികളെ ചോദ്യം ചെയ്തിട്ടും പൊലീസിന് ഉത്തരം ലഭിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ വിചിത്രമായത്. നാലുദിവസത്തോളം ചോദ്യം ചെയ്തിട്ടും ഉത്തരം കിട്ടാത്ത പൊലീസ് ഒടുവിൽ കസ്റ്റഡിയിലെടുത്തവരെ കോടതിയിൽ ഏൽപ്പിച്ച് തടിയൂരി. ആളുമാറി കൊന്നതാണെങ്കിൽ അനീഷിന് പകരം കൊല്ലേണ്ടിയിരുന്നതാരെയാണെന്ന കാര്യം പൊലീസിനെ കുഴക്കുന്നു. അയാൾ ആലപ്പുഴ പട്ടണത്തിൽ ജീവനോടെയുണ്ടോ ? അനീഷിനെ കൊലപ്പെടുത്തിയത് പിടിക്കപ്പെട്ടവർ തന്നെയോ?.