ആലപ്പുഴ: ആലപ്പുഴ ഡിസിസിയുടെ ഫെയ്‌സ് ബുക്ക് പേജ് നേതാവ് ഹൈജാക്ക് ചെയ്തുവെന്ന് പരാതി. ഗ്രൂപ്പ് വടംവലിക്കിടെ ആലപ്പുഴയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജ് പേര് മാറ്റി സംസ്ഥാന നേതാവ് സ്വന്തമാക്കിയെന്നാണ് പരാതി. ഇതിനെതിരേ ഹൈക്കമാൻഡിനെ സമീപിക്കാനുള്ള നീക്കത്തിലാണ് എതിർപക്ഷം.

ഡി.സി.സി ആലപ്പുഴ എന്ന പേരിലുണ്ടായിരുന്ന പേജ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറിന്റെ പേരിലേക്ക് മാറ്റിയതാണു തർക്കത്തിനു കാരണം. നിലവിലെ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് രമേശ് ചെന്നിത്തലയുമായും കെ.പി. ശ്രീകുമാർ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായും അടുത്ത ബന്ധം പുലർത്തുന്നവരാണ്.

പുനഃസംഘടനാ വേളയിൽ ശ്രീകുമാറിനെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റാക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ചെന്നിത്തലയുടെ സമ്മർദത്തെ തുടർന്നാണു ബാബു പ്രസാദ് അധ്യക്ഷനായത്. ഡി.സി.സി ആലപ്പുഴ എന്ന ഫേസ്‌ബുക്ക് പേജ് ഡി.സി.സി. മുൻ പ്രസിഡന്റ് എം. ലിജുവിന്റെ കാലത്ത് ആരംഭിച്ചതാണ്. പാർട്ടിയുടെ പരിപാടികളെല്ലാം ഈ പേജിലൂടെ വീഡിയോകളായും ചിത്രങ്ങളായും പോസ്റ്റ് ചെയ്തിരുന്നു.

ഇരുപത്തിരണ്ടായിരത്തിലേറെ ഫോളോവേഴ്സും ഈ പേജിനുണ്ടായിരുന്നു. ഇതാണു കഴിഞ്ഞ ദിവസം കെ.പി ശ്രീകുമാർ എന്ന പേരിലേക്ക് മാറ്റിയത്. എന്നാൽ പ്ര?ഫൈൽ ചിത്രം നിലവിലെ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദിന്റെ തന്നെയാണെന്നതും ശ്രദ്ധേയമാണ്. ഇതിനെതിരെ ചില കോൺഗ്രസുകാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇതോടെയാണ് വിഷയം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.