ആലപ്പുഴ : പരിചയക്കാരോടു ചിരിച്ചു കുശലം പറഞ്ഞു, കടയിൽ കയറി സർബത്തു കുടിച്ചു, പിന്നെ റെയിൽപാളത്തിലേക്കു കയറി, ട്രെയിൻ വന്നപ്പോൾ ദമ്പതിമാർ പരസ്പരം കെട്ടിപ്പുണർന്നു നിന്നു. പൂർണഗർഭിണിയായ യുവതി ഭർത്താവുമായി ഇന്നലെ ആത്മഹത്യ ചെയ്തതിങ്ങനെ. ആലപ്പുഴ തുമ്പോളി വികസനത്തിൽ കോയിക്കൽ പറമ്പിൽ പരേതനായ സുധന്റെ മകൻ സുനീഷ് (സുനിൽ- 31), ഭാര്യ ജീന (29) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ആലപ്പുഴ തുമ്പോളി റെയിൽവേ സ്‌റ്റേഷനു സമീപം ട്രാക്കിൽ ജീവനൊടുക്കിയത്. പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഒരുനോക്കുകാണാൻ പോലും കാത്തുനിൽക്കാതെയാണ് ഈ ദമ്പതികൾ മരിച്ചത്. പ്രസവത്തിനായി അടുത്തദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെയാണ് ജീനയും ഭർത്താവും ജീവനൊടുക്കാൻ തീരുമാനിച്ചത്.

ഗർഭിണിയെ ദിവസങ്ങളോളം പട്ടിണിക്കിടുമായിരുന്നെന്നും അയൽപക്കക്കാരുമായി യാതൊരു ബന്ധവും ഉണ്ടാക്കാതെയും പുറത്തേക്കിറങ്ങാൻ അനുവദിക്കാതെയുമിരിക്കുമായിരുന്നുവെന്നാണ് ഇതുസംബന്ധിച്ചു പൊലീസിനു ലഭിച്ചിരിക്കുന്ന മൊഴി്. വ്യത്യസ്ത മതവിഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു സുനീഷും ജീനയും. 2013 ലാണ് പ്രണയത്തെ തുടർന്ന് സുനീഷ് മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ ചേന്നവേലി സ്വദേശിയായ ജീനയെ പരസ്പര സമ്മതപ്രകാരം വീട്ടിൽനിന്നും ഇറക്കിക്കൊണ്ടുവന്നത്.

വീട് വിട്ടിറങ്ങിയ യുവതിയെ പിന്നെ ഇവരുടെ വീട്ടുകാർ അംഗീകരിച്ചില്ല. കാരണം കീഴ്ജാതിക്കാരനായ സുനീഷിനെ അംഗീകരിക്കാൻ വീട്ടുകാർക്കായില്ല. ഇതുതന്നെയായിരുന്നു സുനീഷിന്റെ വീട്ടിലെ സ്ഥിതിയും. അച്ഛൻ മരിച്ചുപോയ സുനീഷിന് ഏക ആശ്രയം അമ്മയായിരുന്നു. സഹോദരിയെ വിവാഹം കഴിച്ചയച്ചതിനുശേഷം സുനീഷും മാതാവും മാത്രമായിരുന്നു വീട്ടിൽ താമസം. ഇവിടെയാണ് വിവാഹശേഷം ജീനയും താമസിച്ചിരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ജീനയും അമ്മായിയമ്മയുമായി നിരന്തരം വഴക്കിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൂന്നുദിവസമായി ജീനയ്ക്ക് ആഹാരവും നൽകിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ജീന ഭർത്താവുമൊന്നിച്ച് വിട്ടിൽനിന്നിറങ്ങി തൊട്ടടുത്ത തുമ്പോളി ജംഗ്ഷനിലെത്തുകയായിരുന്നു. വഴിയിൽ കണ്ട പരിചയക്കാരോട് കുശലം പറഞ്ഞ്, ് സമീപത്തെ കടയിൽനിന്നും സർബത്ത് കുടിച്ചശേഷം ട്രെയിൻ വരുന്ന സമയം അന്വേഷിച്ചിരുന്നതായി കട ഉടമ പറഞ്ഞു. പിന്നീട് ട്രാക്കിനടുത്തെത്തിയ ഇവർ ട്രെയിൻ എത്തിയതോടെ പാളത്തിലേക്ക് ഇറങ്ങി കെട്ടിപ്പുണർന്ന് മരണം വരിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.