- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ നഗരത്തിലെത്താതെ ഇനി തെക്കോട്ടും വടക്കോട്ടും എളുപ്പത്തിൽ യാത്ര ചെയ്യാം; ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായി; നാടിന് സമർപ്പിച്ചത് കേന്ദ്ര ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന്; വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ; സമയം ഓർമിപ്പിച്ച് പിണറായിയും
ആലപ്പുഴ: ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായി.
ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു.
ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-47) കളർകോടുമുതൽ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 4.8 കിലോമീറ്റർ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേൽപ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടൽത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്രചെയ്യാം.
348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമ്മിച്ച ബൈപ്പാസിന്റെ നിർമ്മാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. ലൈറ്റ് സ്ഥാപിക്കാനും മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേയ്ക്ക് നൽകിയ 7 കോടിയും കൂടി ചേർത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയിൽ 92 വഴിവിളക്കുകൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 412 വിളക്കുകളുണ്ട്.
1990ലാണ് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. പല കാരണങ്ങളാൽ പണി നീളുകയായിരുന്നു. 35 വർഷം കൊണ്ട് ബൈപാസ് നിർമ്മാണത്തിന്റെ 20 ശതമാനമാണ് തീർന്നതെങ്കിൽ 5 കൊല്ലം കൊണ്ടാണ് ബൈപാസ് നിർമ്മാണം 100 ശതമാനം പൂർത്തിയായതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.
കോൺഗ്രസിനെ വിമർശിച്ച് ജി.സുധാകരൻ
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. റോഡിൽ അല്ല ജനഹൃദയങ്ങളിൽ ഫ്ലക്സ് വെക്കാൻ പറ്റണമെന്ന് സുധാകരൻ പറഞ്ഞു. കേന്ദ്രവും കേരളവും ഒരുമിച്ച് ഭരിച്ചിട്ടും കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും മന്ത്രി വിമർശിച്ചു. ആലപ്പുഴ ബൈപ്പാസ് നിർമ്മാണത്തിൽ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്തുവെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്രവും കേരളവും തമ്മിൽ യോജിച്ച് പ്രവർത്തിച്ചതിന്റെ നേട്ടം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. ഇതിന് പ്രത്യേക അവകാശവാദമൊന്നുമില്ല. ആർക്ക് വേണമെങ്കിലും ആത്മാർത്ഥതയും പ്രതിബദ്ധതയുമുണ്ടെങ്കിൽ ചെയ്യാമായിരുന്നു. അപ്പോൾ ചെയ്യാതിരുന്നത് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടും പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടുമാണ്. രാഷ്ട്രീയപ്രവർത്തനം മാത്രം നടത്തി ജീവിച്ചിട്ടുള്ള രാഷ്ട്രീയക്കാർക്ക് ഇതിന് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് ഒരു പാർട്ടി. കേരളം ഭരിക്കുന്നത് വേറൊരു പാർട്ടി. രണ്ടിടത്തും ഒരു കൂട്ടർ ഭരിച്ചപ്പോൾ എന്തുകൊണ്ട് ഇത് നടന്നില്ല എന്നല്ലേ അവർ പരിശോധിക്കേണ്ടത്. ലോഡു കണക്കിന് ഫ്ളക്സ് കൊണ്ടുവന്ന് വെച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ജനഹൃദയങ്ങളിൽ ഫ്ളക്സ് വെക്കാൻ കഴിയില്ല. നിങ്ങൾക്ക് മരത്തിൽ കെട്ടാൻ മാത്രമേ പറ്റൂവെന്ന് സുധാകരൻ പറഞ്ഞു.
ഞങ്ങളാരും, താനോ തോമസ് ഐസക്കോ ഒരു ഫ്ളക്സ് പോലും വെച്ചില്ലെന്നും മന്ത്രി പറഞ്ഞു. കെ സി വേണുഗോപാലിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് നടത്തിയ പ്രകടനത്തെ വിമർശിച്ചാണ് സുധാകരന്റെ പ്രസംഗം. സുധാകരന്റെ പ്രസംഗം നീണ്ടുപോയപ്പോൾ മുഖ്യമന്ത്രി ഇടപെടുകയും, സമയം...സമയം... എന്നു പറഞ്ഞ് പ്രസംഗം ചുരുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ