- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലിൽ തത്സമയം കണ്ടിരിക്കാം; മുറിയിൽ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു; മൊബൈലിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടർന്ന് പൊലീസ്; സംഭവ ദിവസം വൈകീട്ട് കാമുകിയായ ഷഹാനയും ക്വാർട്ടേഴ്സിലെത്തി; നജ്ലയുമായി വഴക്കിട്ടു, പിന്നാലെ കൂട്ട ആത്മഹത്യയും
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്ത സംഭവം പൊലീസുകാരനായ ഭർത്താവ് തത്സമയം കണ്ടിരിക്കാമെന്ന് പൊലീസിന്റെ നിഗമനം. ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ നടന്ന കൂട്ട ആത്മഹത്യയിലെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലിൽ തത്സമയം കണ്ടതായാണ് പൊലീസ് നൽകുന്ന സൂചന.
ഭാര്യ ആത്മഹത്യ ചെയ്ത മുറിയിൽ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. മെയ് ഒൻപതിനാണ് റെനീസിന്റെ ഭാര്യ നജ്ലയെ ആലപ്പുഴ ഏ ആർ ക്യാമ്പ് പൊലീസ് ക്വർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവും പൊലീസുകാരനുമായ റെനീസിന്റെ നിരന്തരമായ പീഡനവും പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയിൽ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ് പൊലീസ് നൽകുന്ന സൂചന.
സംഭവ ദിവസം വൈകീട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിൽ എത്തിയിരുന്നു. റെനീസിന്റെ നിർദേശപ്രകാരമാണ് ഷഹാന എത്തിയത്. തന്നെയും ഭാര്യ എന്ന നിലയിൽ കണ്ട് ക്വാർട്ടേഴ്സിൽ താമസിപ്പിക്കാൻ അനുവദിക്കണമെന്ന് ഷഹാന ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഷഹാനയും നജ്ലയും തമ്മിൽ വഴക്കിട്ടു. പിന്നീട് രാത്രിയോടെയാണ് നജ്ല കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഈസമയം ആലപ്പുഴ മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ജോലിയിലായിരുന്നു റെനീസ്. ക്വാർട്ടേഴ്സിൽ നടന്ന സംഭവങ്ങൾ റെനീസ് തത്സമയം മൊബൈലിലൂടെ കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിനെയാണ് പൊലീസ് സമീപിച്ചത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.
റെനീസ് നെജ്ലയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് അയൽക്കാരും ബന്ധുക്കളും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ കേസ് കൊടുത്തെങ്കിലും പിന്നീട് ഒത്തുതീർപ്പായി. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. 8 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 4 വർഷമായി പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. റെനീസും നജ്‌ലയും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ